കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോസ്റ്റൽ റെഗുലേഷൻ സോണിന്റെ പരിസ്ഥിതി മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കുന്നുവോ? കേരളത്തിലെ തീരദേശ ആവാസ വ്യവസ്ഥയുടെ ഭാവി

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോസ്റ്റൽ റെഗുലേഷൻ സോണി (CRZ) ന്റെ പരിസ്ഥിതി മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കുന്നോ എന്ന ആശങ്ക പരത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റേതായി റിപ്പോർട്ട് ചെയ്യപ്പെട്ട നിലപാടുകൾ. കേരളത്തിന്റെ തീരദേശ മേഖലയുടേയും, മത്സ്യത്തൊഴിലാളികളുടേയും ജീവജാലങ്ങളുടേയും ഭാവി സംബന്ധിക്കുന്ന ഈ വിഷയം കൂടുതൽ ശ്രദ്ധയും പരിഗണനയും അർഹിക്കുന്ന വിഷയമാണ്. എന്നാൽ, ജൈവവൈവിധ്യം, പ്രകൃതി സൗന്ദര്യം, വിഭവ സമ്പന്നത എന്നിവയാൽ അനുഗ്രഹീതമായ കേരളത്തിന്റെ തീരദേശ മേഖലയിൽ വ്യാപകമായ കൈയ്യേറ്റത്തിന് പുതിയ തീരമേഖല നിയന്ത്രണ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ വഴിയൊരുക്കുമെന്നാണ് ആശങ്ക.

കേന്ദ്രം പുറപ്പെടുവിച്ച തീരമേഖല നിയന്ത്രണ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ കേരളത്തിന് അനുയോജ്യമല്ലെന്നായിരുന്നു ഇതുവരെ സംസ്ഥാനത്തിന്റെ നിലപാട്. കേരളതീരത്ത് ജനസാന്ദ്രത ഏറ്റവും കൂടുതലാണെന്ന കാര്യം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിയോജിപ്പുകൾ കേന്ദ്രത്തെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയും ചെയ്തു. കേരളത്തിന്റെ തീരമേഖലയില്‍ കോസ്റ്റൽ റെഗുലേഷൻ സോൺ (സിആർസെഡ്) മാനദണ്ഡങ്ങള്‍ പാലിച്ച് ഗൃഹനിര്‍മ്മാണത്തിന് അനുമതി ലഭ്യമാക്കുന്നതില്‍ നേരിടുന്ന പ്രയാസങ്ങള്‍ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ജില്ലാതല കമ്മിറ്റികളും രൂപീകരിച്ചിരുന്നു.

കേരള തീരദേശ പരിപാലന അതോറിറ്റിയുടെ യോഗ തീരുമാനപ്രകാരം ആദ്യഘട്ടമായി എറണാകുളം, തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, കാസർകോട് എന്നീ ജില്ലകളിലെ കമ്മിറ്റികളുടെ പ്രവര്‍ത്തനം തുടങ്ങുവാനും തറവിസ്തീര്‍ണ്ണം 66 ച.മീ. വരെ വരുന്ന കെട്ടിടങ്ങളുടെ സിആർസെഡ് ക്ലിയറന്‍സിനുള്ള അപേക്ഷകള്‍ പ്രസ്തുത കമ്മിറ്റിക്കു കൈമാറുന്നതിനും തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, വ്യാപാരാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ നിർമ്മാണം നിരോധിക്കുന്ന നിബന്ധനയിൽ ഇളവ് വേണമെന്ന ആവശ്യമാണ് സംസ്ഥാനം ഏറ്റവും ഒടുവിൽ കേന്ദ്രത്തോട് ഉന്നയിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ തീരദേശമേഖല ഏറേ ജനസാന്ദ്രത കൂടിയ ജനവാസകേന്ദ്രങ്ങളായതിനാൽ നോ ഡെവലപ്‌മെന്റ് സോൺ (NDZ) മാനദണ്ഡങ്ങളിൽ ഇളവുകൾ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ വാദം. നോ ഡെവലപ്‌മെന്റ് സോൺ പരിധി 20 മീറ്ററായി നിജപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെടുന്നു. കരട് വിജ്ഞാപനം CRZ 3 സോൺ ചതുരശ്ര കിലോമീറ്ററിന് 2,161 ജനസാന്ദ്രതയുള്ളതാണെങ്കിൽ NDZ 50 മീറ്ററായാണ് നിജപ്പെടുത്തിയിരിക്കുന്നത്. 2011 ലെ വിജ്ഞാപനത്തിലെ നിരവധി നിയന്ത്രണങ്ങൾ പലതും നീക്കം ചെയ്തും ടൂറിസം, നിർമ്മാണ മേഖലകൾക്ക് ഏറെ ഇളവുകൾ വരുത്തിയുമാണ് കരട് വിജ്ഞാപനം ഇറക്കിയതെന്ന ആരോപണം ശരിവെക്കുന്നതാണിത്.

