വരൾച്ചയും വിളനാശവും കാരണം വലഞ്ഞ കർഷകർക്ക് കൈത്താങ്ങായി സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി, കുറഞ്ഞ ചെലവിൽ വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ

വരൾച്ചയും വിളനാശവും കാരണം വലഞ്ഞ കർഷകർക്ക് കൈത്താങ്ങായി സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി, കുറഞ്ഞ ചെലവിൽ വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ. വരൾച്ചയും മറ്റ് പ്രകൃതിക്ഷോഭങ്ങളും കാരണം വിളകൾക്കുണ്ടാകുന്ന പൂർണ നാശനഷ്ടങ്ങളാണ് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ വരുന്നത്. അടുത്തിടെ ചെറുധാന്യങ്ങളെയും മാവിനെയും ഈ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു.

ചെറുധാന്യങ്ങളായ കൂവരക്, ചാമ, തിന, വരങ്ക്, പനവരങ്ക്, കുതിരവാലി എന്നിവ വിതച്ച് 45 ദിവസത്തിനകം നശിച്ചാൽ ഹെക്ടറിന് 10,000 രൂപയും 45 ദിവസത്തിനു ശേഷമാണെങ്കില്‍ ഹെക്ടറിന് 25,000 രൂപയും നഷ്ടപരിഹാരം നൽകും. 25 സെന്റിലെങ്കിലും കൃഷി ചെയ്തിരിക്കണം എന്നൊരു നിബന്ധനയുണ്ട്. വിതച്ച് 15 ദിവസം കഴിഞ്ഞ് 45 ദിവസം വരെയാണ് ഇൻഷുർ ചെയ്യേണ്ടത്. 25 സെന്റിന് 25 രൂപയാണ് പ്രീമിയം.

മാവ് 10 വർഷം വരെ പ്രായമുള്ളതിന് ഒരു മരത്തിന് 1000 രൂപയും 10 വർഷത്തിനുമേൽ പ്രായമുള്ളതിന് 2000 രൂപയുമാണ് നഷ്ടപരിഹാരം. കുറഞ്ഞത് അഞ്ചു മരങ്ങൾ വേണം. ഒരു മരത്തിന് ഒരു വർഷത്തേക്ക് 10 രൂപയും മൂന്നു വർഷത്തേക്ക് ഒരുമിച്ച് അടച്ചാൽ 25 രൂപയുമാണ് പ്രീമിയം. കായ്ഫലമുള്ള മരങ്ങളാണ് ഇൻഷുർ ചെയ്യേണ്ടത്.

മാവ് ഗ്രാഫ്റ്റ് ഒന്നിന് 200 രൂപയാണ് നഷ്ടപരിഹാരം. കുറഞ്ഞത് അഞ്ചു ഗ്രാഫ്റ്റുകൾ വേണം. ഒന്നിന് ഒരു വർഷത്തേക്ക് രണ്ടു രൂപയും മൂന്നു വർഷത്തേക്ക് ഒരുമിച്ച് അടച്ചാൽ അഞ്ചു രൂപയുമാണ് പ്രീമിയം. നട്ട് ഒരു മാസം മുതൽ കായ്ഫലം തുടങ്ങുന്നതുവരെ ഇൻഷുർ ചെയ്യണം. അസംരക്ഷിത വനഭൂമിയിലെ കൃഷിവനഭൂമി വേർതിരിക്കുന്ന ജണ്ടയുടെ പുറത്തുള്ള അസംരക്ഷിത വനഭൂമിയിലെ കൃഷിയും വിള ഇൻഷുറൻസ് പദ്ധതിയിൽ‍ ഉൾപ്പെടുത്തി.

Also Read: കുട്ടനാട്ടിലെ മണ്ണ് അപകടകരമായ നിലയിലേക്ക്; നല്ലമുറ കൃഷി പരിപാലന രീതി ഈ വര്‍ഷം മുതലെന്ന് കൃഷി മന്ത്രി

Image: pixabay.com