പശുക്കളില്‍ ആന്റിബയോട്ടിക് മരുന്നുപയോഗിക്കുമ്പോള്‍ – ക്ഷീരകര്‍ഷകര്‍ അറിയേണ്ടത്

മനുഷ്യരില്‍ എന്ന പോലെ വളര്‍ത്തു മൃഗങ്ങളെ ബാധിക്കുന്ന വിവിധ സാംക്രമിക രോഗങ്ങളുടെ (Infectious diseases) പ്രതിരോധത്തിനും, ചികിത്സക്കുമായി ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കുന്നത് സാധാരണയാണ്. രോഗത്തിന് കാരണമാവുന്ന സൂക്ഷ്മജീവികളായ ബാക്ടീരിയകളെ നശിപ്പിക്കുന്ന രാസസംയുക്തങ്ങളെയാണ് ആന്റിബയോട്ടിക്കുകള്‍ എന്ന് വിളിക്കുന്നത്. പശുക്കളെ ബാധിക്കുന്ന അകിട് വീക്കം, കുരലടപ്പന്‍, ഗര്‍ഭാശയ പഴുപ്പ് തുടങ്ങിയ ബാക്ടീരിയല്‍ രോഗങ്ങള്‍, ബബിസിയോസിസ്, തൈലേറിയോസിസ് തുടങ്ങിയ പ്രോട്ടോസോവല്‍ രക്താണു രോഗങ്ങള്‍, വൈറല്‍ അസുഖങ്ങള്‍ കാരണമായുണ്ടാവുന്ന പാര്‍ശ്വാണു ബാധകള്‍ തുടങ്ങിയ രോഗാവസ്ഥകളെ പ്രതിരോധിക്കാനും നേരിടുന്നതിനുമായാണ് ക്ഷീരമേഖലയില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ സാധാരണഗതിയില്‍ ഉപയോഗപ്പെടുത്തുന്നത്. രോഗകാരിയായ ബാക്ടീരിയല്‍ അണുവിനെ നശിപ്പിക്കുന്നവ (ബാക്ടീരിയോസിഡല്‍) അവയുടെ പ്രവര്‍ത്തനം തടയുന്നവ (ബാക്ടീരിയോസ്റ്റാറ്റിക്) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി നിരവധി ആന്റിബയോട്ടിക്കുകള്‍ ആവശ്യാനുസരണം ക്ഷീരമേഖലയില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

അത്യുല്‍പ്പാദനശേഷിയുള്ള സങ്കരയിനം കറവ പശുക്കള്‍ക്ക് പൊതുവെ രോഗപ്രതിരോധശേഷിയും, കാലാവസ്ഥാ അതിജീവന ശേഷിയും കുറവായതിനാലും, ശുചിത്വകുറവ് അടക്കമുള്ള കാരണങ്ങളാലും ബാക്ടീരിയല്‍ അണുബാധയ്ക്ക് സാധ്യത ഏറെയാണ്. ഇത്തരം അണുബാധകളെ ഫലപ്രദമായി നേരിടുന്നതിനായി ശാസ്ത്രീയമായ പരിപാലനമുറകള്‍ക്കൊപ്പം ആന്റിബയോട്ടിക് ചികിത്സയും ആവശ്യമായി വരും. പശുക്കളിലെ ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ചുള്ള ചില ശാസ്ത്രീയ വശങ്ങള്‍ ക്ഷീരകര്‍ഷകര്‍ നിര്‍ബന്ധമായും മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്.