2011 ൽ NDZ പരിധിയായി നിശ്ചയിച്ചിരുന്നത് 200 മീറ്റർ ആയിരുന്നു എന്നതും ശ്രദ്ധേയം. ഇതാണ് 20 മീറ്ററായി ചുരുക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ദ്വീപുകളുടെ തീരങ്ങൾക്ക് NDZ മാനദണ്ഡങ്ങൾ ഒഴിവാക്കണമെന്നും കണ്ടൽക്കാടുകളുടെ പരിധിയായ 50 മീറ്റർ നിബന്ധനയിൽ നിന്ന് സ്വകാര്യ ഭൂമി ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു. നേരത്തെ അപകടകരമായ വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന വ്യവസായങ്ങൾ തീരത്ത് സ്ഥാപിക്കരുതെന്ന ചട്ടം ഉൾപ്പെടെ നിരവധി ഇളവുകളുമായാണ് വിജ്ഞാപനത്തിലുള്ളത് എന്ന ആരോപണം ഉയർന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ഇത്തരം ഇളവുകൾ വീണ്ടും ശുപാർശ ചെയ്ത് 2011 ലെ യഥാർഥ കോസ്റ്റൽ റെഗുലേഷൻ സോൺ വിജ്ഞാപനത്തിൽ വെള്ളം ചേർക്കുന്ന നീക്കത്തിന് സംസ്ഥാനവും കൂട്ടുനിൽക്കുന്നത്. ദൂരപരിധിയിൽ കുടുങ്ങി പതിനായിരക്കണക്കിനു കെട്ടിട നിർമാണ അപേക്ഷകളാണു സംസ്ഥാന തീര പരിപാലന അതോറിറ്റിയിൽ തീരുമാനമാവാതെ കെട്ടികിടക്കുന്നത് എന്നാതാണ് സംസ്ഥാനത്തിന്റെ നിലപാടിനുള്ള പ്രധാന ന്യായീകരണം. തീരപരിപാലന നിയമം ബാധകമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതതു പ്രദേശങ്ങൾക്കുള്ള പ്ലാൻ അംഗീകരിക്കണം. ഇതിന്റെ അടിസ്ഥനത്തിലാണു കെട്ടിടങ്ങളുടെ പ്ലാൻ അംഗീകരിക്കുന്നത്. നിയമമില്ലാത്തതിനാൽ സംസ്ഥാന തീര പരിപാലന മാനേജ്മെന്റ് അതോറിറ്റിക്കാണ് പ്ലാൻ അംഗീകരിക്കാനുള്ള അധികാരം.

ഈ അപേക്ഷകളിൽ ടൂറിസം, വ്യവസായ ആവശ്യങ്ങൾക്കായുള്ളവ എത്ര, സാധാരണ ജനങ്ങളുടെ വീടുവെക്കാനായുള്ളവ എത്രയെന്ന കാര്യത്തിൽ വ്യക്തതയില്ല. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളെയും വൻ വികസന സാധ്യത പരിഗണിച്ച് നവി മുംബൈയെയും ബംഗാളിലെ സുന്ദർബൻ പ്രദേശത്തെയും അഞ്ചാം വിഭാഗമായി പ്രത്യേകം ഉൾപ്പെടുത്തിയിരുന്നു. അങ്ങനെയാണു മറ്റു പ്രദേശങ്ങൾക്കു ദൂരപരിധി 100 ആയി തുടർന്നപ്പോഴും കേരളത്തിന് 50 എന്ന ഇളവു ലഭിച്ചത്. തീരപരിപാലന മാനേജ്മെന്റ് പ്ലാൻ തയാറാക്കേണ്ട ചുമതല സംസ്ഥാന സർക്കാരുകൾക്കാണെന്നതാണു കരടു വിജ്ഞാപനത്തിലെ ശ്രദ്ധേയമായ നിർദേശം. നേരത്തെ ഇതു കേന്ദ്ര സർക്കാരിന്റെ ചുമതലയായിരുന്നു.

ഈ നിർദേശം സംസ്ഥാനത്തെ കടലോരങ്ങളിൽ വസിക്കുന്ന മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള ജനസമൂഹത്തെയും തീരദേശ പരിസ്ഥിതിയെയും സംരക്ഷിച്ചു കൊണ്ടുള്ള CRZ നയ രൂപീകരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ ചുമലിൽ നിക്ഷിപ്തമാക്കുന്നു. എന്നാൽ കേന്ദ്രം വെള്ളം ചേർത്ത പരിസ്ഥിതി നയങ്ങളിൽ കൂടുതൽ വെള്ളം ചേർത്ത് ടൂറിസം, വ്യവസായ ലോബികളുടെ താൽപ്പര്യങ്ങൾക്ക് സഹായകരമാകുന്ന നിർദേശങ്ങളാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വച്ചിരിക്കുന്നതെന്നതാണ് യാഥാർഥ്യം. കെട്ടിക്കിടക്കുന്ന കെട്ടിട നിർമാണ അപേക്ഷകളും ജനസാന്ദ്രതയും കാരണങ്ങളായി എടുത്തുകാണിക്കുമ്പോൾ തന്നെ പരിസ്ഥിതി ലോലമേഖലയായ കേരളത്തിന്റെ തീരദേശത്തിന്റേയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റേയും ഭാവി ഭദ്രമാക്കേണ്ട ചുമതലയും സംസ്ഥാന സർക്കാരിനുണ്ട്.

Also Read: സംസ്ഥാനത്ത് ഇറച്ചിയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ലെഗ് ബാൻഡിങ്: ഇനി ഫാമുകളിലെത്തി പരിശോധന, ആദ്യ പരീക്ഷണം ഇറച്ചിക്കോഴികളിൽ

Image: pixabay.com