പരമ്പരാഗത കർഷകരുടെ കൊഴിഞ്ഞുപോക്ക് തടയാൻ സംസ്ഥാനത്ത് 900 കാർഷിക ക്ലസ്റ്ററുകളുമായി കൃഷി വകുപ്പ്

പരമ്പരാഗത കർഷകരുടെ കൊഴിഞ്ഞുപോക്ക് തടയാൻ സംസ്ഥാനത്ത് 900 കാർഷിക ക്ലസ്റ്ററുകളുമായി കൃഷി വകുപ്പ്.
പരമ്പരാഗത കർഷകരെ കൃഷിയിൽ നിലനിർത്തുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി900 കാർഷിക ക്ലസ്റ്ററുകൾ രൂപീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺഹാളിൽ കർഷകസഭകളുടെ ജില്ലാതല ക്രോഡീകരണവും ഞാറ്റുവേല ചന്തകളുടെ സമാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരമ്പരാഗത കർഷകരിലൂടെ ശാസ്ത്രീയമായി ജൈവ കൃഷി രീതി വ്യാപിപ്പിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ നയം. ഉല്പാദന ചെലവു കുറയ്ക്കാനും അതിലൂടെ മികച്ച വ്യാപാര സംവിധാനങ്ങൾ കാർഷിക മേഖലയിൽ നടപ്പാക്കാനും ഇതിലൂടെ സാധിക്കും. തരിശ് രഹിത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കർഷകരിൽ ബോധവത്ക്കരണം നടത്തും. കാർഷികസഭകളുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കുമെന്നും മന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളേക്കാൾ നെല്ലിന് കൂടുതൽ താങ്ങുവില ലഭിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ നെല്ലിന്റെ താങ്ങുവില 25.30 രൂപയാക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഇത് 17.20 രൂപ മാത്രമാണ്. സംസ്ഥാനത്ത് തരിശ് ഭൂമി ഇല്ലാതാക്കി നെൽകൃഷിയിടങ്ങൾ വർധിപ്പിക്കാനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഉല്പന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നതിനും വേണ്ടിയുമുള്ള പ്രവർത്തനങ്ങൾ അതത് കൃഷിഭവനുകൾ വഴി മെച്ചപ്പെടുത്താൻ ശ്രമിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

Also Read: 2 ലക്ഷം വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളാൻ 34,000 കോടിയുടെ പദ്ധതി; വാക്കു പാലിച്ച് കർണാടകയിൽ കുമാരസ്വാമി സർക്കാർ