ആദിവാസി വിഭാഗത്തിൽപ്പെട്ടവരെ കൂടു മത്സ്യകൃഷി സംരംഭകരാക്കാന്‍ സൗജന്യ പരീശീനവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

ആദിവാസി വിഭാഗത്തിൽപ്പെട്ടവരെ കൂടു മത്സ്യകൃഷി സംരംഭകരാക്കാന്‍ സൗജന്യ പരീശീനവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം. കൂടു മത്സ്യകൃഷിയില്‍ ചെറുകിട സംരംഭകരാകാനുള്ള സാങ്കേതിക പരിശീലനമാണ് സിഎംഎഫ്‌ആര്‍ഐ ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) ട്രൈബല്‍ സബ് പ്ലാന്‍ ഉപയോഗിച്ചാണ് സിഎംഎഫ്‌ആര്‍ഐ പദ്ധതി നടപ്പാക്കുന്നത്.

പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും സിഎംഎഫ്‌ആര്‍ഐയിലെ ട്രൈബല്‍ സബ് പ്ലാന്‍ ചെയര്‍മാനുമായ ഡോ. കെ മധുവിന്റെ നേതൃത്വത്തില്‍ സിഎംഎഫ്‌ആര്‍ഐയിലെ മാരികള്‍ച്ചര്‍ വിഭാഗത്തിലെ ഗവേഷക സംഘം 20 ന് കോട്ടയം ജില്ലയില്‍ വൈക്കത്ത് ആദിവാസി വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് സൗജന്യ പരിശീലനം നല്‍കും. കൂടു മത്സ്യകൃഷി ഉപജീവന മാര്‍ഗമാക്കി സ്വയം സംരംഭകരാകാന്‍ സഹായിക്കുന്ന വിധത്തിലാണ് പരിശീലനം രൂപപ്പെടുത്തിയിരിക്കുന്നത്.

കൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നത് തൊട്ട് മത്സ്യം വിപണിയിലെത്തിക്കുന്നത് വരെയുള്ള സംരംഭത്തിന്റെ എല്ലാ ഘട്ടങ്ങളും സിഎംഎഫ്‌ആര്‍ഐ പരിചയപ്പെടുത്തും. സ്ഥല നിര്‍ണയം, ബജറ്റിംഗ്, യോജിച്ച മത്സ്യയിനങ്ങളെ തിരഞ്ഞെടുക്കല്‍, കൂടുനിര്‍മാണം, തീറ്റ നല്‍കല്‍, മറ്റ്കൃഷിരീതികള്‍, വിളവെടുപ്പ്, വിപണനം എന്നീ മേഖലകളിലാണ് സാങ്കേതിക പരിശീലനം. വൈക്കം, ടിവി പുരം പഞ്ചായത്തിലെ ഐഎച്ച്‌ഡിപി കോളനിയിലെ കമ്യൂണിറ്റി ഹാളിലാണ് പരിപാടി.

ചെലവ് കുറഞ്ഞതും തദ്ദേശീയമായ രീതിയില്‍ വികസിപ്പിച്ചതുമായ സിഎംഎഫ്‌ആര്‍ഐയുടെ സാങ്കേതികവിദ്യയാണ് ആദിവാസി കുടുംബങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. ചെറുകിട കൂടുകൃഷി യൂണിറ്റുകള്‍ സ്ഥാപിച്ച്‌ സ്വയം സംരംഭകരാകാന്‍ ആദിവാസി വിഭാഗങ്ങളെ സഹായിക്കുന്ന രീതിയിലാണ് പരിശീലനം. ഇതിന് ശേഷം കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള, കൂടുകൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങളുള്ള ആദിവാസി കോളനികളിലും സിഇഎഫ്ആർഐ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.

പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് കെ മധുവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9447759025.

Also Read: വയനാടിന് പ്രത്യേക കാർഷിക മേഖലാ പദവി; 4 വർഷം കൊണ്ട് വൻ കാർഷിക വികസനത്തിന് പദ്ധതി

Image: pixabay.com