ആളിപ്പടരുന്ന കർഷക രോഷത്തിൽ വിറച്ച് ഗുജറാത്ത് സർക്കാർ; പവർ പ്ലാന്റ് സ്ഥലം ഏറ്റെടുക്കലിനെതിരെ കർഷകർ രംഗത്ത്

ആളിപ്പടരുന്ന കർഷക രോഷത്തിൽ വിറച്ച് ഗുജറാത്ത് സർക്കാർ; പവർ പ്ലാന്റ് സ്ഥലം ഏറ്റെടുക്കലിനെതിരെ കർഷകർ രംഗത്ത്. ഗുജറാത്ത് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനിന് വേണ്ടി ഭാവ്‌നഗര്‍ ജില്ലയിലെ ഏക്കറുകളോളം സ്ഥലമാണ് ബിജെപി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇത് അന്യായമാണെന്ന മുന്നറിയിപ്പുമായി കര്‍ഷകര്‍ രംഗത്തിറങ്ങിയതോടെ എന്ത് വിലകൊടുത്തും പദ്ധതി നടത്തും എന്ന നിലപാടുമായി മുന്നോട്ടു പോകുകയാണ് സര്‍ക്കാര്‍.

കഴിഞ്ഞ ദിവസം സമരക്കാർക്കു നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും മർദ്ദനം അഴിച്ചുവിടുകയും ചെയ്തിരുന്നു. സംഭവത്തിൽ പത്തോളം കർഷകർക്ക് പരുക്കേറ്റതായും 50 ഓളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായും ദ് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 12 ഗ്രാമങ്ങളില്‍ നിന്നുള്ള 1250 കര്‍ഷകരുടെ കൈയ്യില്‍ നിന്നാണ് 3377 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ലിഗ്നൈറ്റ് പ്ലാന്റിന് വേണ്ടി ഈ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സര്‍ക്കാര്‍ തുടങ്ങിയത്.

എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ കര്‍ഷകര്‍ ഇവിടെ സ്ഥിരമായി കൃഷി ഇറക്കുന്നുണ്ട്. ഇതിനിടെയാണ് പദ്ധതിയുമായി ഗുജറാത്ത് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വീണ്ടും രംഗത്തെത്തിയത്. ഇതോടെ കര്‍ഷകരും കമ്പനിയും തമ്മില്‍ സംഘർഷം തുടങ്ങി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് സംഘർഷങ്ങളിൽ പരിക്കേൽക്കുന്നുണ്ട്.

വളരെ തുച്ഛമായ വരുമാനമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും ആകെയുള്ള കൃഷികൂടി പെട്ടെന്ന് ഇല്ലാതായാല്‍ ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെന്നും കർഷകർ പറയുന്നു. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം കമ്പനി വീണ്ടും ഈ ഭൂമി സ്വന്തമാക്കേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കർഷകർ നേരത്തെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഈ വിഷയം വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്.

Also Read: കണിവെള്ളരി പാടങ്ങളിൽ കൊയ്ത്തു കാലം; വിപണിയും വിലയുമില്ലാതെ കർഷകർ

Image: youtube