വിദേശ വിപണികൾക്കായി ഒടിവും ചതവുമില്ലാത്ത വാഴപ്പഴം; സ്വകാര്യ, പൊതു മേഖലകളുടെ സഹകരണ മാതൃക തമിഴ്നാട്ടിൽ നിന്നും
വിദേശ വിപണികൾക്കായി ഒടിവും ചതവുമില്ലാത്ത വാഴപ്പഴം; സ്വകാര്യ, പൊതു മേഖലകളുടെ സഹകരണ മാതൃക തമിഴ്നാട്ടിൽ നിന്നും. മതിയായ പശ്ചാത്തല സൗകര്യമില്ലാത്ത കാരണത്താൽ കാർഷികോൽപന്നങ്ങളുടെ കയറ്റുമതിയിൽ തിരിച്ചടി നേരിടുമ്പോഴാണ് വൻ തുക മുടക്കി സംഭരണ, സംസ്കരണ സൗകര്യങ്ങൾ ഒരുക്കാൻ തിരുപ്പൂരിലെ ഗ്രീനേഴ്സ് അഗ്രോ പ്രോഡക്ട്സ് എന്ന കയറ്റുമതി സ്ഥാപനം മുൻകൈയ്യെടുക്കുന്നത്. ഓസ്ട്രിയയിലേക്ക് വാഴപ്പഴം ഇറക്കുമതി ചെയ്യാനാഗ്രഹിക്കുന്ന ഒരു സംരംഭകനുമായി കൈകോർത്താണ് പദ്ധതി.
വിളവെടുത്ത വാഴക്കുലകൾ സംഭരണകേന്ദ്രത്തിൽ എത്തിക്കുന്നതിനുള്ള കൺവയർ സംവിധാനമാണ് ഗ്രീനേഴ്സ് അഗ്രോപ്രോഡക്ട്സും തിരുച്ചിറപ്പിള്ളിയിലെ ദേശീയ വാഴ ഗവേഷണകേന്ദ്രവും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. ചെന്നൈ ഐഐടിയിൽനിന്നുള്ള ഒരു സാങ്കേതികവിദഗ്ധനും ഇതിൽ പങ്കാളിയാണ്. ഇവർ രൂപകൽപന ചെയ്ത മാതൃക വിദേശപങ്കാളികൾ അംഗീകരിച്ചുകഴിഞ്ഞു. പദ്ധതിക്കു വേണ്ട സാമ്പത്തികപിന്തുണയ്ക്ക് വിയന്നയിലെ ഇറക്കുമതി സ്ഥാപനം ഗ്രീനേഴ്സ് ഇന്ത്യയെ സഹായിക്കും.
ഇന്ത്യൻ വാഴപ്പഴ ഇനങ്ങൾ യൂറോപ്യൻ നിലവാരത്തിൽ ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് കൺവയർ സംവിധാനം നടപ്പിലാക്കുന്നത്. കയറ്റുമതി ചെയ്യാനുള്ള വാഴപ്പഴം സംഭരിച്ചു പായ്ക്ക് ചെയ്യുന്നതിനായി ഗ്രീനേഴ്സ് ഉടമ കെ.വി. ഏഴിലൻ പൊള്ളാച്ചിയിൽ 10 കോടി രൂപ മുതൽമുടക്കിൽ പായ്ക്ക്ഹൗസും നിർമിച്ചുകഴിഞ്ഞു. ഗ്രാൻഡ് നെയിൻ ഇനത്തിൽപെട്ട ഒരു ക്വിന്റൽ വാഴപ്പഴമാണ് ആദ്യം ഇവിടെനിന്നു കയറ്റി അയയ്ക്കുക.
പദ്ധതി യാഥാർഥ്യമാകുന്നതോടെ തമിഴ്നാട്ടിലെ ഗ്രാൻഡ്നെയിൻ കർഷകർക്ക് 25 ശതമാനം അധികവില നൽകാനാകുമെന്ന് ഏഴിലൻ പറയുന്നു. സമാനമായ മറ്റൊരു കൺവെയർ ബെൽട്ട് പദ്ധതിയുമായി തമിഴ്നാട് ബനാന ഗ്രോവേഴ്സ് ഫെഡറേഷനും തമിഴ്നാട് കാർഷിക സർവകലാശാലയും രംഗത്തെത്തിയിട്ടുണ്ട്. ഇറ്റലിയിലെ ട്രീസ്റ്റെ തുറമുഖ അതോറിട്ടിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഒരു വാഴത്തോപ്പിൽ 1.25 കോടി രൂപ മുടക്കി കൺവയർ റോപ് സ്ഥാപിക്കും.
Image: pixabay.com
Latest posts by Mannira News Desk (see all)
- Bt. കോട്ടണ് പേറ്റന്റ് കേസില്മോണ്സാന്റോയ്ക്ക് വിജയം - January 8, 2019
- കാലവർഷം കലിതുള്ളുമ്പോൾ കനത്ത തിരിച്ചടിയേറ്റ് കർഷകർ; വിവിധ വിള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് അറിയാം - August 13, 2018
- മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാൻ നടപടി; കൃഷി ഉദ്യോഗസ്ഥരോട് അവധി ദിവസങ്ങളിൽ പ്രവർത്തനസജ്ജരായിരിക്കണമെന്ന് കൃഷി മന്ത്രി - August 13, 2018