സംസ്ഥാനത്ത് 500 കൂടുമത്സ്യ കൃഷി യൂണിറ്റുകൾ തുടങ്ങാൻ 15 കോടി രൂപയുടെ പദ്ധതിയുമായി സിഎംഎഫ്ആർഐ

സംസ്ഥാനത്ത് 500 കൂടുമത്സ്യ കൃഷി യൂണിറ്റുകൾ തുടങ്ങാൻ 15 കോടി രൂപയുടെ പദ്ധതിയുമായി സിഎംഎഫ്ആർഐ. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര മത്സ്യോൽപാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) മത്സ്യകർഷകരുടെ പങ്കാളിത്തത്തോടെ 500 കൂടുമത്സ്യ കൃഷി യൂണിറ്റുകൾ തുടങ്ങുന്നു. മത്സ്യ കൃഷി ആരംഭിക്കുന്നതിന് സാങ്കേതിക സഹായവും സബ്‌സിഡിയും സിഎംഎഫ്ആർഐ നൽകും. കേന്ദ്ര കാർഷിക മന്ത്രാലയ ഏജൻസിയായ നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡിന്റെ (എൻഎഫ്ഡിബി) സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഒറ്റയ്‌ക്കും സംഘമായുമുള്ള കൂടുകൃഷിയുടെ മുതൽമുടക്കിന്റെ 40 ശതമാനമാണ് സബ്‌സിഡി നൽകുക. സ്ത്രീകൾക്കും എസ്എസി-എസ്ടി വിഭാഗക്കാർക്കും 60 ശതമാനം സബ്‌സിഡി നൽകും. സംസ്ഥാനത്തെ തീരദേശ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ കൂടുമത്സ്യ കൃഷി നടപ്പിലാക്കുന്നത്. നാല് മീറ്റർ വീതിയും നീളവും മൂന്ന് മീറ്റർ ആഴവുമുള്ള കൂടുകളിലാണ് കൃഷി. കാളാഞ്ചി, കരിമീൻ, മോത, വറ്റ, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങളാണ് കൃഷി ചെയ്യുക. സിഎംഎഫ്ആർഐയിലെ മാരികൾച്ചർ വിഭാഗത്തിനാണ് പദ്ധതിയുടെ മേൽനോട്ടം.

സിഎംഎഫ്ആർഐയുടെ പദ്ധതിയിൽ കൂടുമത്സ്യ കൃഷി തുടങ്ങാൻ വേലിയിറക്ക സമയത്ത് മൂന്ന് മീറ്ററെങ്കിലും താഴ്‌ചയുള്ള ജലാശയങ്ങളിൽ കൃഷിയിറക്കാൻ സാധിക്കുന്നവർക്കാണ് അവസരം. സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃഷി രീതിയാണ് അവലംബിക്കേണ്ടത്. കൃഷി ചെയ്യാൻ പോകുന്ന ജലാശയവും പരിസരവും സിഎംഎഫ്ആർഐയിലെ വിദഗ്ധർ പരിശോധിച്ച് അനുയോജ്യമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമാണ് അപേക്ഷകൾ പരിഗണിക്കുക. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കൂടി വിലയിരുത്തിയാണ് യൂണിറ്റുകൾ അനുവദിക്കുന്നത്.

കൂടുമത്സ്യ കർഷകരെ സഹായിക്കുന്നതിനായി സംസ്ഥാനത്ത് മൂന്നിടങ്ങളിൽ അക്വാവൺ ലാബുകളും തുടങ്ങും. ജലഗുണനിലവാര പരിശോധന, രോഗനിർണയം തുടങ്ങിയ സേവനങ്ങളാണ് അക്വാവൺ ലാബിൽ നിന്ന് കർഷകർക്ക് ലഭിക്കുക. ലാബുകൾ തുടങ്ങുന്നതിന് യോഗ്യരായവർക്ക് മുതൽ മുടക്കിന്റെ 50 ശതമാനം പദ്ധതിയിൽ നിന്ന് സബ്‌സിഡിയായി ലഭിക്കും. ലാബ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ cmfri.org.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Also Read: 10 ലക്ഷം മുന്തിയ ഇനം കശുമാവിന്‍ തൈകള്‍ സൗജന്യമായി വിതരണം ചെയ്യാൻ കശുമാവ് കൃഷി വികസന ഏജന്‍സി; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

Image: pixabay.com