ഭക്ഷണത്തിന് സുഗന്ധവും നാവിന് രുചിയും പകരുന്ന ആഫ്രിക്കൻ മല്ലി വീട്ടിൽ നട്ടുവളർത്താം

ഭക്ഷണത്തിന് സുഗന്ധവും നാവിന് രുചിയും പകരുന്ന ആഫ്രിക്കൻ മല്ലി വീട്ടിൽ നട്ടുവളർത്താം. നീളന്‍ കൊത്തമല്ലി, മെക്സിക്കന്‍ മല്ലി, ശീമ മല്ലി എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്ന ആഫ്രിക്കന്‍ മല്ലി ഭക്ഷണത്തിന് രുചിയും സുഗന്ധവും നൽകുന്ന കാര്യത്തിൽ പുതിനയേക്കാളും മല്ലിയിലയേക്കാളും ഒരുപടി മുന്നിലാണ്.

കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്നതിനാൽ അടുക്കളത്തോട്ടങ്ങളിൽ നടാൻ അനുയോജ്യമാണ് ഈ ഇലവർഗക്കാരി. ഒരടിവരെ നീളമുള്ളതും നല്ല പച്ച നിറമുള്ളതും മിനുസമുള്ളതുമായ ഇലകളാണ് ആഫ്രിക്കന്‍ മല്ലിക്കുള്ളത്. അരികില്‍ മുള്ളുകളുള്ള ഇവയുടെ മധ്യത്തില്‍ നിന്ന് 10-12 സെന്റിമീറ്റര്‍ നീളത്തില്‍ പൂക്കള്‍ കുലകളായി വളരും. ഇളം മഞ്ഞ നിറത്തില്‍ നൂറുകണക്കിന് പൂക്കള്‍ ഒരു ചെടിയിൽ ഉണ്ടാകാറുണ്ട്.

തൈകള്‍ തയാറാക്കിയും വിത്ത് നേരിട്ടു നട്ടും ആഫ്രിക്കന്‍ മല്ലി കൃഷി ചെയ്യാം. ട്രേയിലോ കവറുകളിലോ വിത്ത് നട്ടു തയാറാക്കുന്ന തൈകള്‍ മൂന്നില പ്രായത്തിലാകുമ്പോള്‍ പറിച്ചു നടണം. വിത്ത് നേരിട്ടാണ് നടുന്നതെങ്കില്‍ കൃഷിയിടത്തില്‍ കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് കിളച്ച് പരുവപ്പെടുത്തിയ തടത്തിൽ വേണം നടാൻ.

മണലുമായി ചേര്‍ത്തു തൈകള്‍ നേരിട്ട് ഈ തടങ്ങളില്‍ നടാം. വേനലില്‍ നനച്ചു കൊടുക്കണം. തണലുള്ള സ്ഥലത്താണ് ആഫ്രിക്കന്‍ മല്ലി നടേണ്ടത്. വെയില്‍ നന്നായി കിട്ടുന്ന സ്ഥലത്താണെങ്കില്‍ മല്ലി പെട്ടെന്നു പൂത്ത് കായ്ക്കുമെങ്കിലും ഇലകളുടെ എണ്ണം കുറവായിരിക്കും. അതേസമയം തണൽ ലഭിക്കുന്ന സ്ഥലത്താണെങ്കില്‍ ഇലകൾ ധാരാളമായുണ്ടാകും. നട്ട് രണ്ടാം മാസം മുതല്‍ ഇലകള്‍ പറിച്ചു തുടങ്ങാം.

ഇരുമ്പ്, കാത്സ്യം, റിബോഫ്‌ളേവിന്‍, കരോട്ടിന്‍ എന്നിവയുടെ കലവറകൂടിയാണ് ആഫ്രിക്കൻ മല്ലി. വിത്ത്, ഇല, വേര് എന്നിവയിലും ഗുണകരമായ നിരവധി തൈലങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇലകളില്‍നിന്ന് തയ്യാറാക്കുന്ന കഷായം നീര്‍ക്കെട്ടിനും വേരില്‍നിന്നും തയ്യാറാക്കുന്ന കഷായം വയറുവേദനയ്ക്കും ഉത്തമമാണ്. പനി, ഛര്‍ദി, പ്രമേഹം എന്നിവയ്ക്കും മല്ലിയിലയിട്ട് തിളപ്പിച്ച ചായ ഔഷധമായി ഉപയോഗിക്കാറുണ്ട്.

Also Read: മഴയത്തും വെയിലത്തും കാറ്റത്തും പച്ചക്കറി കൃഷി ചെയ്യാം; മഴമറി കൃഷിരീതിയിലൂടെ

Image: pixabay.com