സാമാന്യയുക്തിക്ക് അതീതമായി ചിന്തിച്ച മനാഫിന് മുളകൃഷി നേടിക്കൊടുത്ത വിജയം

മുളകൃഷി എന്ന് കേള്‍ക്കുമ്പോള്‍ സാമാന്യ യുക്തിക്ക് നിരക്കാത്ത എന്തോ ചെയ്യുന്നത് പോലെയാണ് മറ്റുള്ളവര്‍ ആദ്യമൊക്കെ മനാഫിനെ വീക്ഷിച്ചിരുന്നത്. എന്നാല്‍ മുളകൃഷിയില്‍ നിന്ന് അയാള്‍ നേടിയ ജീവിതവിജയവും അംഗീകാരങ്ങളും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പാലക്കാട് മണ്ണാര്‍ക്കാട് അലനെല്ലൂര്‍ സ്വദേശി കളത്തില്‍ മനാഫ് പൂര്‍വികമായി ലഭിച്ച ഏതാനും ഏക്കര്‍ വസ്തുവിലാണ് മുളകൃഷി എന്ന ആശയം നടപ്പിലാക്കുന്നത്. ഇന്ന് അദ്ദേഹം മണ്ണാര്‍ക്കാടിന്റെ പലഭാഗങ്ങളിലായി ഏക്കറുകണക്കിന് വസ്തുവില്‍ വിവിധ ഇനത്തില്‍ പെട്ട മുളകള്‍ കൃഷി ചെയ്യുന്നുണ്ട്. ഒരുകാലത്തു കുറ്റികാടുകളിലും പുറമ്പോക്ക് പ്രദേശങ്ങളിലും ആരാലും ശ്രദ്ധിക്കപ്പെടാതെ വളര്‍ന്നിരുന്ന ഒരു പാഴ്‌സസ്യമായായിരുന്നു മുളയെ നമ്മള്‍ കണ്ടിരുന്നത്. ആ പാഴ്‌സസ്യത്തിന്റെ ഉപയോഗങ്ങളും വിപണി മൂല്യവും മനസിലാക്കി അതിലെ വിവിധ ഇനങ്ങളെക്കുറിച്ചു അഗാധമായ പഠനങ്ങള്‍ നടത്തിയുമാണ് മനാഫ് ഈ മേഖലയിലേക്ക് പൂര്‍ണ്ണമായും കടന്നുവന്നത്. മനാഫുമായി “മണ്ണിര ടീം” നടത്തിയ അഭിമുഖം.

എന്തുകൊണ്ട് മുള എന്ന സസ്യം കൃഷി ചെയ്യാനായി തിരഞ്ഞെടുത്തു?

എന്റെ ബിരുത്തനാദരബിരുദ പഠന കാലത്താണ് പിതാവിന്റെ വിയോഗം, അപ്പോള്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടുന്ന ഒരു സാഹചര്യം എനിക്കുണ്ടായി ആ കാലയളവിലാണ് പഠനം ഉപേക്ഷിച്ചു കൃഷിയിലേക്കു വരേണ്ടിവരുന്നത്. ചെറിയതോതില്‍ കൃഷി ബാപ്പയുടെ കാലത്തും ഉണ്ടായിരുന്നു അത് നോക്കി നടത്തുക കൂടാതെ സ്ഥിരാവരുമാനമായി എന്തെങ്കിലും കണ്ടെത്തേണ്ടുന്ന ആവശ്യകത ഏറിവന്നതിന്റെ തുടര്‍ന്ന് ഞാന്‍ 1998 ല്‍ ഞാന്‍ പന്തല്‍ സാമഗ്രികള്‍ വാടകയ്ക്കു നല്‍കുന്ന കട തുടങ്ങി. അന്ന് പന്തലിനു മുളകളാണ് ഉപയോഗിച്ചിരുന്നത്. അപ്പോള്‍ ഇനി മുളയുടെ ആവശ്യം വര്‍ദ്ധിച്ചുവരികയും ആവശ്യത്തിന് ലഭ്യമാകാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തപ്പോഴാണ് സ്വന്തമായി കൃഷി ചെയ്യുക എന്ന ഒരു ആശയം ഉണ്ടായതു. ആദ്യം വെച്ച തൈകളില്‍ നിന്ന് വളരെ കുറച്ചു മാത്രമേ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ എന്നാല്‍ ഒരു സസ്യത്തില്‍ നിന്ന് തന്നെ ധാരാളം മുളപൊട്ടുകയും അത് പിരിച്ചു മാറ്റിനട്ടു കൂടുതല്‍ സസ്യങ്ങളുടെ പുതിയ തലമുറയെ മൂന്ന് നാല് ഏക്കറിലേക്ക് വ്യാപിപ്പിക്കാനും കഴിഞ്ഞു.

