ഫ്ലാറ്റിന്റെ ഏഴാം നിലയിൽ മട്ടുപ്പാവ് കൃഷി; ദീപാലി വിളയിച്ചെടുക്കുന്നത് പതിനഞ്ചോളം ഇനം പച്ചക്കറികൾ

ഫ്ലാറ്റിന്റെ ഏഴാം നിലയിൽ മട്ടുപ്പാവ് കൃഷി; ദീപാലി വിളയിച്ചെടുക്കുന്നത് പതിനഞ്ചോളം ഇനം പച്ചക്കറികൾ. കാൺപൂർ സ്വദേശിനിയായ ദീപാലി ഷാലറ്റാണ് ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ കൃഷി ചെയ്ത് സ്വന്തം വീട്ടിലേക്ക് ആവശ്യമായ എല്ലാ പഴങ്ങളും പച്ചക്കറികളും ഉൽപ്പാദിപ്പിക്കുന്നത്. ചീര, സവാള, തക്കാളി, വെണ്ട, ഉലുവ, കാപ്‌സിക്കം, പയര്‍, വെള്ളരി, നാരങ്ങ, മല്ലി, ബ്രോക്കോളി, കാബേജ്, കോളിഫ്ളവർ, പേര എന്നിങ്ങനെ ആരേയും അമ്പരിപ്പിക്കുന്ന വൈവിധ്യമാണ് ദീപാലിയുടെ തോട്ടത്തിൽ കാണാനാകുക.

പൂന്തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത് ചെറുപ്പം മുതല്‍ ഒരു ഹോബിയായിരുന്ന ദീപാലി തികച്ചും യാദൃശ്ചികമായാണ് മട്ടുപ്പാവ് കൃഷിയേക്കുറിച്ച് അറിയുന്നത്. യിലേക്ക് കടന്നുവന്നത്. 19 വര്‍ഷം മുമ്പാണ് പെന്റ്ഹൗസിലെ ആറാം നിലയിൽ ദീപാലിയും കുടുംബവും താമസം തുടങ്ങിയത്. ഏഴാം നിലയിലെ ടെറസ് ഉള്‍പ്പെടുന്ന ഭാഗവും കൂടി കിട്ടിയതോടെ മട്ടുപ്പാവില്‍ പൂന്തോട്ടം നിര്‍മിക്കുന്നതിനൊപ്പം കൃഷി കൂടി ചെയ്യാമെന്ന ആശയം ഉദിക്കുകയായിരുന്നുവെന്ന് പറയുകയാണ് ദീപാലി.

രണ്ടു ദശാബ്ദക്കാലമായി എഴാം നിലയില്‍ പഴങ്ങളും പച്ചക്കറികളും വിജയകരമായി കൃഷി ചെയ്യാൻ കഴിഞ്ഞതായി ദീപാലി പറയുന്നു. ഒരു ചെറിയ കുടുംബത്തിനാവശ്യമായ എല്ലാവിധ പച്ചക്കറികളും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു. വിഷമയമായ രാസവസ്തുക്കള്‍ കലരാതെ അടുക്കളയിലും പൂന്തോട്ടത്തിലുമുള്ള ജൈവ അവശിഷ്ടങ്ങള്‍ കംപോസ്റ്റിംഗിന് വിധേയമാക്കിയാണ് മട്ടുപ്പാവ് കൃഷിക്ക് അനുയോജ്യമായ വളം നിര്‍മിക്കുന്നത്.മട്ടുപ്പാവ് പൂര്‍ണമായും വാട്ടര്‍പ്രൂഫ് ആക്കിയശേഷമാണ് ദീപാലി കൃഷി ചെയ്യാന്‍ തുടങ്ങിയത്. ടെറസിനെ രണ്ടു ഭാഗമായി വേര്‍തിരിച്ച് ഒന്നില്‍ പുല്‍ത്തകിടിയും മറ്റൊന്നില്‍ പഴങ്ങളും പച്ചക്കറികളും നട്ടു. പൂര്‍ണമായും ജൈവകൃഷി രീതി പിന്തുടരാനും ദീപാലി ശ്രദ്ധിക്കുന്നു. മട്ടുപ്പാവില്‍ കൃഷിയും പൂന്തോട്ടവും ഒരുക്കിയതിനു പുറമെ പക്ഷികളെ വളര്‍ത്താനും ദീപാലി സമയം കണ്ടെത്തുന്നുണ്ട്. മട്ടുപ്പാവിലാണ് ഇതിനുള്ള സ്ഥലവും ഒരുക്കിയിരിക്കുന്നത്.

കൃഷി ചെയ്യാനുള്ള താല്‍പര്യം തനിക്ക് അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയതാണെന്ന് ദീപാലി പറയുന്നു. പച്ചക്കറി തോട്ടത്തിന്റെ ഉടമയായിരുന്ന അവര്‍ മണ്ണിര കംപോസ്റ്റാണ് കൃഷിയില്‍ പരീക്ഷിച്ചിരുന്നത്. ദീപാലിയുടെ മട്ടുപ്പാവിലെ പച്ചക്കറി തോട്ടത്തിന്റെ കാര്യത്തിൽ അമ്മയുടെ ഇടപെടൽ ഇല്ലെങ്കിലും ജൈവകൃഷി രീതി മാത്രമേ പിന്തുടരാവൂ എന്ന് അമ്മ കർശനമായി നിര്‍ദേശം നൽകിയിരുന്നതായി ദീപാലി പറയുന്നു.

മട്ടുപ്പാവു കൃഷിയെക്കുറിച്ചും ജൈവകൃഷിയെക്കുറിച്ചുമുള്ള പഠനത്തിന് ഇന്റർനെറ്റ് ആയിരുന്നു ദീപാലിയുടെ സർവകലാശാല. പച്ചക്കറികളും വിത്തുകളും തെരഞ്ഞെടുക്കുന്നതു മുതല്‍ കംപോസ്റ്റിംഗ് രീതികൾവരെ മട്ടുപ്പാവ് കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താൻ ഇത്തരത്തിലാണ് പഠിച്ചതെന്ന് അഭിമാനത്തോടെ പറയുന്നു ദീപാലി. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ എടുത്തശേഷം ബാക്കി പൂന്തോട്ടവും കൃഷിയുമൊക്കെ പരിപാലിക്കാൻ എത്തുന്ന ജോലിക്കാര്‍ക്ക് വീതിച്ചു നൽകുകയാണ് പതിവ്.

Also Read: മനംമടുത്ത് നെൽ കൃഷി ഉപേക്ഷിക്കാൻ വരട്ടെ; നെൽ കൃഷിയുടെ നഷ്ടം നികത്താൻ ഔഷധനെൽ കൃഷിയുണ്ട്

Image: pixabay.com