രണ്ട് ആപ്പിളിനെക്കാള്‍ പോഷകസമ്പുഷ്ടമാണ് നൂറ് ഗ്രാം വാഴപ്പഴം

പഴങ്ങള്‍ നിത്യേന ഭക്ഷണത്തിന്റെ ഭാഗമാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നിരുന്നാലും, ഏതെല്ലാം പഴങ്ങളില്‍ എന്തെല്ലാം അടങ്ങിയിരിക്കുന്നു അവ ശരീരത്തിന് ഏതെല്ലാം തരത്തില്‍ ഗുണകരമാണ് എന്ന നിശ്ചയം അധികമാര്‍ക്കുമില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ കമ്പോളത്തില്‍ കയറിയിറങ്ങുന്ന മിക്കവരുടേയും സഞ്ചിയില്‍ കയറിക്കൂടുന്നത് ആപ്പിള്‍, ഓറഞ്ച്, മുന്തിരി, പൈനാപ്പിള്‍ എന്നിങ്ങനെ കുറച്ച് വിരുതന്മാര്‍ മാത്രമാകുന്നതെങ്ങനെ? വില കൂടുതല്‍ കൊടുത്ത് വാങ്ങുന്ന പഴങ്ങളാണ് ഏറെ ഗുണഫലമുള്ളത് എന്ന നിരീക്ഷണം നടത്തുന്നവരും നമുക്കിടയിലുണ്ട്. ഇതൊന്നും മുന്‍വിധികളല്ല, നിരീക്ഷണങ്ങളാണ്.

ഇനി, അതിശയോക്തി എന്ന് തോന്നിപ്പിക്കുന്ന മറ്റൊരു കാര്യം. "രണ്ട് ആപ്പിൾ കഴിക്കുന്നതിലും ഗുണമേറെയാണ് 100 ഗ്രാം വാഴപ്പഴം കഴിക്കുന്നത്."

ദിവസേന ഓരോ ആപ്പിള്‍ കഴിച്ച് ഡോക്ടറെ ഒഴിവാക്കാമല്ലോ എന്ന് കരുതിയിരുന്നവരൊന്നും വിഷമിക്കേണ്ടതില്ല. ആപ്പിള്‍ എന്ന പഴത്തെ മോശപ്പെടുത്തുകയല്ല, മറിച്ച് വാഴപ്പഴത്തിന്റെ തിരിച്ചറിയപ്പെടാതെ പോയ വിശിഷ്ടഫലങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് ഇങ്ങനെയൊരു പ്രയോഗം.

Also Read: മാനവരാശിയുടെ ചരിത്രത്തോട് ചേര്‍ത്ത് തുന്നപ്പെട്ടിരിക്കുന്ന പഴങ്ങളുടെ ചരിത്രം

ഒന്ന് വിശദീകരിച്ച് നോക്കിയാല്‍ മനസ്സിലാകാവുന്ന കാര്യമാണ് പോഷകഗുണം വളരെക്കൂടുതലുള്ള ഫലമാണ് വാഴപ്പഴം.

100 ഗ്രാം പഴത്തിൽനിന്നും ഏകദേശം 90 കലോറി ഊർജ്ജം ലഭിക്കുന്നു. കൂടാതെ, കോശങ്ങളിൽ വാർദ്ധക്യം പടർത്തുന്ന ഓക്സിജൻന്റെ അമിത സാന്നിധ്യത്തെനീക്കം ചെയ്യാനും (ആന്റി ഓക്സിഡന്റ്) ആവശ്യമായ ധാതുക്കളും (മിനറൽസ്) ജീവകങ്ങളും (വിറ്റമിൻസ്- C, B6) നൽകുവാനും വാഴപ്പഴത്തിന്റെ സ്ഥിര ഉപയോഗംകൊണ്ട് സാധിക്കും. നവജാത ശിശുക്കൾക്ക് പോലും ദഹിക്കാൻ പാകത്തിനുള്ള കുഴമ്പ് രൂപത്തിലാണ് പഴം എങ്കിലും ദഹനത്തിന് ആക്കം കൂട്ടുന്ന നാരുകളും ഇതില്‍ കുറവല്ല.

ദഹനവിധേയമായ നാരുകൾ ആയതിനാൽ തന്നെ അതിസാരം പോലെയുള്ള അസുഖ ലക്ഷണങ്ങൾക്ക് പഴം കാരണമാകുകയുമില്ല. എങ്കിലും, വിട്ടുപോകാതെ പറയേണ്ട മറ്റൊരു കാര്യമെന്തെന്നാല്‍ നിയന്ത്രണ വിധേയമായ രീതിയിലായിരിക്കണം പഴം അകത്താക്കേണ്ടത്. ചെറിയതോതിൽ ഒരു അമ്ലത പഴത്തിനുണ്ട്, അതുമൂലം ദഹനപ്രക്രിയക്ക് അനുകൂലാവസ്ഥസൃഷ്ടിക്കുവാനും ഇതു സഹായിക്കും.

