BRICS കാര്‍ഷിക ഗവേഷണ കേന്ദ്രം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ സാധ്യത

ന്യൂ ഡല്‍ഹി: കാര്‍ഷിക മേഖലയുടെ വികസനം, ശാസ്ത്രീയ പഠന-ഗവേഷണ സാധ്യതകളുടെ സമന്വയം, പദ്ധതി രൂപീകരണം, സാങ്കേതിക കൈമാറ്റം, ശാസ്ത്രീയ വിജ്ഞാന കൈമാറ്റം, പരിശീലനം എന്നിവ ലക്ഷ്യം വെച്ച് ഇന്ത്യയില്‍ BRICS (Brazil, Russia, India, China and South Africa) കാര്‍ഷിക ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ സാധ്യത. BRICS കൂട്ടായ്മയിലെ രാജ്യങ്ങളിലെ കൃഷി, കൃഷിവികസന മന്ത്രിമാരുടെ ആറാമത് സമ്മേളനം സെപ്റ്റംബര്‍ 22 ന് ന്യൂ ഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ രാജ്യത്തിന്റെ താത്പര്യം മുന്നോട്ട് വെക്കുന്നത്. കേന്ദ്ര കാര്‍ഷിക മന്ത്രാലയം രണ്ട് ദിവസത്തേക്ക് സംഘടിപ്പിച്ച സമ്മേളനത്തില്‍ കൃഷി വിജ്ഞാന കൈമാറ്റം, ഭക്ഷ്യ സുരക്ഷകൊണ്ട് ദാരിദ്രത്തെ മറികടക്കല്‍, കൃഷിയെ ബാധിക്കുന്ന കാലാവസ്ഥാവ്യതിയാനം, നിക്ഷേപം, വ്യാപാരം എന്നീ വിഷയങ്ങളിലുള്ള സഹകരണമാണ് പ്രവര്‍ത്തന പരിപാടിയില്‍ ഉള്‍പ്പെടുത്തി  ചര്‍ച്ച ചെയ്യുകയെന്ന് കാര്‍ഷിക മന്ത്രാലയം അറിയിച്ചു. ബ്രിക്‌സ് കൂട്ടായ്മയിലെ എല്ലാരാജ്യങ്ങളുടേയും സാമ്പത്തികരംഗത്ത് കാര്‍ഷികമേഖലയുടെ സ്വാധീനം വളരെ ശക്തമാണെന്ന വസ്തുതയാണ് സമ്മേളനത്തെ ശ്രദ്ധിക്കപ്പെടുത്തുന്ന ഒരു ഘടകം. ഒക്ടോബര്‍ 15, 16 തീയതികളിലാണ് ഗോവയില്‍ വെച്ചാണ് പ്രധാന ബ്രിക്സ് ഉച്ചകോടി നടക്കുക.