മലയോര മേഖലയിലെ ചെറുതാരമായി ആഫ്രിക്കന്‍ മല്ലിയില

മലയോര മേഖലയിലെ ചെറുതാരമായി ആഫ്രിക്കന്‍ മല്ലിയില. കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്നതാണ് നീളന്‍ കൊത്തമല്ലിയെന്നും മെക്‌സിക്കന്‍ മല്ലിയെന്നും ശീമ മല്ലിയെന്നുമൊക്കെ പേരുകളുള്ള ഈ സുഗന്ധ ഇലച്ചെടി. ഭക്ഷണത്തിന് സുഗന്ധവും രുചിയും നല്‍കുന്ന കാര്യത്തിൽ പുതിനയേക്കാളും മല്ലിയിലയേക്കാളും പേരുകേട്ടതാണ് കരീബിയൻ സ്വദേശിയായ ആഫ്രിക്കൻ മല്ലി.

അടുക്കളത്തോട്ടത്തില്‍ നാലു തൈകള്‍ നട്ടുപിടിപ്പിച്ചാല്‍ വര്‍ഷം മുഴുവന്‍ മല്ലിയില ലഭിക്കുമെന്ന മെച്ചവുമുണ്ട്. ഒരടിവരെ നീളമുള്ള നല്ല പച്ചനിറത്തോടുകൂടിയ ഇതിന്റെ ഇലകള്‍ മിനുസമുള്ളതാണ്. ഇലയുടെ മധ്യത്തില്‍നിന്നാണ് ഇളംമഞ്ഞ നിറത്തിൽ പൂങ്കുലകള്‍ വളരുന്നത്. വിത്ത് പൊട്ടിവീഴുന്നതോടെ ധാരാളം തൈകൾ വളരുന്നു.

തൈകൾക്ക് ആവശ്യത്തിന് ആരോഗ്യമാകുമ്പോൾ പോളിത്തീന്‍ ബാഗുകളില്‍ മാറ്റിവളര്‍ത്തി പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിനടാം. വിത്താണ് നടാന്‍ ഉപയോഗിക്കുന്നതെങ്കില്‍ മണലുമായി കൂട്ടിച്ചേര്‍ത്ത് തടങ്ങളില്‍ പാകി തൈകള്‍ തയ്യാറാക്കണം. പ്രധാന കൃഷിയിടം കാലിവളം, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് കിളച്ച് പരുവപ്പെടുത്തിയതിനു ശേഷം വേണം പറിച്ചുനടൽ.

വേനൽച്ചൂടിൽ വാടാതിരിക്കാൻ നനക്കാൻ ശ്രദ്ധിക്കണം. മൂന്നാം മാസം മുതല്‍ ഇല നുള്ളിത്തുടങ്ങാം. ഇരുമ്പ്, കാല്‍സ്യം, കരോട്ടിന്‍ എന്നിവയുടെ കലവറയാണ് ആഫ്രിക്കൻ മല്ലിയിലകൾ. കൂടാതെ വിത്ത്, ഇല, വേര് എന്നിവയില്‍ ഗുണകരമായ തൈലങ്ങള്‍ അടങ്ങിയിട്ടുള്ളതിനാൽ ഇവയിൽ നിന്ന് നീര്‍ക്കെട്ടിനും വയറുവേദനയ്ക്കും മറ്റുമുള്ള കഷായങ്ങളും തയ്യാറാക്കാറുണ്ട്. പനി, ഛര്‍ദി, പ്രമേഹം എന്നിവയുള്ളവർ മല്ലിയില ചായ കുടിക്കുന്നതും നല്ലതാണ്.

Also Read: പാടത്തും പറമ്പിലും മുറ്റത്തും തക്കാളി കൃഷിയാകാം; അൽപ്പം ശ്രദ്ധിച്ചാൽ മതി

Image: medicinalplantsindia.com