Also Read: ദരിദ്രന്റെ പശു; ആട് വളര്‍ത്തലിന്റെ വ്യവസായ സാധ്യതകള്‍

രോഗാണുക്കളുടെ ആര്‍ജിത പ്രതിരോധവും ക്ഷീരമേഖലയും

എന്താണ് ആന്റിബയോട്ടിക് പ്രതിരോധശേഷി (Antibiotic Resistance)? നമ്മള്‍ നിത്യവും വാര്‍ത്തയില്‍ കാണുന്ന വാക്കുകളില്‍ ഒന്നാണിത്. ബാക്ടീരിയല്‍ രോഗാണുക്കള്‍ക്കെതിരെ പ്രയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ രാസപ്രവര്‍ത്തനത്തെ അതിജീവിക്കാനും മരുന്നിനെ നിഷ്ഫലമാക്കാനും രോഗാണുക്കള്‍ ശേഷി കൈവരിക്കുന്നതിനെയാണ് ആന്റിബയോട്ടിക് പ്രതിരോധശേഷി എന്ന് വിളിക്കുന്നത്. ആന്റിബയോട്ടിക് മരുന്നുകളുടെ അശാസ്ത്രീയവും, അമിതവുമായ ഉപയോഗം, സ്വയം ചികിത്സ തുടങ്ങിയവയെല്ലാമാണ് മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷിയാര്‍ജിക്കാന്‍ അണുക്കളെ പ്രാപ്തമാക്കുന്നത്. മരുന്നുകളുടെ ദുരുപയോഗവും, അശാസ്ത്രീയ ചികിത്സാരീതികളും ബാക്ടീരിയകളുടെ ജനിതകഘടനയിലും, കോശഭിത്തിയിലുമെല്ലാം മാറ്റങ്ങള്‍ക്ക് കാരണമാവും. മരുന്നിനെതിരെ പിടിച്ച് നില്‍ക്കാന്‍ ബാക്ടീരിയകളെ സഹായിക്കുന്ന ഈ മാറ്റങ്ങള്‍ അവയുടെ വിവിധ തലമുറകളിലേക്ക് വ്യാപിക്കുകയും ചെയ്യും. പ്രതിരോധ ജീനുകള്‍ മറ്റിനം ബാക്ടീരിയകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനും ഇടയുണ്ട്. ലളിതമായി വിശദീകരിച്ചാല്‍ ഈ വിധത്തിലാണ് ആര്‍ജിത പ്രതിരോധശേഷി രൂപപ്പെടുന്നത്.

മരുന്നുകളോട് പ്രതികരിക്കാത്ത രോഗാണുക്കളുടെ വ്യാപനത്തില്‍ മൃഗസംരക്ഷണ ക്ഷീരമേഖലയിലെ ആന്റിബയോട്ടിക് ഉപയോഗവും പങ്കുവഹിക്കുന്നതായി വിവിധ പഠനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആന്റിബയോട്ടിക് നയത്തില്‍ ക്ഷീരമേഖലയില്‍ ഇതുമായി ബന്ധപ്പെട്ട ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തത് ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ഡോക്ടറുടെ മേല്‍നോട്ടം കൂടാതെ അശാസ്ത്രീയമായ രീതികളില്‍ പശുക്കളില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന പക്ഷം ക്രമേണ രോഗകാരികള്‍ പ്രസ്തുത മരുന്നിനെതിരെ അതിജീവനശേഷി കൈവരിക്കുന്നതിനിടയാക്കും.

