കാർഷിക ഉപകരണങ്ങളും ജൈവ പച്ചക്കറിയും നിത്യോപയോഗ സാധനങ്ങളും ഇനി അഗ്രോ ഹൈപ്പർ ബസാറിൽ ഒരു കുടക്കീഴിൽ

കാർഷിക ഉപകരണങ്ങളും ജൈവ പച്ചക്കറിയും നിത്യോപയോഗ സാധനങ്ങളും ഇനി അഗ്രോ ഹൈപ്പർ ബസാറിൽ ഒരു കുടക്കീഴിൽ. കൃഷി വകുപ്പിന്റെ തൃശൂർ ചെമ്പൂക്കാവിലെ അഗ്രോ ഹൈപ്പർ ബസാറിലാണ് കൃഷിക്കാവശ്യമായ യന്ത്രങ്ങൾക്കൊപ്പം, ജൈവ ഉൽപ്പന്നങ്ങൾ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച അഗ്രോ ഹൈപ്പർ ബസാറിൽ കൊയ‌്ത്തിനും വിളവെടുപ്പിനുമുള്ള ട്രാക്ടർ മുതൽ ഉപ്പ്, മുളക്, പപ്പടംവരെയുള്ള മുഴുവൻ സാധനങ്ങളും കാർഷിക സാമഗ്രികളും ലഭിക്കും.  ചെമ്പൂക്കാവ് അഗ്രികൾച്ചറർ കോംപ്ലക്‌സിൽ രണ്ടു നിലകളിലായി രാവിലെ ഒമ്പതുമുതൽ രാത്രി 7.30 വരെയാണ് ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്.

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ മുഖേന നടപ്പാക്കുന്ന കേരളശ്രീ അഗ്രോ ഹൈപ്പർ ബസാർ ഡിസംബറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. ജില്ലയിലെ വിവിധയിടങ്ങളിൽനിന്നും സംസ്ഥാനത്തിനകത്തും പുറത്തുനിന്നുള്ളവർവരെ ഇവിടെയെത്തുന്നു. വിദേശത്തുനിന്നും ആവശ്യക്കാർ ഏറെയാണ‌്.വിത്ത്, വളം, കീടനാശിനി, നടീൽ വസ്തുക്കൾ, ഉൽപ്പന്നങ്ങൾ,  കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, പമ്പ് സെറ്റ്, മറ്റ് ഇറിഗേഷൻ ഉപകരണങ്ങൾ ഇവയെല്ലാം ഗുണമേന്മയോടെ മിതമായ വിലയിൽ ഈ ബസാറിൽനിന്ന് കർഷകർക്കും ലഭിക്കുന്നു.

കൃഷിക്കാവശ്യമായ ചെറുയന്ത്രങ്ങളും വിത്തും വളവുമാണ് പ്രധാന വിൽപ്പന.  കൂടാതെ സർക്കാർ നടപ്പാക്കുന്ന ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും ഇവിടെ ലഭിക്കും. തമിഴ്നാട്, കർണാടകം, ഹിമാചൽപ്രദേശ്, കശ്മീർ തുടങ്ങിയ സ്ഥാപനങ്ങളിലേയും വകുപ്പുകളിലെയും ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. സംസ്ഥാന സർക്കാരിന് കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും അഗ്രോ ഹൈപ്പർ ബസാറിലുണ്ട്.

വിഎഫ്പിസികെയുടെയും, കാർഷിക സർവകലാശാലയുടെയും കൃഷി വകുപ്പിന്റെയും കീഴിലെ ഫാമുകളിൽനിന്നുള്ള വിത്തുകൾ, ഹൈബ്രിഡ് വിത്തുകൾ,ചെടിച്ചട്ടികൾ, പോട്ടിങ് മിശ്രിതം, ചാണകപ്പൊടി, കോഴിവളം, മണ്ണിര കമ്പോസ്റ്റ്, മറ്റ് ജൈവ വളങ്ങൾ, വേപ്പിൻ പിണ്ണാക്ക്, ബയോ ഫെർട്ടിലൈസേഴ്സ്, ജൈവ കീടനാശിനികൾ തുടങ്ങിയ ഉൽപ്പനങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും ലഭിക്കുന്നതിനോടൊപ്പം, കാർഷികാവശ്യത്തിനുള്ള ഉപകരണങ്ങൾ, രജിസ്റ്റർ ചെയ്യുന്ന മുറയ്ക്ക് കർഷകർക്ക് ഹൈപ്പർ ബസാർ എത്തിച്ചുനൽകും.

കാംകോയുടെ യന്ത്രസാമഗ്രികൾ, നാഷണൽ സീഡ്സ് കോർപറേഷന്റെ  വിത്തുകൾ, മൺപാത്രം, ജൈവ അരി, വയനാടൻ ജൈവ ഉൽപ്പന്നങ്ങൾ, ദി കേരള മെറ്റൽ ഇൻഡസ്ട്രീസ്, കേരള സോപ്സ്, കയർഫെഡ്, കുടുംബശ്രീ, ഓയിൽപാം, മിൽമ, കേര, മത്സ്യഫെഡ്, നീര, കോക്കനട്ട് ഡെവലപ്പ്മെന്റ് ബോർഡ്, നെല്ലിയാമ്പതി ഉൽപ്പന്നങ്ങൾ, കേരള അഗ്രി ഇൻഡസ്ട്രീസ് കോർപറേഷൻ, കൃഷി വിജ്ഞാൻ കേന്ദ്രം, വെറ്ററിനറി സയൻസ്, നെല്ലിയാമ്പതി ഫാം, ഹോൾട്ടികോർപ്പ് എന്നിവിടങ്ങളിലെ ഉൽപ്പന്നങ്ങൾ എന്നിവയും ലഭിക്കും.

Also Read: നാസയുടെ ബഹിരാകാശത്തോട്ടത്തിൽ വിളയുന്നത് ചീരയും തക്കാളിയും ഉൾപ്പെടെ 106 ഇനങ്ങൾ

Image: pixabay.com