മനാഫിന്റെ മുളന്തോട്ടം

മുള മണ്ണിലേക്ക് വളരെയധികം ജലം ഇറക്കിവിടുമെന്നു കേട്ടിട്ടുണ്ട്, ഈ സസ്യം കൃഷിചെയ്യാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരു പ്രകൃതി സംരക്ഷണം എന്ന ചിന്ത കൂടി ഉണ്ടായിരുന്നോ?

അതെ, മുളകള്‍ ധാരാളം ജലം ഭൂമിയിലേക്ക് ഇറക്കിവിടും അതുമാത്രമല്ല ആല്‍മരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ഡൈയോക്‌സയിഡിനെ സ്വീകരിച്ചു ഓക്‌സിജനെ പുറത്തിവിടുന്ന സസ്യം മുളയാണ്. ഒരു ചെടിയുടെ വേരുതന്നെ ഏകദേശം 10 അടി ചുറ്റളവിലേക്ക് മണ്ണിന്റെ ഉപരിതലത്തില്‍ പരന്നു വളരുന്നതിനാലാണ് ഇവയ്ക്ക് ധാരാളം ജലത്തെ തടഞ്ഞു നിര്‍ത്തി മണ്ണിലേക്ക് ഇറക്കിവിടാന്‍ കഴിയുന്നത്. ഒരു ഊഷരമായ മണ്ണില്‍ കുറച്ചു മുളകള്‍ വെച്ചു നോക്കൂ കാലക്രമത്തില്‍ അവിടെ നിന്ന് ജലം ഉറവയായി ഒഴുകാന്‍ തുടങ്ങും. കൂടാതെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള ഒരു സസ്യം കൂടിയാണ് ഇതു. ആറ്റംബോംബ് വര്‍ഷിക്കപ്പെട്ട ഹിരോഷിമ, നാഗസാക്കി പ്രദേശങ്ങളില്‍ വളര്‍ന്നു വന്ന ഏതാനും സസ്യങ്ങളില്‍ ആദ്യ സ്ഥാനം മുളക്കുണ്ട്. അത്തരത്തില്‍ ഏതൊരു അത്ഭുതസസ്യമാണെന്നു പറയാം.

മറ്റ് കൃഷിയെപ്പോലെ മുള കൃഷിയിലും ന്യൂനതകള്‍ ഉണ്ടാകുമല്ലോ, അവ എന്തെല്ലാമാണ്?

ഈ കൃഷിയില്‍ നേരിടുന്ന ഒരു വെല്ലുവിളി ഇതു "കൂട്ടപ്പൂക്കല്‍" എന്ന പ്രക്രീയക്ക് വിധേയമാകുന്ന സസ്യമാണ്. അതായതു ജീവിതത്തില്‍ ഒരു തവണ മാത്രമേ ഏതു പൂക്കുകയുളൂ, പൂത്തുകഴിഞ്ഞാണ് അവ കൂറേ വിത്തുകള്‍ ഉണ്ടാക്കി സസ്യം ഒരുമിച്ചു നശിച്ചു പോകും. ഒരു സസ്യത്തിന്റെ മാതൃസസ്യം എപ്പോഴാണോ പൂത്ത് ഉണങ്ങുന്നത്, അതോടപ്പം തന്നെ അതിന്റെ പരമ്പരയില്‍പെട്ട പുതിയ തലമുറകള്‍ എല്ലാം തന്നെ കൂട്ടപ്പൂക്കലിനു ഇരയാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം അട്ടപ്പാടിയില്‍ മുളകള്‍ ഇതുപോലെ കൂട്ടപൂക്കളിനു ഇരയായി ഹെക്ടര്‍ കണക്കിന് മുളകള്‍ നശിക്കുകയുണ്ടായി. ഇതായിരിക്കും ഈ കൃഷിയില്‍ അപ്രതീക്ഷിതമായി നേരിടാന്‍ സാധ്യതയുള്ള ഒരു വെല്ലുവിളി.

മുളയുടെ പ്രധാന ഉപയോഗങ്ങള്‍ എന്തൊക്കെ?

