ബസുമതി അരി ഇന്ത്യയ്ക്ക് ഒരു വർഷം നേടിത്തരുന്നത് 18,000 കോടി രൂപ

ബസുമതി അരി ഇന്ത്യയ്ക്ക് ഒരു വർഷം നേടിത്തരുന്നത് 18,000 കോടി രൂപയെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിംഗ് വ്യക്തമാക്കി. ബസുമതി അരിയുടെ കയറ്റുമതി വഴി വിദേശനാണ്യമായാണ് ഇതിൽ ഭൂരിഭാഗവും രാജ്യത്തിന് ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബസുമതി ഇനങ്ങളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) വികസിപ്പിച്ച 1121 എന്ന അരിയാണ് കയറ്റുമതിയിൽ സിംഹഭാഗവും.

ഇന്ത്യയെ ഭക്ഷ്യ ഇറക്കുമതി രാജ്യമെന്ന നിലയിൽ നിന്ന് ഭക്ഷ്യ കയറ്റുമതി രാഷ്ട്രമെന്ന പദവിയിലേക്ക് ഉയർത്താൻ സഹായിച്ച നിരവധി പുതിയ ഇനങ്ങളും സാങ്കേതികവിദ്യകളും ഐ.സി.എ.ആർ വികസിപ്പിച്ചതായും മന്ത്രി അറിയിച്ചു. 2022 ആകുമ്പോഴേക്കും രാജ്യത്തെ കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതിയിലും ഐ.സി.എ.ആർ നിർണായക പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഐ.സി.എ.ആറിന്റെ 90 മത് ഫൗണ്ടേഷൻ ദിനാചരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കഴിഞ്ഞ കാലത്തെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതിനു പകരം ഇന്നത്തേയും ഭാവിയിലേയും വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ ഐ.സി.എ.ആർ ശ്രദ്ധ പതിപ്പിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. തക്കാളി, ഉള്ളി എന്നിവയടക്കം 189 ഇനങ്ങൾ ഐ.സി.എ.ആർ കഴിഞ്ഞ 6 മാസത്തിനുള്ളിൽ പുറത്തിറക്കിയതായി ഡയറക്ടർ ജനറൽ ത്രിലോചൻ മഹാപത്ര വ്യക്തമാക്കി.

Also Read: മികച്ചയിനം വിത്തുകളും തൈകളും കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാൻ ജൈവിക പദ്ധതിയുമായി കുടുംബശ്രീ