കയ്പ്പ് തരും പോഷകവും ആദായവും; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാവൽ കൃഷി ലാഭകരമാക്കാം

കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും എളുപ്പം കൃഷി ചെയ്യാവുന്നതും പോഷക സമൃദ്ധമായതും നല്ല ആദായം തരുന്നതുമായ പച്ചക്കറിയാണ് പാവൽ എന്ന കയ്പ്പക്ക. പരിപാലിക്കാൻ ഒരൽപ്പം മെനക്കെടണമെന്നത് ഒഴിച്ചാൽ കർഷകർക്ക് പ്രിയങ്കരിയാണ് പാവൽ. പാവൽ കൃഷി തുടങ്ങാൻ പറ്റിയ സമയമാണ് ജൂലൈ, ആഗസ്റ്റ് മാസങ്ങൾ. അൽപ്പം ശ്രദ്ധിച്ചാൽ കൈനിറയെ വരുമാനവും കുടുംബത്തിന് ആരോഗ്യവും പാവൽ ഉറപ്പു നൽകുന്നു.

പാവല്‍ കൃഷി ചെയ്യുന്ന മണ്ണ് കുറഞ്ഞത് ഒരടി ആഴത്തില്‍ കിളച്ച് കട്ട പൊടിച്ച് പാകപ്പെടുത്തലാണ് ആദ്യപടി. നീര്‍വാര്‍ച്ചയുള്ളതും ഇളക്കമുള്ളതും നല്ല ജൈവാംശമുള്ളതുമായ മണ്ണായിരിക്കണം കൃഷിയ്ക്കായി തെരഞ്ഞെടുക്കേണ്ടത്.
കുഴിയെടുക്കുമ്പോള്‍ തന്നെ തടമൊന്നിന് 100 ഗ്രാം കുമ്മായപ്പൊടി/ഡോളമൈറ്റ് എന്നിവ ചേര്‍ത്ത് നേരിയ ഈര്‍പ്പം ഉറപ്പുവരുത്തി രണ്ടാഴ്ചയോളം വെറുതെ ഇടുന്നതും മണ്ണ് പാകപ്പെടാൻ നല്ലതാണ്.

രണ്ടാഴ്ചയോളം കഴിഞ്ഞ് മണ്ണ് പാകമായാൽ തടമൊന്നിന് 10 കി.ഗ്രാം അഴുകിപ്പൊടിഞ്ഞ ചാണകം, 100 ഗ്രാം എല്ലുപൊടി, 100 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, 10 ഗ്രാം വാം, 10 ഗ്രാം അസോ സ്പൈറില്ലം, 10 ഗ്രാം ഫോസ്ഫോ ബാക്ടീരിയ എന്നിവ ചേര്‍ത്തു നല്‍കാം. ഇരുപത്തിനാല് മണിക്കൂര്‍ നറുംപാലില്‍ മുക്കിയിട്ടതിന് ശേഷം വിത്തു വിതക്കുന്നതും നല്ല ഫലം നൽകും. കുതിര്‍ത്ത വിത്ത് സ്യൂഡോമൊണാസ് പൊടിയില്‍ മുക്കി നട്ടാല്‍ രോഗപ്രതിരോധ ശേഷിയും ലഭിക്കും.

നട്ട് 15 ദിവസം കഴിഞ്ഞ് 15 ഗ്രാം യൂറിയ, 50 ഗ്രാം മസൂറിഫോസ്,25 ഗ്രാം പൊട്ടാഷ് എന്നിവ മേല്‍വളമായി ചേര്‍ക്കാം. കൂടാതെ ആറിരട്ടി നേര്‍പ്പിച്ച ഗോമൂത്രം, 2% വളച്ചായ, പച്ചച്ചാണകം കലക്കിയ വെള്ളം എന്നിവയും തടത്തില്‍ ഒഴിച്ചുകൊടുക്കണം. രണ്ടാഴ്ചയിലൊരിക്കല്‍ 2% വേപ്പെണ്ണ ബാര്‍സോപ്പ്-വെളുത്തുള്ളി എമല്‍ഷന്‍, 2% സ്യൂഡോമോണാസ് ലായനി എന്നിവ ഇലകളിലും തടത്തിലും തളിച്ചു കൊടുക്കാം.

ഒരു തടത്തില്‍ അഞ്ച് വിത്തെങ്കിലും വിതച്ച് കരുത്തുള്ള 2, 3 ചെടികള്‍ മാത്രം നിലനിർത്താൻ ശ്രദ്ധിക്കണം. വള്ളി വീശി തുടങ്ങുമ്പോൾ മുതൽ ആഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് നീരൂറ്റി കുടിക്കുന്ന പ്രധാനപെട്ട കീടങ്ങളായ പച്ചത്തുള്ളൻ മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകൾ എന്നിവയിൽ നിന്നും ചെടികളെ സംരക്ഷിക്കാം.

Also Read: മണ്ണിനും വായുവിനും പുതുജീവൻ നൽകുന്ന അസോളയുടെ മാജിക് വളം, കാലിത്തീറ്റ നിർമാണത്തിലും

Image: pixabay.com