തേനീച്ചക്കൂടുകളിൽ ഇത് തേനൊഴുകും കാലം; തേനീച്ച വളർത്തലിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം പലത്

തേനീച്ചക്കൂടുകളിൽ ഇത് തേനൊഴുകും കാലം; തേനീച്ച വളർത്തലിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം പലത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് കേരളത്തില്‍ തേൻ വിപണിയുടെ നല്ലകാലം. തേനീച്ച കോളനികള്‍ തേന്‍ലഭ്യത അനുസരിച്ച് പല സ്ഥലങ്ങളിലേക്ക് മാറ്റിവച്ച് തേന്‍ ശേഖരിക്കുന്ന രീതിയായ മൈഗ്രേറ്ററി ബീക്കീപ്പിംഗാണ് കേരളത്തിലെ സാഹചര്യങ്ങളിൽ കൂടുതൽ അനുയോജ്യം.

റബര്‍മരങ്ങളെയാണ് കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള തേനുത്പാദനത്തിന് പ്രധാനമായും ആശ്രയിക്കുന്നത്. റബറിന്റെ ഇലപൊഴിഞ്ഞ് പുതിയ ഇലകള്‍ പകുതി മൂപ്പെത്തുന്നതോടെ ഇലക്കാമ്പിൽ നിന്ന് തേൻ പൊഴിക്കുന്നതിനാലാണിത്. തേനീച്ചകള്‍ക്ക് ഏറെ പ്രിയങ്കമാണ് ഈ തേന്‍.

റബര്‍ ഇല പൊഴിഞ്ഞു തുടങ്ങുന്നതോടൊപ്പം കോളനികള്‍ മാറ്റി സ്ഥാപിക്കണം. ഒരേക്കര്‍ റബര്‍ തോട്ടത്തില്‍ 10 ഞൊടിയല്‍ തേനീച്ച കൂടുകള്‍വരെ സ്ഥാപിക്കാം. പത്തു വര്‍ഷത്തിനുമേല്‍ പ്രായമുള്ള റബര്‍ മരങ്ങളില്‍ നിന്നാണ് തേന്‍ കൂടുതല്‍ ലഭിക്കുക.

തേൻ ഉത്പാദനകാലം ആരംഭിക്കുന്നതോടെ ഞൊടിയല്‍ തേനീച്ചകളില്‍ കൂട്ടം പിരിയാനുള്ള പ്രവണത വര്‍ധിക്കും. ഇത് തേനുത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ കൂട് പരിശോധിച്ച് റാണിയറകള്‍ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അവ നശിപ്പിക്കാൻ ശ്രദ്ധിക്കണം.

കൃത്രിമ ആഹാരം നല്‍കുമ്പോൾ തേൻ എടുക്കുന്നത് ഒഴിവാക്കുക, അടിത്തട്ടില്‍ നിന്നും ഒരിക്കലും തേന്‍ എടുക്കാതെ തേനറയില്‍ നിന്നുമാത്രം എടുക്കുക, 90 ശതമാനം മെഴുകു കൊണ്ട് മൂടിയ അടകളില്‍ നിന്നു മാത്രം തേൻ എടുക്കാൻ ശ്രദ്ധിക്കുക, സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ടുള്ള തേനെടുക്കല്‍ യന്ത്രം, തേനടക്കത്തി എന്നിവ ഉപയോഗിക്കുക എന്നീ ശാസ്ത്രീയമായ മാർഗങ്ങൾ പിന്തുടർന്നാൻ ഗുണമേന്മയുള്ള തേന്‍ ലഭിക്കും.

വിദേശ വിപണിയിലും ആഭ്യന്തര വിപണിയിലും ഉപയോഗവും ആവശ്യക്കാരും വർധിച്ചതോടെ നല്ല ഗുണമേന്മയുള്ള തേനിന് മികച്ച വിലയും ലഭിക്കുന്നുണ്ട്. ഒപ്പം തേനിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വരവ് കൂടിയതോടെ കര്‍ഷകര്‍ക്ക് മറ്റേതൊരു കൃഷിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ലാഭം തേനീച്ചക്കൃഷി നേടിക്കൊടുക്കുണ്ട്.

Also Read: ഭൗമസൂചികാ പദവിയും കാത്ത് മറയൂര്‍ ശര്‍ക്കരയും കാന്തല്ലൂര്‍ വെളുത്തുള്ളിയും ഉൾപ്പെടെ കേരളത്തിലെ തനത് കാർഷിക ഇനങ്ങൾ

Image: pixabay.com