പഴത്തിന് മധുരം നല്‍കുന്നത് അതിലടങ്ങിയിരിക്കുന്ന ലഘു പഞ്ചസാരകളായ ഫ്രക്ടോസും ഗ്ലുക്കോസുമാണ്. ശരീരത്തിന് ഊര്‍ജ്ജം അടിയന്തരമായിരിക്കുന്ന ഘട്ടങ്ങളിൽ നല്ലവണ്ണം പഴുത്ത പഴം കഴിച്ചാല്‍ ആവശ്യമായ ഊര്‍ജ്ജം ഉടൻ ലഭിക്കും. ആരോഗ്യത്തിനുതകുന്ന ഫ്ളാവാനോയിഡുകൾ കരോട്ടിനോയിഡുകൾ എന്നിവയും പഴത്തിൽ ധാരാളമുണ്ട്. പിരിടോക്സിന്‍ അഥവാ വിറ്റാമിന് B6 ന്റെ അമൂല്യ കലവറ കൂടിയാണ് ഇവ. ഉയർന്ന രക്തസമ്മര്‍ദ്ദം, ത്വക്ക് സംബന്ധമായ രോഗങ്ങള്‍, രക്തദോഷം, സ്ത്രീകളുടെ ആർത്തവ പ്രശ്നങ്ങള്‍ എന്നിവയ്ക്കും ആരോഗ്യസുഖത്തിനും ഗര്‍ഭരക്ഷ, ശൈശവപുഷ്ടി തുടങ്ങിയവയ്ക്കും പഴം ഏറെ ഗുണകരമാണ്.

100 ഗ്രാം വാഴപ്പഴത്തിൽ ഏകദേശം 8.7 മില്ലിഗ്രാം (Mg) വൈറ്റമിൻ സി അഥവാ അസ്കോര്‍ബിക് ആസിഡ് അടങ്ങിയിരിക്കുന്നു. ശരീരത്തിലെ എല്ലുകൾക്കുണ്ടാകുന്ന ക്ഷയം, രക്തപിത്തം, ശീതപിത്തം, സ്കർവി, മുറിവുകൾ ഉണങ്ങാതിരിക്കുക തുടങ്ങി നിരവധി അനാരോഗ്യങ്ങളെ അകറ്റിനിറുത്താന്‍ വിറ്റാമിന്‍ സി യുടെ സമ്പുഷ്‌ടീകരണം അത്യാവശ്യമാണ്. രോഗപ്രതിരോധശേഷിക്കും ആന്റി ഓക്സിഡന്റുകളുടെ പുറംതള്ളലിനും എല്ലാം വിറ്റാമിന്‍ സി നല്കുന്നതു വഴി വാഴപ്പഴം സാധ്യമാക്കുന്നു.

Photo Courtesy: J Ajesh Kulakkada

ശരീരത്തിൽ പലപ്പോഴും അമിതമാകാറുള്ള സോഡിയത്തിന്റെ സാന്നിധ്യം നിയന്ത്രിക്കുന്നത് ശരീരത്തിലെ തന്നെ പൊട്ടാസിയത്തിന്റെ അളവാണ്. ഇതിലൂടെ രക്തസമ്മർദ്ദത്തെ ക്രമീകരിക്കാനും, ഹൃദയസ്പന്ദനത്തെ ചിട്ടപ്പെടുത്താനുമെല്ലാം സാധ്യമാണ്. എന്നാൽ നമ്മുടെ ഭക്ഷണത്തിൽ പൊട്ടാസിയത്തിന്റെ സ്രോതസ്സ് പൊതുവെ കുറവാണ്, ആ കുറവ് നികത്താൻ വാഴപ്പഴത്തിനു കഴിയുന്നതു പോലെ മറ്റൊരു ഫലത്തിനും ആകില്ല. 100 ഗ്രാം പഴത്തിൽ 358 മില്ലിഗ്രാം എന്നതാണ് പൊട്ടാസിയത്തിന്റെ അളവ്. ചെമ്പിന്റെ സാനിധ്യവും വാഴപ്പഴത്തിൽ ശ്രദ്ധേയമായ അളവിലുണ്ട്, ചുവന്ന രക്താണുക്കളുടെ ഉല്പാദനത്തിന് ഇവ വളരെ ആവശ്യവുമാണ്. സൂപ്പറോക്സൈഡ് ഡിസ്മുറ്റെസ് (Superoxide  Dismutase/SOD) എന്ന ആന്റിഓക്സിഡന്റിന്റെ ഉല്പാദനത്തിൽ മാംഗനീസ് (Manganese) ഒഴിച്ചുകൂടാനാവാത്തതാണ്, ഇവയും വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

മെഗ്നീഷ്യം എന്ന അവശ്യ സൂക്ഷ്മ മൂലകവും വാഴപ്പഴത്തിൽ നിന്നു ധാരാളമായി ലഭിക്കും. ഇതുകൊണ്ടുതന്നെ വാഴപ്പഴത്തെ ഒരു സമ്പൂർണ ഹൃദയ സൗഹാർദ്ദ ഫലം ആയി ഉദാഹരിക്കാം. ഹൃദയഭിത്തിയുടെ സംരക്ഷണത്തിനും ഹൃദയത്തിന്റെ അയവ് നിലനിർത്തുന്നതിനും നാഡികളിൽ കൂടി സുഖമമായ രക്തചംക്രമണത്തിനും എല്ലാം ഈ മൂലകങ്ങൾസഹായിക്കും. ചുരുക്കത്തിൽ വെറും ഒരു പഴം അല്ല വാഴപ്പഴം എന്ന് ഉറപ്പിക്കാം.

Also Read: ലളിതവും ചെലവ് കുറഞ്ഞതുമായ വാഴകൃഷി

പഴത്തിലുള്ള ഹോമോസൈസ്റ്റിന്റെ സാനിധ്യം ശരീരത്തിന് ഉതകുന്നതല്ല, ഹൃദയാഘാതങ്ങൾക്കോ മറ്റു ഹൃദയ അപക്രിയകൾക്കോ ഇവ ഹേതു ആകാമെന്നാണ് വിലയിരുത്തല്‍. ഇത് പഴത്തിന്റെ ആകെയുള്ള ന്യൂനതയായി കണക്കാക്കാം.

Save

Save

Jithu Krishnan

Researcher, Indian Institute of Science, Bangalore.