Also Read: കന്നുകാലികളിലെ ബോട്ടുലിസം രോഗം ഫലപ്രദമായി പ്രതിരോധിക്കാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രോഗാണുക്കളില്‍ വളര്‍ന്നു വരുന്ന ഈ ആര്‍ജിത അതിജീവനശേഷി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഭാവിയില്‍ രോഗനിയന്ത്രണം ശ്രമകരമായി തീരുന്നതിനൊപ്പം ചികിത്സയും ഏറെ ചിലവേറിയതായി മാറും. സാധാരണ ലഭ്യമായ ആന്റിബയോട്ടിക്കുകള്‍ ഫലിക്കാതെ വരുമ്പോള്‍ പുതിയയിനം മരുന്നുകള്‍ ചികിത്സക്കായി സ്വീകരിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരായിത്തീരും. ഇത്തരം പുതിയ മരുന്നുകള്‍ ആന്റിബയോട്ടിക് ശ്രേണിയിലെ ഉയര്‍ന്ന വിഭാഗങ്ങളില്‍പ്പെട്ടതും വിലയേറിയതുമായിരിക്കും. ഇ. കോളി.., സ്ട്രപ്‌റ്റോകോക്കസ്, സ്റ്റഫൈലോ കോക്കസ്, ക്ലബ്‌സിയല്ല തുടങ്ങിയ പശുക്കളില്‍ രോഗകാരികളായ ബാക്ടീരിയകളില്‍ പലതും സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളോട് പ്രതിരോധശേഷി പുലര്‍ത്തുന്നതായി കേരളത്തില്‍ പലയിടത്തുനിന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഉയര്‍ന്ന തലത്തിലുള്ള മരുന്നുകളോ അല്ലെങ്കില്‍ വിവിധ മരുന്നുകളുടെ ചേരുവകളോ, മരുന്നുകള്‍ കൂടിയ അളവിലോ ഇത്തരം സാഹചര്യങ്ങളില്‍ പ്രയോഗിക്കേണ്ടിവരും. എന്റോഫ്‌ളോക്‌സാസിന്‍ പോലുള്ള സാധാരണ ഉപയോഗിക്കുന്നതും ചിലവ് കുറഞ്ഞതുമായ മരുന്നുകള്‍ നിഷ്ഫലമായത് കാരണം മാര്‍ബോഫ്‌ളോക്‌സാസിന്‍ പോലുള്ള സമാന ശ്രേണിയിലെ ഉയര്‍ന്ന തലത്തിലുള്ള മരുന്നുകള്‍ പ്രയോഗിക്കേണ്ട അവസ്ഥ സംജാതമായിട്ടുണ്ട്. ഇതെല്ലാം ചികിത്സാചിലവ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ആരോഗ്യപരമായ പ്രശ്‌നങ്ങളും ഉയര്‍ത്തും. പുതിയ ആന്റിബയോട്ടിക്കുകള്‍ രൂപപ്പെടുത്താന്‍ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമം ആവശ്യമാണെന്നതും ഇതുമായി ചേര്‍ത്ത് വായിക്കണം.

ഇങ്ങനെ അതിജീവനശേഷി കൈവരിച്ച രോഗാണുക്കള്‍ പാലിലൂടെയും, ചാണകത്തിലൂടെയും മറ്റും മണ്ണില്‍ കലര്‍ന്നും മനുഷ്യരില്‍ എത്താന്‍ ഇടയാവും. മൃഗങ്ങളില്‍ നിന്നെത്തുന്ന രോഗാണുക്കളിലെ അതിജീവനശേഷിയുള്ള ജീനുകള്‍ മനുഷ്യരെ ബാധിക്കുന്ന രോഗാണുക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഡല്‍ഹി ആസ്ഥാനമായിട്ടുള്ള പ്രമുഖ പരിസ്ഥിതി ആരോഗ്യ ഏജന്‍സിയായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എണ്‍വയോര്‍ണ്‍മെന്റ് (CSE) കോഴിവളര്‍ത്തല്‍ മേഖലയില്‍ നടത്തിയ പഠനത്തില്‍ ഈ വസ്തുത ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. മനുഷ്യരിലും മൃഗങ്ങളിലും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഒന്നുതന്നയായതിനാല്‍ ഇത് പൊതുജനാരോഗ്യരംഗത്ത് വന്‍ പ്രതിസന്ധി സൃഷ്ടിക്കും.

ആന്റിബയോട്ടിക്കുകള്‍ പശുക്കളുടെ ശരീരത്തില്‍ പ്രയോഗിച്ച് കഴിഞ്ഞാല്‍ ഒരു നിശ്ചിത കാലയളവില്‍ മരുന്നിന്റെ രാസാവശിഷ്ടങ്ങള്‍ പാലിലൂടെയും മറ്റും പുറന്തള്ളപ്പെടും. ഇറച്ചിയിലും പാലിലുമെല്ലാം പ്രസ്തുത ആന്റിബയോട്ടിക് നിലനില്‍ക്കുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്ന കാലയളവിനെ അവശിഷ്ടകാലയളവ് എന്നാണ് വിളിക്കുന്നത്. ഈ കാലയളവില്‍ പാലും മറ്റും ഉപയോഗിക്കുന്നത് രാസഘടകങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്താനിടവരുത്തും. ഇത് ക്രമേണ മനുഷ്യരെ ബാധിക്കുന്ന രോഗാണുക്കള്‍ ഈ മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷിയാര്‍ജിക്കുന്നതിനും വഴിയൊരുക്കും. ആയതിനാല്‍ ആന്റിബയോട്ടിക് ഉപയോഗിച്ച ശേഷമുള്ള പുറന്തള്ളല്‍ കാലയളവ് (Withdrawal period) പ്രത്യേകം പരിഗണിച്ച്, ഈ കാലപരിധിയില്‍ പാലടക്കമുളള ഉത്പന്നങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്.

