കേരളത്തില്‍ ഇൻ‌കാ പീനട്ട് കൃഷിയ്ക്ക് പ്രചാരമേറുന്നു; വള്ളിച്ചെടികളിലെ പുതുമുറക്കാരനെ പരിചയപ്പെടാം

കേരളത്തില്‍ ഇൻ‌കാ പീനട്ട് കൃഷിയ്ക്ക് പ്രചാരമേറുന്നു; വള്ളിച്ചെടികളിലെ പുതുമുറക്കാരനെ പരിചയപ്പെടാം. നക്ഷത്രത്തിന്റെ ആകൃതിയിലുള്ള ചെറുകായ്കളാണ് ഇന്‍കാ പീനട്ടിന്റെ പ്രത്യേകത. ലാറ്റിനമേറ്റിക്കൻ രാജ്യങ്ങളായ സുറിനം, ബോളീവിയ, വെനസ്വേല, പെറു എന്നിവിടങ്ങളിലെ മഴക്കാടുകളില്‍ ധാരാളമായി കാണപ്പെടുന്ന വള്ളിച്ചെടിയാണ് ഇന്‍കാ പീനട്ട്. അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നാണ് ഇത് കേരളത്തിലെത്തിയതെന്ന് കരുതുന്നു. സച്ചിനട്ട് എന്നും ഇൻകാ നട്ടിന് പേരുണ്ട്.

മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ആമസോണിന്റെ കരകളിലും മറ്റും ആദിവാസികള്‍ ഇത് കൃഷി ചെയ്തിരുന്നു. ചെറുമരങ്ങളിലും പന്തലുകളിലുമൊക്കെ പടര്‍ന്നു കയറുന്ന ഇന്‍കാ പീനട്ട് അധിക പരിചരണമൊന്നും ഇല്ലാതെതന്നെ ദീര്‍ഘകാല വിളവുതരുന്നു. കായ്കള്‍ വള്ളിയില്‍നിന്നു തന്നെ വിളഞ്ഞുണങ്ങുമ്പോള്‍ ശേഖരിച്ച് പുറത്തെ തോട് നീക്കം ചെയ്ത് അകത്തെ ചെറുവിത്തുകള്‍ വറുത്തു കഴിക്കാം.

കടലയുടെ രുചിയോടാണ് ഈ വിത്തുകളുടെ രുചിയ്ക്ക് സാമ്യം. വിവിധ പോഷകങ്ങളുടേയും ഫാറ്റി ആസിഡുകളുടേയും കലവറയായ ഇൻകാ പീനട്ട് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇപ്പോൾ പലരാജ്യങ്ങളിലും വാണിജ്യമായി കൃഷിചെയ്തുവരുന്നു. വിത്തിൽ നിന്നുവേർതിരിക്കുന്ന എണ്ണയും, പൗഡറും ഭക്ഷ്യാവശ്യങ്ങൾക്ക് വ്യാപകമായി ഉപയോഗിച്ചുവരുന്നു.

വളെര പേഷകമൂല്യമുള്ള ഇൻകാ പീനട്ട് നമ്മുടെ നാട്ടിലും നന്നായി വളരുകയും കായ്ക്കുകയും ചെയ്യും. കൃഷിചെയ്യാന്‍ സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള സ്ഥലം തിരഞ്ഞെടുക്കണം. ജൈവളങ്ങള്‍ ചേര്‍ത്ത് തടമൊരുക്കി തൈകള്‍ നടുകയോ വിത്ത് നേരിട്ട് പാകി കിളിര്‍പ്പിക്കുകയോ ചെയ്യാം. പടര്‍ന്നുവളരാന്‍ സൗകര്യമൊരുക്കണം. വേനലിലാണ് കായ്കള്‍ പാകമാകുന്നത്.

വിത്തുപാകി 5 മുതൽ 6 മാസങ്ങൾക്കുളല്ലിൽ ഇവ പൂവിടുകയും അതിനു ശേഷം 3 ആം മാസത്തിൽ വിളവെടുപ്പിന് പാകമാകുകയും ചെയ്യും. കായകൾക്കുള്ളിൽ 5 മുതൽ 7 വരെ വിത്തുകൾ കാണും. വറുക്കാത്ത കായകൾ ഭക്ഷ്യയോഗ്യമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

Also Read: കരാർ കൃഷി നിയമത്തിന്റെ മാതൃക അവതരിപ്പിച്ച് കേന്ദ്ര സർക്കാർ; കർഷർക്ക് വരുമാനം ഉറപ്പാക്കുന്നതിൽ ഊന്നൽ