പശുപരിപാലനത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുന്ന പ്രിസിഷൻ കൃഷി രീതി; ചെലവ് കുറച്ച് പാലുൽപ്പാദനം വർധിപ്പിക്കാം

പശുപരിപാലനത്തിൽ വിപ്ലവകരമായ മാറ്റങ്ങളുമായി പ്രിസിഷൻ കൃഷി രീതി; പാലുൽപ്പാദനം വർധിപ്പിക്കാനും ഉൽപ്പാദന ചെലവ് കുറയ്ക്കാനും സഹായിക്കുന്ന പശുപരിപാലന രീതിയാണ് പ്രിസിഷൻ സമ്പ്രദായം. ശാസ്ത്രീയമായ സമീപനം സ്വീകരിക്കുന്നതിലൂടെ പശുപരിപാലനത്തിൽ വരുന്ന മാറ്റങ്ങളാണ് പ്രിസിഷൻ രീതിയുടെ കാതൽ.

കാലിത്തീറ്റയില്‍ വളരുന്ന അസ്പര്‍ജില്ലസ് ഇനം പൂപ്പലുകളുണ്ടാക്കുന്ന അഫ്‌ളാടോക്‌സിന്‍ വിഷാംശം പശുക്കളുടെ കരളിനെ ബാധിക്കുകയും പാലുല്പ്പാദനം കുറയ്ക്കുകയും ചെയ്യുന്നു. ഈ പൂപ്പല്‍ വിഷബാധ ഒഴിവാക്കാനുള്ള മാർഗം  6 മുതൽ 8 മണിക്കൂര്‍വരെ തീറ്റ വെയിലത്തിട്ട് ഉണക്കിയതിനു ശേഷം മാത്രം നൽകുകയെന്നതാണ്. അതോടൊപ്പം കാലിത്തീറ്റ ചാക്കിലാക്കി സൂക്ഷിക്കുമ്പോൾ തറയിലോ ചുമരിലോ നേരിട്ട് സ്പർശിക്കാതെ മരപ്പലകയ്ക്കു മുകളിൽ തണുത്ത കാറ്റടിക്കാതെ അടച്ച് സൂക്ഷിക്കണം. 

പൂപ്പലുണ്ടെന്ന് സംശയം തോന്നുന്നതോ, പഴകിയതോ ആയ തീറ്റ ഒരു കാരണവശാലും പശുക്കള്‍ക്ക് നല്‍കരുത്. പശുക്കള്‍ക്ക് ചെനയുള്ളപ്പോള്‍ ഏഴാം മാസവും പ്രസവിച്ച് പത്താം ദിവസവും വിരമരുന്ന് നല്‍കുന്നത് പാലുൽപ്പാദനത്തിൽ വർധനയുണ്ടാക്കും. രാത്രിയിൽ പശുക്കള്‍ക്ക് കുടിക്കാനുള്ള വെള്ളം തൊഴുത്തിൽ ലഭ്യമാക്കാൻ ശ്രദ്ധിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കുന്ന പശുക്കളിൽ മറ്റു പശുക്കളേക്കാൾ പാലുല്പാദനം 5 മുതൽ 10 ശതമാനം വരെ അധികമായിരിക്കും.

അശാസ്ത്രീയ തീറ്റക്രമങ്ങള്‍ ദഹനക്കേടിനും വയറിളക്കത്തിനും ഇടവരുത്തി പാലുല്പാദനം കുറയ്ക്കുന്നതിനാല്‍ അവ പൂർണമായും ഒഴിവാക്കണം. ഗുണമേന്മയുള്ള വിറ്റാമിനുംകളും ധാതുക്കളും ലവണങ്ങളും പതിവായി ചുരുങ്ങിയത് 50 ഗ്രാമെങ്കിലും പശുക്കള്‍ക്ക് നല്‍കണം. തൊഴുത്തിന്റെ നിലം അധികം ചെരിവില്ലാതെ കോണ്‍ക്രീറ്റ് ചെയ്ത് ചാണകം കെട്ടിനിൽക്കാൻ അനുവദിക്കാതെ തൊട്ടടുത്തുതന്നെ നിർമിക്കുന്ന വളക്കുഴിയിലേക്ക് ഒഴുക്കണം. ഒപ്പം പശുക്കൾക്ക് അകിടുവീക്കം പോലുള്ള പ്രശ്നങ്ങളുണ്ടാകുന്ന രീതിയിലുള്ള കറവയും ഒഴിവാക്കാൻ ശ്രദ്ധ വക്കണം. 

Also Read: ആടുകളിലെ പോളിയോയും ടെറ്റനസും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; പ്രധാനപ്പെട്ട പ്രതിരോധ മാർഗങ്ങളും കുത്തിവെപ്പുകളും

Image: pixabay.com