Also Read: കറവപ്പശുക്കളുടെ മഴക്കാല പരിചരണം; ക്ഷീരകര്‍ഷകരറിയാന്‍

സുസ്ഥിരവും സുരക്ഷിതവുമായ ആന്റിബയോട്ടിക് ഉപയോഗം അറിയേണ്ടത്

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അശാസ്ത്രീയ ചികിത്സാവിധികളും വരുത്തിവെക്കുന്ന തിക്തഫലങ്ങള്‍ തിരിച്ചറിയാനും, അത് ഉള്‍ക്കൊണ്ട് ഗുണപ്രദമായ രീതികള്‍ സ്വീകരിക്കാനുമുള്ള ശ്രമങ്ങള്‍ ക്ഷീരകര്‍ഷകരുടെ ഭവനങ്ങളില്‍ നിന്ന് തന്നെ തുടങ്ങേണ്ടതുണ്ട്.

  • പ്രതിരോധം തന്നെയാണ് ചികിത്സയെക്കാള്‍ ഉത്തമം – അകിടുവീക്കം, ഗര്‍ഭാശയപഴുപ്പ് തുടങ്ങിയ ആന്റിബയോട്ടിക് ചികിത്സ അനിവാര്യമായ രോഗങ്ങള്‍ പിടിപെടാതെ പ്രതിരോധിക്കുന്നതിന് മുഖ്യ പരിഗണന നല്‍കണം.. ശാസ്ത്രീയ പരിപാലനമുറകളും പൂര്‍ണ്ണശുചിത്വവും തൊഴുത്തിലും പരിസരത്തും ഉറപ്പ് വരുത്തണം. ശുചിത്വവും സുരക്ഷിതവുമായ ക്ഷീരോത്പാദനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണം. ചാണകം, മൂത്രം, തീറ്റയവശിഷ്ടങ്ങള്‍ എന്നിവ തൊഴുത്തിലെ തറയില്‍ നിന്നും നീക്കിയ ശേഷം ബ്ലീച്ചിംഗ് പൗഡര്‍ (30% ക്ലോറിന്‍ അടങ്ങിയത്), അയഡിന്‍-അയഡഫോര്‍ സംയുക്തങ്ങള്‍, പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് (1:10000), അലക്കുകാരം (4%), ഫിനോള്‍ (1-2%) തുടങ്ങിയവയോ വിപണിയില്‍ ലഭ്യമായ മറ്റ് അണുനാശിനികളോ ഉപയോഗിച്ച് തൊഴുത്ത് നിത്യവും വൃത്തിയായി സൂക്ഷിക്കണം. വെള്ളപാത്രങ്ങള്‍ കഴുകി വൃത്തിയാക്കി ആഴ്ചയില്‍ ഒരിക്കല്‍ കുമ്മായം പൂശുന്നത് ഗുണകരമാണ്.
    അകിടുവീക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി അകിടിലുണ്ടാവുന്ന ചെറിയ മുറിവുകളും കീറലുമെല്ലാം കൃത്യമായി ചികിത്സിക്കണം. പാല്‍ കെട്ടി നില്‍ക്കാന്‍ ഇടവരാത്ത വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പൂര്‍ണ്ണ കറവ നടത്തണം. കറവക്ക് മുമ്പായി മുലകാമ്പുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനിയില്‍ കഴുകി ശേഷം ശുദ്ധജലം കൊണ്ട് തുടക്കാം. പൂര്‍ണ്ണ കറവയ്ക്കു ശേഷം മുലകാമ്പുകള്‍ നേര്‍പ്പിച്ച പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കന്റ് മുക്കി വെക്കണം. ഏഴ് ഏഴര മാസം ചെനയിലെത്തിയ പശുക്കളുടെ കറവ നിര്‍ത്തുമ്പോള്‍ വറ്റുകാല ചികിത്സ ഉറപ്പുവരുത്തണം. കുരലടപ്പന്‍, കുളമ്പുരോഗം പോലുള്ള രോഗങ്ങള്‍ക്കെതിരായ പ്രതിരോധ കുത്തിവെപ്പുകളും ഉരുക്കള്‍ക്ക് കൃത്യസമയത്ത് ഉറപ്പുവരുത്തണം.
