നേന്ത്രവാഴ കർഷകർക്ക് കനത്ത മഴ വില്ലൻ; കൃഷിയിടങ്ങളിൽ വെള്ളം കയറുന്നത് ആശങ്ക പരത്തുന്നു

നേന്ത്രവാഴ കർഷകർക്ക് കനത്ത മഴ വില്ലനാകുന്നു; കൃഷിയിടങ്ങളിൽ വെള്ളം കയറുന്നതാണ് കർഷകർക്കിടയിൽ ആശങ്ക പരത്തുന്നത്. കൃഷി സ്ഥലത്ത് മഴവെള്ളം കെട്ടിനിൽക്കുന്നതും കാരണം വേരു ചീയുന്നത് വാഴകൾ പഴുത്ത നിലയിലാകാൻ കാരണമാകുന്നതായി കർഷകർ പറയുന്നു. അതോടെ വാഴക്കുലകളുടെ വളർച്ച മുരടിക്കുകയും ഒടിഞ്ഞു വീഴുകയും ചെയ്യുകയാണ്. പഴുക്കൽ ബാധിച്ച വാഴകളുടെ വിത്തുകളും ഉപയോഗശൂന്യമാകും.

കർഷകർ ഒടിഞ്ഞുവീണ വാഴകളിലെ കുലകൾ കൂട്ടത്തോടെ വിപണിയിലെത്തിച്ചതോടെ വിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. വലിയ തോതിൽ കൃഷി നശിച്ചതോടെ ശേഷിക്കുന്നവക്ക് വൻവില ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ വിളവെടുപ്പ് വൈകിപ്പിച്ചിരുന്നു. ഇതോടെ പഴുക്കാറായ നിലയിലുള്ള വാഴക്കുലകളാണ് ഇപ്പോൾ വിപണിയിൽ അധികവും. ഇത് കേരളത്തിൽ നിന്നുള്ള വാഴക്കുലകളുടെ വില ഇടിയാൻ കാരണമാകുന്നതായി കച്ചവടക്കാരും പറയുന്നു.

ഈ സീസണിൽ 50 രൂപ വരെ കിലോക്ക് വില ഉയർന്നിരുന്നെങ്കിലും ഇപ്പോൾ അത് ശരാശരി 30 രൂപ വരെയായി ഇടിഞ്ഞിട്ടുണ്ട്. എന്നാൽ മഴ തുടങ്ങി വെള്ളം കയറിയതോടെ വിപണിയിലെത്തുന്ന ഗുണനിലവാരം കുറഞ്ഞ വാഴക്കുലകൾക്ക് കാര്യമായ വില ലഭിക്കുന്നില്ല. ശക്തമായി പെയ്ത വേനൽ മഴക്കെടുതി ഒഴിയുന്നതിനു മുമ്പ് കാലവർഷവും വെള്ളപ്പൊക്കവും എത്തിയത് കർഷകരെ വലയ്ക്കുകയാണ്.

Also Read: കാർഷിക വിളയുമല്ല, താങ്ങുവിലയുമില്ല; റബറിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധം ശക്തമാകുന്നു