വീടിന് അഴകും മനസിന് സന്തോഷവും നൽകാൻ ഇനി ആട്ടുകൊട്ടപ്പാല

വീടിന് അഴകും മനസിന് സന്തോഷവും നൽകാൻ ഇനി ആട്ടുകൊട്ടപ്പാല. വീടുകളിൽ കമാനങ്ങളിലും പൂമുഖങ്ങളിലും പടർത്താൻ അനുയോജ്യമായ വള്ളിച്ചെടിയാണ് ആട്ടുകൊട്ടപ്പാല. ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മാര്‍, തായ്ലാന്‍ഡ്, കംബോഡിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും ഈ വള്ളിച്ചെടിക്കാരിയെ അലങ്കാര സസ്യമായി ഉപയോഗിച്ചു വരുന്നു.

ഏകദേശം പത്തു മീറ്ററോളം നീളത്തില്‍ പടർന്നു കയറുന്ന വള്ളികളാണ് ആട്ടുകൊട്ടപ്പാലയുടേത്. മൂന്നുമുതല്‍ പത്തുവരെ പൂക്കള്‍ വിരിയുന്ന ചെറു പൂങ്കുലകളാണ് പ്രധാന ആകർഷണം. കേരളത്തിലെ കാലാവസ്ഥയില്‍ ഡിസംബര്‍ മുതല്‍ ഏപ്രില്‍വരെയാണ് ആട്ടുകൊട്ടപ്പാലയ്ക്ക് പൂക്കാലം. അജശൃംഗി, ഭദ്രവള്ളി എന്നീ പേരുകളിൽ സംസ്കൃത ഗ്രന്ഥങ്ങളിൽ മരുന്നായും ആട്ടുകൊട്ടപ്പാലയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.

ആല്‍ക്കലോയിഡുകള്‍, ട്രൈറ്റര്‍പീനുകള്‍, ഫാറ്റി ആസിഡുകള്‍, കാര്‍ഡിയാക് ഗ്ലൈക്കോസൈഡുകള്‍ തുടങ്ങിയവയുടെ കലവറയായതിനാൽ വ്രണം, മുറിവ്, ത്വക്​രോങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്ക് ഉത്തമമാണ് ഈ വള്ളിച്ചെടി. ആട്ടുകൊട്ടപ്പാലയുടെ ഇലകളും പുറംപട്ടയും കാന്‍സര്‍ രോഗ ചികിത്സയിലും ഹൃദയചികിത്സയിലും ഉപയോഗിക്കുന്നു. കൂടാതെ നാടൻ വേദനസംഹാരിയായും ആട്ടുകൊട്ടപ്പാല ഉപയോഗിക്കാം.

നല്ല സൂര്യപ്രകാശം ലഭിക്കുന്നതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് ഈ ചെടിക്കാവശ്യം. ഇടത്തരം മൂപ്പുള്ള കമ്പുകള്‍ മുറിച്ചുനട്ടാണ് പ്രജനനം. പൊളിത്തീന്‍ കവറുകളില്‍ ചുവന്ന മണ്ണ്, ചാണകപ്പൊടി, പുഴമണല്‍ എന്നിവ തുല്യാനുപാതത്തില്‍ ചേര്‍ത്തിളക്കിയ മിശ്രിതം നിറച്ചശേഷം ഏകദേശം ഒരിഞ്ച് നീളംവരുന്ന കമ്പുകള്‍നട്ട് വേരുപിടിപ്പിക്കാം. ഇത്തരത്തില്‍ വേരുപിടിച്ചെടുത്ത തൈകള്‍ ഉദ്യാനങ്ങളില്‍ ഒന്നരയടി സമചതുരത്തില്‍ കുഴികളെടുത്ത് ചാണകമോ കമ്പോസ്റ്റോ അടിവളമായി ചേര്‍ത്ത് മഴക്കാലം എത്തുന്നതോടെ നടണം.

Also Read: ആദായവും ആരോഗ്യവും തരും കാടക്കൃഷി; കാടവളർത്തലിനെക്കുറിച്ച് അറിയേണ്ടതെല്ലാം

Image: pachathullen.blogspot.in