  • സ്വയം ചികിത്സ അരുത് – ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാത്ത മരുന്നുകള്‍ വാങ്ങി പ്രയോഗിക്കരുത്. ഡോക്ടര്‍മാര്‍ അല്ലാത്തവരെ ചികിത്സക്കായി ആശ്രയിക്കുന്നതടക്കമുള്ള ശീലങ്ങളും കര്‍ഷകര്‍ കൈവെടിയണം.
  • ചികിത്സക്കായി വെറ്ററിനറി ഡോക്ടറെ ആശ്രയിക്കുന്നതിനൊപ്പം ആന്റിബയോട്ടിക് മരുന്നുകള്‍ അതിന്റെ പൂര്‍ണ്ണമായ ചികിത്സാകാലാവധി വരെ കൃത്യമായ അളവില്‍ തുടരേണ്ടതാണ്. രോഗലക്ഷണങ്ങള്‍ മാറിയ ഉടനെ ചികിത്സ നിര്‍ത്തരുത്. കാരണം ശരീരത്തിനുള്ളില്‍ രോഗാണുക്കള്‍ അപ്പോഴും സജീവമായിരിക്കും. പൂര്‍ണ്ണ ചികിത്സ കാലയളവ് ആദ്യം തന്നെ ചോദിച്ച് മനസ്സിലാക്കി ഓര്‍മ്മയില്‍ സൂക്ഷിക്കണം. മൂന്ന് മുതല്‍ ഏഴ് ദിവസം വരെയാണ് സാധാരണയായി പശുക്കളില്‍ ആന്റിബയോട്ടിക് ചികിത്സാകാലാവധി. എങ്കിലും രോഗതീവ്രത അനുസരിച്ച് ഈ കാലാവധി വ്യത്യാസപ്പെടാം. ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് കാരണമായി പശുക്കളിലെ ആമാശയത്തിലെ ഉപകാരികളായ അണുക്കള്‍ കൂടി നശിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചികിത്സക്കുശേഷം ലാക്‌ടോബാസിലസ്, സക്കാരോമൈസസ് യീസ്റ്റ് തുടങ്ങിയ മിത്രാണുക്കള്‍ അടങ്ങിയ വിവിധ പ്രോബയോട്ടിക്കുകള്‍ തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്.
  • ആന്റിബയോട്ടിക്കുകള്‍ പശുക്കളുടെ ശരീരത്തില്‍ പ്രയോഗിച്ച ശേഷം നിശ്ചിത കാലയളവില്‍ അവയുടെ രാസാവശിഷ്ടങ്ങള്‍ പാലിലൂടെയും മറ്റും പുറന്തള്ളാന്‍ ഇടയുണ്ടെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. ചികിത്സയുടെ സമയത്ത് തന്നെ ഈ കാലയളവ് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കി അതിനനുസരിച്ച് പാല്‍ ഉപയോഗം ക്രമീകരിക്കണം. ഈ ഇടവേള കൃത്യമായി ഓര്‍ത്തിരിക്കാനും തുടര്‍ ചികിത്സക്കുമായി ഒരു ചികിത്സാ രജിസ്റ്റര്‍ സൂക്ഷിക്കാം. (മാതൃക ചുവടെ ചേര്‍ക്കുന്നു). ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന പക്ഷം പാല്‍ ഉപയോഗം നിര്‍ബന്ധമായും ഒഴിവാക്കേണ്ട “പിന്‍വലിക്കല്‍ കാലാവധി” (Withdrawal period) പ്രധാന മരുന്നുകളുടേത് പട്ടികയായി ഇതോടൊപ്പം ചേര്‍ക്കുന്നു.

