തെങ്ങ് കൃഷിയുടെ സമഗ്രവികസനത്തിനായി കൃഷിവകുപ്പിന്റെ കേരഗ്രാമം പദ്ധതി വ്യാപിപ്പിക്കുന്നു; കോക്കനട്ട് അഗ്രോപാർക്ക് ഈ വർഷം

തെങ്ങ് കൃഷിയുടെ സമഗ്രവികസനത്തിനായി കൃഷിവകുപ്പിന്റെ കേരഗ്രാമം പദ്ധതി വ്യാപിപ്പിക്കുന്നു; കോക്കനട്ട് അഗ്രോപാർക്ക് ഈ വർഷം. നാളികേരത്തിന്റെ ഉദ്പാദനം വർദ്ധിപ്പിക്കാൻ പരീക്ഷിച്ചു വിജയിച്ച വിളപരിപാലന
മുറകളാണ് നടപ്പാക്കുന്നത്. എല്ലാ ജില്ലകളിലും തുടക്കമിട്ട പദ്ധതി പുതിയ കാർഷിക മാതൃകകൾ അവലംബിച്ച് വിപുലപ്പെടുത്തും. വികസന പദ്ധതികൾ ആവിഷ്കരിക്കാൻ കൃഷിമന്ത്രി ചെയർമാനായി കോക്കനട്ട് മിഷൻ രൂപീകരിക്കും.

അത്യുൽപാദന ശേഷിയുള്ളൂ കുറിയ ഇനം തെങ്ങുകളുടെ ശാസ്ത്രീയ കൃഷി പ്രോത്സാഹിപ്പിക്കുക, തെങ്ങുകളുടെ രോഗങ്ങൾക്കെതിരായ പ്രതിരോധ മാർഗങ്ങൾ കാമ്പയിനായി നടപ്പാക്കുക, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് 269.24 ലക്ഷം രൂപയുടെ മാസ്റ്റർ പ്ലാൻ എന്നിവയാണ് കേര കർഷകർക്കായി കൃഷി വകുപ്പിന്റെ മറ്റു പ്രധാന പദ്ധതികൾ.

പ്രായാധിക്യവും രോഗവും മൂലം ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകളെ ശാസ്ത്രീയമായി പരിപാലിക്കാൻ നാളികേര വികസന ബോർഡും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നാളികേര ഉല്പാദന, വിപണനസാദ്ധ്യത പ്രയോജനപ്പെടുത്തുന്നതിന് ഈ സാമ്പത്തിക വർഷം കോഴിക്കോട് കൂത്താളി ഫാമിലും മലപ്പുറം മുണ്ടേരി അഗ്രികൾച്ചറൽ ഫാമിലും കോക്കനട്ട് അഗ്രോപാർക്ക് സ്ഥാപിക്കും.

അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനാണ് ചുമതല. വ്യക്തികൾക്കും കാർഷിക സംഘങ്ങൾക്കും ഇവിടത്തെ സൗകര്യങ്ങൾ ഉപയോഗിക്കാം. നാളികേര മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും കേരോല്പന്ന
സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുമുള്ള സംരംഭങ്ങൾ അഗ്രോപാർക്ക് വഴി തുടങ്ങാനാകും.

"സമഗ്ര നാളികേര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. തേങ്ങയുടെ ഉത്പാദനവും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം തേങ്ങയുടെ വില ഉറപ്പാക്കുകയും വേണം. ഇതിന്റെ ഗുണഫലം വൈകാതെ കർഷകർക്ക് ലഭിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷ," കൃഷിമന്ത്രി വി.എസ് സുനിൽകുമാർ വ്യക്തമാക്കി.

Also Read: വടക്കൻ കേരളത്തിലെ ആദ്യ നെല്ല് മ്യൂസിയം മലപ്പുറത്ത്; സന്ദർശകരെ കാത്തിരിക്കുന്നത് 75 ഓളം നെ‌ൽവിത്തിനങ്ങൾ

Image: pixabay.com