ജൈവ കീടനാശിനികളുടെ നല്ലകാലം വരുന്നോ? പുത്തൻ കീടനിയന്ത്രണ രീതിയുമായി എടിജിസി ബയോടെക്

പുത്തൻ കീടനിയന്ത്രണ രീതി അവതരിപ്പിക്കുകയാണ് എടിജിസി ബയോടെക് എന്ന ഹൈദരാബാദിൽ നിന്നുള്ള സ്റ്റാർട്ടപ്പ്. 2009 ല്‍ സ്ഥാപിക്കപ്പെട്ട ഈ ഗവേഷണ കേന്ദ്രത്തില്‍ ഡോ. മാര്‍ക്കണ്ഡേയ ഗോറന്തലയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണളാണ് രാസ കീടനാശിനികള്‍ക്ക് ബദലായി ഫലപ്രദമായ ജൈവ കീടനാശിനികൾ വികസിപ്പിച്ചത്. ഈ ജൈവ കീടനാശിനികൾ കാര്‍ഷികമേഖല ഉയര്‍ത്തുന്ന കീടങ്ങളുടെ ഭീഷണി നേരിടാന്‍ പര്യാപ്തമായവയാണെന്ന് ഇന്ത്യന്‍ ബയോടെക്‌നോളജി വകുപ്പ് സാക്ഷ്യപ്പെടുത്തുന്നു.

കീടങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ വിളകള്‍ക്ക് മുകളില്‍ അതിശക്തമായ രാസകീടനാശിനികള്‍ തളിക്കുന്ന രീതിയാണ് പൊതുവില്‍ നിലവിലുള്ളത്. ചില വിത്തുകളില്‍ തന്നെ കീടപ്രതിരോധ രാസപ്രയോഗം നടത്തുന്ന രീതിയുമുണ്ട്. ഇത്തരത്തില്‍ രാസപ്രയോഗം നടത്തുമ്പോള്‍ വിത്ത് വളര്‍ന്ന് ചെടിയായി, വിളയെടുക്കുമ്പോള്‍ ഈ രാസനാശിനിയും അത്രതന്നെ വളര്‍ച്ച പ്രാപിക്കുമെന്നുള്ളത് വിളകള്‍ വിഷാംശമുള്ളവയാകാന്‍ ഇടയാക്കും.

ഡോ. ഗോറന്തല സ്വീകരിക്കുന്ന കീടനിയന്ത്രണ രീതി യൂറോപ്പില്‍ ചില വിളകളില്‍ ഇപ്പോള്‍ നടപ്പിലാക്കിവരുന്നുണ്ട്. കീടങ്ങള്‍ പെറ്റുപെരുകുന്നത് തടയാനുള്ള ഗവേഷണമാണ് അദ്ദേഹം നടത്തിയത്. ഇതിനായി ആദ്യം കീടങ്ങളെ ഡീകോഡ് ചെയ്യുന്നു, പിന്നീട് അവയെ വികസിപ്പിച്ച് വിത്തോടൊപ്പം വ്യാപിപ്പിക്കുന്നു. ആണ്‍കീടങ്ങള്‍ പെണ്‍കീടങ്ങളെ ആകര്‍ഷിക്കുന്ന വസ്തുക്കളാണ് ഇത്തരത്തില്‍ ഡീകോഡ് ചെയ്യുന്നത്.

ഇതിലൂടെ കീടങ്ങളുടെ വ്യാപനം നിയന്ത്രിക്കാനാകും. ഇതിനായി എടിജിസി ബയോടെക് ആണ്‍കീടങ്ങളെ കുഴപ്പത്തിലാക്കുന്ന ചില ഇണചേരല്‍ ചാപല്യങ്ങള്‍ തെറ്റായ സിഗ്നലുകള്‍ വഴി പ്രസരിപ്പിക്കും. കീടങ്ങളുടെ വ്യാപനം നിരീക്ഷിക്കാന്‍ രാജ്യത്ത് ഈ രീതി ഇപ്പോള്‍ തന്നെ പ്രയോഗത്തിലുണ്ട്. എന്നാല്‍ അവയുടെ വംശവര്‍ധന തടയാന്‍ ഈ രീതി ഉപയോഗിക്കുന്നത് ആദ്യമായാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

തികച്ചും കൃഷിസൗഹൃദവും പരിസ്ഥിതി അനുകൂലവും ഉപഭോക്താവിന് സുരക്ഷിതവുമായ ഈ മാര്‍ഗം കര്‍ണാടകയിലെ റയ്ച്ചൂര്‍, ബംഗളൂരു, ഗുജറാത്തിലെ രാജ്‌കോട്ട്, ജൂനഗദ്, തെലങ്കാനയിലെ വികരബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ചില കൃഷികളില്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. അന്തകവിത്ത് നാശം വിതച്ച പരുത്തി, വഴുതിന എന്നിവയിലാണ് ഇവ കൂടുതലായും നടപ്പിലാക്കിവരുന്നത്. തണ്ടുതുരപ്പന്‍ അടക്കമുള്ള കീടങ്ങളെ ഇത്തരത്തില്‍ നിയന്ത്രണ വിധേയമാക്കാന്‍ എടിജിസിക്ക് കഴിഞ്ഞിട്ടുണ്ട്.

Also Read: ചക്ക പ്രേമികൾക്ക് സന്തോഷ വാർത്ത; സംസ്ഥാനത്തെ ആദ്യ ചക്ക റെസ്റ്റോറന്റ് മഞ്ചേരിയില്‍ തുറന്നു

Image: pixabay.com