മാതൃകാ ചികിത്സാ രജിസ്റ്റര്‍

 ക്രമ
നമ്പര്‍
 തീയതി  പരിശോധനാ
 ഫലങ്ങള്‍
രോഗനിര്‍ണ്ണയം ചികിത്സയും തുടര്‍ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍

ഡോക്ടറുടെ ഒപ്പ്
 

 

 

 

 

         

പട്ടിക രണ്ട് – ആന്റിബയോട്ടിക് ഉപയോഗിക്കുന്ന പക്ഷം പാല്‍ ഉപയോഗം ഒഴിവാക്കേണ്ട കാലയളവ്

ആന്റിബയോട്ടിക് പാലുപയോഗം ഒഴിവാക്കേണ്ട
കാലപരിധി
1.      ജെന്റാമിസിന്‍ 7 ദിവസം
2.    എന്റോ ഫ്‌ളോക്‌സാസിന്‍ 7 ദിവസം
3.       സ്‌ട്രെപ്‌റ്റോമൈസിന്‍ 3 ദിവസം
4.       ടെട്രാസൈക്ലിന്‍ 7 ദിവസം
5.       അമോക്‌സ്സ്സില്ലിന്‍ 7 ദിവസം
6.       സെഫ്റ്റിയോഫര്‍ 7 ദിവസം
7.      സെഫ്ട്രിയാക്‌സോണ്‍ 3 ദിവസം
  • അകിടുവീക്കം കൃത്യമായി രോഗാരംഭത്തില്‍ തന്നെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ അകിടുവീക്ക നിര്‍ണ്ണയ കിറ്റുകള്‍ മൃഗാശുപത്രികളില്‍ ലഭ്യമാണ്. രോഗാണുവിനെ കൃത്യമായി മനസ്സിലാക്കി മരുന്ന് നിര്‍ണ്ണയം നടത്താന്‍ സഹായിക്കുന്ന ആന്റിബയോട്ടിക് സെന്‍സിറ്റിവിറ്റി, കള്‍ച്ചറല്‍ പരിശോധനക്കുള്ള സൗകര്യങ്ങളും മൃഗാശുപത്രികളില്‍ ഉണ്ട്. ഇതിനുള്ള പ്രത്യേകം പരിശോധനാ സഹായികള്‍ മൃഗസംരക്ഷണ വകുപ്പിന്റെ തിരുവനന്തപുരത്തെ പാലോടുള്ള ഗവേഷണകേന്ദ്രം വികസിപ്പിച്ച് സംസ്ഥാനമൊട്ടാകെ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ഡോക്ടറുമായി ബന്ധപ്പെട്ട് ഇത്തരം നവീന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. പരിശോധന നടത്തി രോഗാണുവിനെതിരെ ഏറ്റവും കൂടുതല്‍ പ്രതികരിക്കുന്ന മരുന്ന് കണ്ടെത്തി ഉപയോഗിക്കുന്ന പക്ഷം ചികിത്സാ ചിലവും സമയനഷ്ടവും ഉത്പാദനനഷ്ടവുമെല്ലാം കുറയ്ക്കാം.
  • ക്ഷീരകര്‍ഷകരുടെ ഭാഗത്തു നിന്നുള്ള മുന്‍കരുതലുകള്‍ക്കൊപ്പം സര്‍ക്കാര്‍ തലത്തിലും ഇടപെടലുകള്‍ ആവശ്യമുണ്ട്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്നു വിതരണം ചെയ്യുന്നതും, അനധികൃതമായി ഉപയോഗിക്കുന്നതും തടയാനുള്ള നിയമങ്ങള്‍ മൃഗസംരക്ഷണ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കണം. ഒരു പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന അണുബാധകളോട് ഏറ്റവും കൂടുതല്‍ പ്രതികരിക്കുന്ന മരുന്നുകള്‍, ബാക്ടീരിയകള്‍ അതിജീവനശേഷി കൈവരിച്ച മരുന്നുകള്‍ എന്നിവ കണ്ടെത്തി ശാസ്ത്രീയമായ തുടര്‍ നടപടികള്‍ സ്വീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമായ ഒരു ആരോഗ്യഭാവിക്ക് അനിവാര്യമാണ്.

Also Read: ക്ഷീരകര്‍ഷകര്‍ അറിയാന്‍: പശുക്കളിലെ സാംക്രമിക രോഗങ്ങളും പ്രതിരോധവും

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ് 9495187522 asifmasifvet@gmail.com