ഇനി ചട്ടിയും മണ്ണുമൊന്നും വേണ്ട; അലങ്കാര ചെടി പ്രേമികൾക്കായി എയർ പ്ലാന്റ്സ് വരുന്നു

ഇനി ചട്ടിയും മണ്ണുമൊന്നും വേണ്ട; അലങ്കാര ചെടി പ്രേമികൾക്കായി എയർ പ്ലാന്റ്സ് വരുന്നു. പരിചരണം തീരെ ആവശ്യമില്ലാത്തതിനാൽ നനയ്ക്കാൻ മറന്നാലും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഈർപ്പവും ധാതുലവണങ്ങളും ആഗിരണം ചെയ്ത് വളരാൻ കഴിവുള്ളവയാണ് ഈ സസ്യങ്ങൾ.

ചെടി വളർത്താൻ ഇഷ്ടപ്പെടുന്നവർക്കിടയിൽ ഏറെ പ്രചാരമുള്ള ഇനമാണ് മനോഹരമായ പൂക്കൾ തരുന്ന ഈ അലങ്കാരച്ചെടി. ബ്രൊമീലിയാഡ് കുടുംബാംഗമായ ഈ ചെടി മരപ്പൊത്തുകളിലും കൊമ്പുകളിലും പാറകളിലും മറ്റും കാണപ്പെടുന്നു. നന്നേ കുറുകിയ തണ്ടിൽ കുത്തിനിറച്ചതുപോലെ കട്ടിയുള്ള ഇലകളാണ് ഇവയുടെ സവിശേഷത.

പുല്ലിന്റേതുപോലുള്ള വേരുകൾ ഏതു പ്രതലത്തിലും പറ്റിപ്പിടിച്ചു വളരാൻ ചെടിയെ സഹായിക്കുന്നു. ചെടികൾ വളർത്താൻ പ്രയാസമുള്ള മിനുസവും വഴുവഴുപ്പുമുള്ള പ്രതലങ്ങളിൽ എയർ പ്ലാന്റുകൾ വേരുകൾ ഉറപ്പിച്ചു നന്നായി വളരും.

ഇലകളിൽ നിറഞ്ഞിരിക്കുന്ന നേർത്ത ആവരണം ആവശ്യമായ ജലവും ധാതുലവണങ്ങളും അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കാനും ഒപ്പം വരണ്ട കാലാവസ്ഥയിൽ വളരാനും ഈ ചെടിയെ സഹായിക്കുന്നു. ഇവ വെയിലുള്ളിടത്തും വളർത്താം. നനയും വളവും വല്ലപ്പോഴും നൽകിയാൽ മതി. ആവരണം കുറവായ ഇനം എയർ പ്ലാന്റുകൾക്ക് കൂടുതൽ തണലും നനയും ആവശ്യമാണ്.

നന്നായി വളർച്ചയെത്തിയ ചെടിയുടെ ചുവട്ടിൽനിന്ന് സ്വാഭാവികമായി തൈകൾ (പപ്സ്) ഉണ്ടായി വരും. പൂവിടുന്ന ഇനങ്ങളിൽ പലതും പൂവിട്ടുകഴിഞ്ഞാൽ തൈകൾ ഉൽപാദിപ്പിക്കും. പൂവിടാത്ത ഇനങ്ങളിൽ ചിലപ്പോൾ ഇലകളുടെ ചുവട്ടിൽ നിന്നുപോലും തൈകൾ ഉണ്ടായിവരുന്നതായി കാണാം. ഒന്നുരണ്ട് ഇഞ്ച് വലുപ്പമായ തൈ, വേരുകൾ ഇല്ലെങ്കിൽപോലും അടർത്തിയെടുത്തു വളർത്താം.

Also Read: കുട്ടികളിൽ ബുദ്ധിയും ഓർമയും പടരട്ടെ; ചെടിച്ചട്ടികളിൽ ബ്രഹ്മി വളർത്താം