ലോകത്തിലെ മൊത്തം മുളകളില്‍ ഡന്‍ഡ്രകലാമസ്, ഓക്‌ലാന്‍ഡ്ര, ബാംബൂസ എന്ന മൂന്നു സ്പീഷിസുകളില്‍ ഏതാണ്ട് അറുപതോളം താരമാണ് ഇന്ത്യയില്‍ വളര്‍ത്തുന്നത് അതില്‍ തന്നെ ഏകദേശം 15 മുതല്‍ 20 തരം ഇനങ്ങള്‍ മാത്രമേ കേരളത്തില്‍ വളര്‍ത്തുന്നുള്ളു. ഇതു ഓരോന്നും ഓരോ ഉപയോഗത്തിനാണ് പോകുന്നത്. ഉദാഹരണത്തിന് ഓക്‌ലാന്‍ഡ്ര സ്പീഷിസില്‍ പെട്ടവ ഈറ്റ, ഒട്ടല്‍ തുടങ്ങി കനം കുറഞ്ഞ ഇനം മുളകള്‍ വട്ടി, കുട്ട, ചൂണ്ട, കൊടികള്‍ മറ്റ് കരകൗശലവസ്തുക്കള്‍ എന്നിവ നിര്‍മ്മിക്കാനാണു ഉപയോഗിക്കുന്നത്. ബാംബൂസ ഇനത്തില്‍ പെടുന്നവ കെട്ടിടനിര്‍മ്മാണത്തിനും, കരകൗശലവസ്തുക്കളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കും. ഞാന്‍ കൂടുതലായി കൃഷിചെയ്യുന്നത് ഒലിവെറി എന്ന ഇനമാണ് ഏതു പ്രധനമായും പന്തല്‍, തോട്ടി, തോണിയുടെ കഴ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് പോകുന്നത്. പിന്നെ ആനമുള്ള എന്ന ഒരു ഈണം ഉണ്ട്, ഇതു നാഴി, പക്ഷികൂട്, തേനീച്ചക്കൂട്, വലിയ കരകൗശലവസ്തുക്കളുടെ നിര്‍മ്മാണത്തിന് തുടങ്ങിയവയ്ക്കാണ് ഉപയോഗിക്കുന്നത്. അങ്ങനെ ഓരോ ഇനത്തിനും ഓരോ വിപണിസാധ്യതയാണ്.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന സഹായങ്ങള്‍ എന്തൊക്കെ ?

മുളയുടെ ഏറ്റവും കൂടുതല്‍ ഉപയോഗവും ഉത്പാദനവും നടക്കുന്നത് ചൈനയിലാണ്, അവിടുത്തെ സര്‍ക്കാര്‍ അതിനു വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അത്തരം ഒരു സാഹചര്യം ഇന്ത്യയിലോ കേരളത്തിലോ ഇല്ല. എനിക്ക് ഒരു നൂറ് ഏക്കര്‍ കൃഷി ഭൂമിയുണ്ടെങ്കിലും എനിക്ക് ഏതു കൃഷി ചെയ്യാന്‍ കഴിയില്ല കാരണം മുള കൃഷി ഭൂപരിധി നിയമത്തിനു കീഴില്‍ വരുന്നതല്ല. അതായതു ഓരോ കുടുംബത്തിന് 15 വരെയാണ് കൃഷിചെയ്യാന്‍ നിയമപ്രകാരം കഴിയുന്നത് അതിനു മുകളില്‍ വരുന്നത് പ്ലാന്റേഷന്‍ വിഭാഗത്തില്‍ പ്പെടുന്നു. എന്നാല്‍, മുളയെ ഗണത്തിലും പെടുത്തിയിട്ടില്ലാത്തതിനാല്‍ 15 ഏക്കറില്‍ കൂടുതല്‍ കൃഷി ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ അത്തരത്തില്‍ സര്‍ക്കാരില്‍ നിന്ന് കൃഷിയ്ക്ക് ലഭിക്കേണ്ട സബ്‌സിഡികള്‍ ഒന്നും തന്നെ മുള കര്‍ഷകനു ലഭിക്കില്ല. ഈ സാഹചര്യത്തില്‍ ആളുകള്‍ ഈ കൃഷിയിലേക്ക് വരാന്‍ താല്പര്യം കാണിക്കുന്നില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

മുഹമ്മദ് അബ്ദുള്‍ മനാഫ്, കോഴി കര്‍ഷകന്‍, മണ്ണാര്‍ക്കാട്

ഈ കൃഷിയിലേക്കു ആളുകളെ കൂടുതലായി ആകര്‍ഷിക്കത്തക്കതരത്തില്‍ എന്താണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് ?

