വീട്ടിൽ നട്ടു വളർത്താം വിഷരഹിതമായ മല്ലിയില

വീട്ടിൽ നട്ടു വളർത്താം വിഷരഹിതമായ മല്ലിയില. വളരെ എളുപ്പം അടുക്കളത്തോട്ടങ്ങളിൽ നട്ടുവളർത്താവുന്ന ഒന്നാണ് മല്ലിച്ചെടി. വിത്തു നേരിട്ട് പാകിയാണ് മല്ലി വളർത്തുന്നത്. കേരളത്തിലെ കാലാവസ്ഥയിൽ എപ്പോൾ വേണമെങ്കിലും നടാമെന്ന മെച്ചവുമുണ്ട്.

ആദ്യമായി മല്ലി നടാന്‍ മിതമായി വെയിൽ കിട്ടുന്ന ഒരു സ്ഥലം തെരഞ്ഞെടുക്കണം. നല്ല നീര്‍വാഴ്ചയുള്ള സ്ഥലമായിരിക്കാൻ ശ്രദ്ധിക്കണം. അതിനുശേഷം മണ്ണ് നന്നായി കിളച്ച് പച്ചിലകളും ജൈവ കമ്പോസ്റ്റും അടിവളമായി ചേർത്ത് നിലമൊരുക്കുക. ചട്ടിയിലാണ് നടുന്നതെങ്കിൽ എകദേശം പത്തിഞ്ച് ആഴമുള്ള ചട്ടി ഉപയോഗിക്കണം. മാറ്റി നടാൻ പറ്റിയ ഇനമല്ലാത്തതിനാൽ വിത്തിടുന്നതിനു മുന്‍പ് തന്നെ ശരിയായ അടിവളം ചേരത്തിരിക്കണം.

മേൽമണ്ണ്, മണല്‍, ചകിരിചോറ്, മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി, പച്ചിലകള്‍ എന്നിവയുടെ മിശ്രിതമാണ് ചട്ടികളിൽ നിറയ്ക്കാൻ നല്ലത്. മല്ലി വിത്ത് മുളക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം കുതിര്‍ത്ത ശേഷം നടുന്നതാണ് നല്ലത്. മണ്ണില്‍ കാല്‍ ഇഞ്ചു താഴെ, നാലിഞ്ചു മുതല്‍ ആറിഞ്ചു വരെ അകലത്തില്‍ വരിയായി വിത്തുകൾ നടാം.

വരികള്‍ തമ്മില്‍ അര അടി അകലം വേണം. അല്ലെങ്കില്‍ വിത്ത് മണ്ണിന്റെ മുകളില്‍ ഒരേ തരത്തില്‍ പരക്കുന്ന രീതിയില്‍ വിതറുകയും ചെയ്യാം. വിത്തിന് മുകളില്‍ കാല്‍ ഇഞ്ചു കനത്തില്‍ ചകിരി ചോറോ നനുത്ത മണ്ണോ കൊണ്ട് മൂടണം. കൂടാതെ വെള്ളം സ്‌പ്രേ ചെയ്യുകയും വേണം. മൂന്നോ നാലോ മാസങ്ങൾ ഒരു മല്ലിച്ചെടി തുടർച്ചയായി ഇലകൾ നൽകുന്നു.

Also Read: അലങ്കാര രംഗത്തെ രാജ്ഞിയായ പൊയിൻസെറ്റിയയുടെ മികച്ച വരുമാന സാധ്യതകൾ