ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സീറോ ബജറ്റ് ജൈവകൃഷി സംസ്ഥാനമാകാൻ ആന്ധ്രപ്രദേശ്

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സീറോ ബജറ്റ് ജൈവകൃഷി സംസ്ഥാനമാകാൻ ഒരുങ്ങുകയാണ് ആന്ധ്രപ്രദേശ്. ഈ ലക്ഷ്യം മുൻനിർത്തി സംസ്ഥാനത്തെ 8 ദശലക്ഷത്തോളം കൃഷിയിടങ്ങളിൽ കൃഷി ചെയ്യുന്ന 6 ദശലക്ഷത്തോളം കർഷകരെ 2024 ഓടു കൂടി സാമ്പ്രദായിക കൃഷിയിൽനിന്ന് സമ്പൂർണ സീറോ ബജറ്റ് ജൈവകൃഷിയിലേക്ക് മാറ്റാനുള്ള പദ്ധതിയാണ് സംസ്ഥാനം നടപ്പിലാക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഋതു സാധികാര സംസ്ത (ആർ‌വൈഎസ്എസ്) എന്ന ലാഭേതര സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ യു എൻ എൻവയോൺമെന്റ്, ബിഎൻപി പാരിബാസ്, വേൾഡ് അഗ്രോഫോറസ്ട്രി സെന്റർ എന്നിവയും കൈകോർക്കുന്നു.

8000 ത്തിലധികം കർഷകരെ സാക്ഷിയാക്കി നടന്ന പദ്ധതിയുടെ ഉൽഘാടന ചടങ്ങിൽ യു.എൻ എൻവയോണ്മെന്റ് എക്സിക്യുട്ടീവ് ഡയറക്ടർ എറിക്ക് സോൽഹീം, ലോക സുസ്ഥിര വികസന ബിസിനസ് കൗൺസിൽ ചെയർമാൻ സണ്ണി വർഗീസ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. “കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യം, ഭക്ഷ്യസുരക്ഷ എന്നിവയെ സംരക്ഷിക്കാനുള്ള വലിയ മാറ്റത്തിന്റെ നാന്ദി കുറിക്കലാണിത്,” എറിക് സോൾഹൈം പറഞ്ഞു. “സീറോ ബജറ്റ് ജൈവകൃഷിയെ നാം ശക്തമായി പിന്താങ്ങുന്നു. അത് ജൈവകൃഷിയുടെ വ്യാപനത്തിനും പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് കർഷകർക്കും ഉപഭോക്താക്കൾക്കും ഭൂമിക്കും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ജൈവവൈവിധ്യവും സുസ്ഥിര കൃഷിയും ഒരേസമയം ഉറപ്പുവരുത്തുന്ന ഒരു സാമൂഹ്യ പാരിസ്ഥിതിക പദ്ധതിയായാണ് സംസ്ഥാന സർക്കാർ ഇത് വിഭാവനം ചെയ്യുന്നത്. പുറത്തുനിന്നുള്ള ഘടകങ്ങൾ പരമാവധി ഉപേക്ഷിച്ച് ചെലവു കുറയ്ക്കുന്ന ഈ രീതി ചുറ്റുപാടുകളിൽ നിന്ന് ലഭ്യമായ വിഭാഗങ്ങൾ കൃഷിക്കായി ഉപയോഗിക്കാൻ കർഷകരെ പ്രോത്സാഹിക്കുന്നു. അതിനാൽ വിളവൈവിധ്യവും കർഷകർക്ക് മെച്ചപ്പെട്ട വരുമാനവും മണ്ണിൻറെ പുനരുജ്ജീവനവും പദ്ധതി ഉറപ്പുവരുത്തുകയും ചെയ്യുന്നു.

Also Read: നിങ്ങൾക്കും വേണ്ടേ സ്വന്തമായി ഒരു അടുക്കളത്തോട്ടം? ഇത്രയും കാര്യങ്ങൾ ചെയ്താൽ മാത്രം മതി

Image: pixabay.com