സിംബാബ്‌വെയിൽ ഇനി കഞ്ചാവും വിളയും; കഞ്ചാവു കൃഷി നിയമവിധേയമാക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ രാജ്യം

സിംബാബ്‌വെയിൽ ഇനി കഞ്ചാവും വിളയും; കഞ്ചാവു കൃഷി നിയമവിധേയമാക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ രാജ്യമായിരിക്കുകയാണ് സിംബാബ്‌വെ. മരുന്ന് നിര്‍മ്മാണത്തിനും ശാസ്ത്രീയ ആവശ്യങ്ങള്‍ക്കുമായി കഞ്ചാവ് കൃഷി നടത്താന്‍ സിംബാബ്‌വെ സര്‍ക്കാര്‍ കൃഷിക്കാർക്ക് അനുവാദം നല്‍കി. കര്‍ശന നിര്‍ദേശങ്ങളോടെയാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കിയത്.

ആരോഗ്യ മന്ത്രാലയത്തിനാണ് കഞ്ചാവ് കൃഷിക്കായി ലൈസന്‍സ് നല്‍കാനുള്ള അധികാരം. നിശ്ചിത ഫീസും കൃഷി സംബന്ധിച്ച വ്യക്തമായ പ്ലാനോടും കൂടിയാണ് ലൈസന്‍സിനായി അപേക്ഷിക്കേണ്ടത്. രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമാണ് കഞ്ചാവ് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിച്ചെയ്യുന്നതിനുള്ള ലൈസന്‍സ് ലഭിക്കുകയുള്ളു. സിംബാബ്വെ സര്‍ക്കാരുമായി വാണിജ്യബന്ധമുള്ള കമ്പനികള്‍ക്കാണ് കഞ്ചാവ് വാങ്ങാനും മരുന്നിനും മറ്റുമായി ഉപയോഗിക്കാനും കഴിയുക.

ഇതിന് പുറമേ കൃഷി ചെയ്യുന്ന അളവും മറ്റ് വിവരങ്ങളും സംബന്ധിച്ച് കൃത്യമായ പരിശോധനകള്‍ ഉണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു. അഞ്ച് വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ കൃഷിക്കായുള്ള ലൈസന്‍സ് നല്‍കുന്നത്. ഇത് തുടര്‍ന്ന് പുതുക്കാവുന്നതാണ്. കര്‍ഷകന്റെ പദ്ധതിപ്രകാരം എത്രയളവ് ഉത്പാദനം നടത്തുമെന്നത് സംബന്ധിച്ച കൃത്യമായ കണക്കുകളും അപേക്ഷയോടൊപ്പം നല്‍കണം.

കഞ്ചാവ് കൃഷി ചെയ്യുന്നതിനും വില്‍ക്കുന്നതിനും കയറ്റി അയക്കുന്നതിനും ഉള്‍പ്പെടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് വേവ്വേറ ലൈസന്‍സ് നേടിയിരിക്കണം. ആസ്ത, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ചികിത്സയ്ക്കായി നിയമവിരുദ്ധമായിരുന്നിട്ട് കൂടിയും സിംബാബ്വെയില്‍ കഞ്ചാവ് വ്യാപകമായി കൃഷിച്ചെയ്യുന്നുണ്ട്. 2017 ൽ ദക്ഷിണാഫ്രിക്കൻ കോടതിയാണ് ആഫ്രിക്കയിൽ ആദ്യമായി കഞ്ചാവ് കൃഷിയ്ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

Also Read: ഇഞ്ചിപ്പുല്ല് കൃഷി തരുന്നു ഉറപ്പായ വരുമാനം

Image: pixabay.com