മറ്റ് കൃഷികള്‍ പോലെ മുളകൃഷി സ്വീകരിക്കപ്പെടുകയും വ്യാപിക്കുകയും ചെയ്യനായി സര്‍ക്കാര്‍ നിയമപരമായുള്ള തടസ്സങ്ങള്‍ നീക്കണം. രണ്ടാമതായി, തരിശ്ശായും ഉപയോഗിക്കാതെയും കിടക്കുന്ന സര്‍ക്കാര്‍ ഭൂമികള്‍ കരാറടിസ്ഥാനത്തിലോ മറ്റ് വ്യവസ്ഥയിന്മേലോ തത്പരരായവര്‍ക്ക് നല്‍കിയാല്‍ മുളകൃഷിയിലേക്ക് കൂടുതല്‍ ശ്രദ്ധ കൊണ്ടുവരാനാകും.

കൃഷി ആരംഭിച്ചു എത്ര വര്‍ഷത്തില്‍ വിളവ് എടുക്കാന്‍ കഴിയും, നടീല്‍ രീതി, വളം, കീടനാശാനി പ്രയോഗം എന്നിവ എങ്ങനെ?

മുള നട്ടതിനു ശേഷം 5 മുതല്‍ 7 വര്‍ഷം വരെ ഉള്ള സമയത്തില്‍ സസ്യത്തിന്റെ വളര്‍ച്ച പൂര്‍ത്തിയാകും. തുടര്‍ന്ന് വിളവ് എടുത്തു തുടങ്ങാവുന്നതാണ്. റബ്ബര്‍ കൃഷി പോലെ തന്നെ ചെടികള്‍ വെച്ച് ഈ പറഞ്ഞ വര്‍ഷത്തില്‍ വളര്‍ത്തിയെടുക്കുക എന്ന ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ. പിന്നെ 45 വര്‍ഷത്തോളം ആയുസുള്ള ഈ സസ്യത്തില്‍ നിന്ന് നമുക്ക് സ്ഥിരമായി വരുമാനം ലഭിച്ചുകൊണ്ടേയിരിക്കും. സസ്യങ്ങള്‍ നടുമ്പോള്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന ഇനത്തിന് അനുസരിച്ചാണ് ഇതിന്റെ നടീല്‍ രീതി. ആനമുള എന്ന ഇനമാണെങ്കില്‍ വളരെ പടര്‍ന്നു വളരും അപ്പോള്‍ തൈകള്‍ നടുന്ന സമയത്തു 25 - 30 അടി ദൂരം അകലം വരുന്ന രീതിയില്‍ വേണം ഓരോ തൈകളും നടാന്‍, അതിനാല്‍ ഒരു ഏക്കറില്‍ നൂറെണ്ണം വരെയേ ആനമുളകള്‍ നടാന്‍ കഴിയൂ, എന്നാല്‍ 10 - 12 അടി ദൂരത്തില്‍ ഒലിവെറി എന്ന ഇനം ഒരു ഏക്കറില്‍ മുന്നൂറ് തൈകള്‍ വരെ വെക്കാം. കാര്യമായ കീടങ്ങളുടെ ആക്രമണങ്ങള്‍ ഒന്നും തന്നെ ഇതിനുണ്ടാകാറില്ല എങ്കില്‍പ്പോലും ചെറിയ തോതില്‍ വളര്‍ച്ച ഘട്ടത്തില്‍ രാസകീടനാശനികള്‍ ഉപയോഗിക്കാറുണ്ട്. വളപ്രയോഗം എന്ന നിലക്ക് യൂറിയ, പൊട്ടാഷ്, ഫോസ്‌ഫേറ്റ് കലര്‍ത്തി മൂന്നു വര്‍ഷംവരെ പ്രായമായതൈകള്‍ക്കു ഒരു ചെടിക്കു ഒരു കിലോ എന്ന അനുപാതത്തില്‍ വര്‍ഷത്തില്‍ രണ്ടുതവണ ഇട്ട് കൊടുക്കാറുണ്ട്. 

മനാഫിന്റെ കൃഷി സമീപനങ്ങള്‍ മുള കൃഷി ചെയ്യുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. സൂര്യമുഖി നേന്ത്രവാഴ, റബ്ബര്‍, കുരുമുളക് എന്നിവ ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. കൂടാതെ, കൃഷിരീതികളുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്താനായി യാത്രചെയ്യുകയും, കാര്‍ഷികാനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും മുള കൃഷി സംബന്ധിച്ച് പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍, ഇറച്ചിക്കോഴി ഫാം, അഗ്രി സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയും അലനല്ലൂരിന് സമീപം മനാഫ് നടത്തി വരുന്നുണ്ട്.

Also Read: താറാവ് കൃഷി: വീട്ടുവളപ്പില്‍ ആദായകരമായി ചെയ്യാം

Athira Murali

Journalist, teacher, feminist and film enthusiast.