റബ്ബറിനോടുള്ള കേന്ദ്ര അവഗണന തുടരുന്നു; കയറ്റുമതിക്കുള്ള കാർഷികോൽപ്പന്നങ്ങളിൽ റബ്ബറില്ല

റബ്ബറിനോടുള്ള കേന്ദ്ര അവഗണന തുടരുന്നു; കയറ്റുമതിക്കുള്ള കാർഷികോൽപ്പന്നങ്ങളിൽ റബ്ബറില്ല. പകരം വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുവായാണ് കേന്ദ്രം റബ്ബറിനെ പരിഗണിക്കുന്നത്. ഇത് റബ്ബറിന് മറ്റു കാർഷികോൽപ്പന്നങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കാൻ തടസമാകുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ റബ്ബര്‍ ഉല്‍പാദനത്തിന്‍റെ 80 ശതമാനത്തിലധികം കേരളത്തിലാണെങ്കിലും ഇവിടുത്തെ ഒരു ജില്ലയെപോലും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുളള പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തത് സംസ്ഥാനത്തിന്റെ പ്രതിഷേധത്തിന് കാരണമായിരുന്നു.

കേരളത്തിന്റെ ഏറ്റവും പ്രധാന നാണ്യവിളയായ റബ്ബറിന് നേരിടേണ്ടി വരുന്ന ഈ അവഗണന റബ്ബർ ഉൽപ്പാദക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി കർഷകർ പറയുന്നു. വിള കയറ്റുമതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതും പിന്നീട് ഉള്‍പ്പെടുത്താമെന്ന് പറയുന്നതും റബ്ബര്‍ ബോര്‍ഡ് മുഖേന നല്‍കുന്ന കൃഷി സബ്സിഡി നല്‍കാത്തതും കേരളം ആവശ്യപ്പെട്ടിട്ടും ജി.എസ്.ടി. കൗണ്‍സില്‍ റബ്ബറിന് മൂന്നുശതമാനം സെസ് ഏര്‍പ്പെടുത്താത്തതും സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതിക്കു മാത്രം സംരക്ഷിത ചുങ്കം ഇല്ലാത്തതുമൊക്കെ ഇതിന്റെ ഭാഗമായി കർഷർ ചൂണ്ടിക്കാട്ടുന്നു.

കയറ്റുമതിക്കു പറ്റിയ കാര്‍ഷികോത്പന്നങ്ങളുടെ ലിസ്റ്റില്‍ ഉൾപ്പെടാത്തത് റബ്ബറിന്റെ ഉത്പാദനം, ഉത്പന്ന നിര്‍മാണം, വിതരണം, വിപണനം എന്നിവയിലെല്ലാം ദൂരവ്യാപകഫലം ഉളവാക്കുമെന്നാണ് ആശങ്ക. അതിനുപുറമേ
റബ്ബര്‍ ബോര്‍ഡിന് നല്‍കുന്ന വിഹിതം വര്‍ഷംതോറും കുറക്കുന്നതും ആശങ്കയുളവാക്കുന്നു. റബ്ബര്‍ ബോര്‍ഡിന്റെ പ്രാദേശിക ഓഫീസുകളില്‍ പലതിന്റെയും പ്രവര്‍ത്തനം നിലച്ചതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കുകൾ അനുസരിച്ച് സ്വഭാവിക റബ്ബറിന്റെ ഉല്പാദനം 16 ശതമാനത്തോളം ഇടിഞ്ഞിരുന്നു. 2017 ഫെബ്രുവരിയിൽ 62,000 ടൺ ഉൽപ്പാദിച്ചത് 2018 ഫെബ്രുവരിയിൽ 52,000 ടൺ ആയി കുറഞ്ഞതായി റബ്ബർ ബോർഡിന്റെ കണക്കുകൾ പറയുന്നു. റബ്ബർ ഉപഭോഗം പത്തു ലക്ഷം ടൺ കഴിഞ്ഞ് സർവകാല റെക്കോർഡിലെത്തി നിൽക്കുമ്പോഴാണ് ഈ അവസ്ഥ.

റബ്ബർ ഉല്പാദനത്തിലും വിപണി ആവശ്യത്തിലുമുള്ള വിടവ് മറികടക്കാൻ ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവാണ് രാജ്യത്തെ റബ്ബറിന്റെ പ്രധാന ഉപയോക്താക്കളായ ടയർ നിർമ്മാതാക്കളുടെ ആവശ്യം. ഇന്ത്യൻ വിപണിയുടെ ആവശ്യത്തിനുതന്നെ തികയാത്തതിനാൽ റബ്ബർ കയറ്റുമതിയാകട്ടെ ഏറ്റവും താഴ്ന്ന നിലയിലുമാണ്.

കേന്ദ്രസര്‍ക്കാരിന്‍റെ കരട് കാര്‍ഷിക കയറ്റുമതി നയത്തില്‍ അമ്പത് ജില്ലാ ക്ലസ്റ്ററുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 22 ഉല്‍പ്പന്നങ്ങളാണ് ഇതില്‍ വരുന്നത്. എന്നാല്‍ പൈനാപ്പിള്‍, ഇഞ്ചി എന്നിവയില്‍ മാത്രമാണ് കേരളത്തില്‍ ക്ലസ്റ്ററുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതും കയറ്റുമതി സാധ്യതയുളളതുമായ ഉല്‍പ്പന്നങ്ങളെയെല്ലാം ഒഴിവാക്കിയാണ് ക്ലസ്റ്ററുകള്‍ രൂപീകരിച്ചത്.

Also Read: ഒമാനിലെ സലാലയിൽ ആഞ്ഞടിച്ച മെകുനു ചുഴലിക്കാറ്റ് തകർത്തത് മലയാളി കർഷകരുടെ സ്വപ്നങ്ങൾ; പ്രവാസി കർഷകർക്ക് വൻ സാമ്പത്തികനഷ്ടം

Image: pixabay.com