ഏലയ്ക്ക വില താഴോട്ട്; ആശങ്കയോടെ കർഷകർ

ഏലയ്ക്ക വില താഴോട്ട്; ആശങ്കയോടെ കർഷകർ. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഉല്‍പാദനം വര്‍ധിച്ചെങ്കിലും വില ഉയരാത്തത് കര്‍ഷകരെ വലക്കുകയാണ്. കിലോയ്ക്ക് 1000 രൂപവരെ ലഭിച്ചിരുന്നത് 800 മുതൽ 900 രൂപവരെയായി ഇടിയുകയായിരുന്നു.

മഴ ലഭിക്കാത്ത ചില മേഖലകളില്‍ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങിയതും ചെറുകിട കര്‍ഷകരെ പ്രതികൂലമായി ബാധിച്ചു. ഏലയ്ക്ക വ്യാപകമായി കൃഷി ചെയ്യുന്ന നെടുങ്കണ്ടം, പാമ്പാടുപാറ, തൂക്കുപാലം, ഉടുമ്പന്‍ചോല, കരുണാപുരം എന്നീ തോട്ടം മേഖലകളില്‍ കനത്ത വേനല്‍ ചൂടില്‍ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങി.

അതിനിടെ നേരിയ തോതിൽ ലഭിച്ച വേനല്‍മഴ ഏലം കർഷകർക്ക് ആശ്വാസമായെങ്കിലും വില താഴോട്ടുതന്നെ. വേനലില്‍ ഏലച്ചെടി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്. പല ഏല കര്‍ഷകരും ഏലം കൃഷി പരിപാലിക്കുന്നതിനായുള്ള കനത്ത ചെലവുമൂലം കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്.

Also Read: റബർ കൃഷിയ്ക്കൊപ്പം ഇനിയൽപ്പം തോട്ടപ്പയർ കൃഷിയാവാം

Image: pixabay.com