കാലാവസ്ഥാ മാറ്റം, പുതിയ കീടങ്ങൾ, വരൾച്ച, വിലയിടവ്; താഴേക്കിടയിലുള്ള കർഷകർ കടുത്ത പ്രതിസന്ധിയിലെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോർട്ട്

കാലാവസ്ഥാ മാറ്റം, പുതിയ കീടങ്ങൾ, വരൾച്ച, വിലയിടവ്; താഴേക്കിടയിലുള്ള കർഷകർ കടുത്ത പ്രതിസന്ധിയിലെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോർട്ട്. വിളവെടുപ്പ്, കന്നുകാലി ഉൽപ്പാദനം എന്നീ കാർഷിക മേഖലകൾ കൂടാതെ വനം, ഫിഷറീസ്, അക്വാകൾച്ചർ എന്നീ മേഖലകളും മേൽപ്പറഞ്ഞ ഭീഷണികൾക്കൊപ്പം പരിഹാരമില്ലാതെ നീണ്ടുപോകുന്ന കാർഷിക പ്രതിസന്ധികളും സംഘർഷങ്ങളും കാരണം കടുത്ത ഭീഷണി നേരിടുകയാണെന്ന് ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ (FAO) ഹാനോയിൽ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

2005 നും 2015 നും ഇടയിൽ പ്രകൃതി ദുരന്തങ്ങൾ മൂലം വികസ്വര രാജ്യങ്ങളിലെ കാർഷിക മേഖലകൾക്ക് വിളകളിലും കന്നുകാലി വളർത്തലിലും 9,600 കോടി ഡോളർ നഷ്ടമുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിൽ 4,800 കോടി ഡോളറീന്റെ നഷ്ടവും സംഭവിച്ചത് ഏഷ്യയിലാണ്. ലോകമൊട്ടാകെ കർഷകരുടെ നടുവൊടിച്ച വരൾച്ചയാണ് ഇതിൽ പ്രധാന വില്ലനെന്നും റിപ്പോർട്ട് എടുത്തു പറയുന്നു.

Also Read: സച്ച് ഗൗരവ് – ക്ലോണിംഗിലൂടെ സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യ ആസാമീസ് എരുമക്കുട്ടി; അപൂർവ നേട്ടവുമായി CIRB വിദഗ്ദർ

ഏഷ്യയെ പിടിച്ചു കുലുക്കിയ വെള്ളപ്പൊക്കവും ചുഴലിക്കാറ്റുകളും കൂടാതെ ഭൂകമ്പം, സുനാമി, കൂടിവരുന്ന താപനില എന്നിവയും ഏഷ്യൻ രാജ്യങ്ങളുടെ കാർഷിക വ്യവസ്ഥയെ ബാധിച്ചതായി റിപ്പോർട്ട് വിലയിരുത്തി.

FAO യുടെ കണക്കുകൾ പ്രകാരം വരൾച്ച മൂലം ആഗോള കാർഷിക രംഗത്തിനുണ്ടായ ആകെ നഷ്ടം എകദേശം 2,900 കോടി ഡോളർ വരും. "ഇത് തീർത്തും 'സാധാരണം ആയി മാറിയിരിക്കുന്നു. കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം ഈ ഭീഷണികളെയും വെല്ലുവിളികളെയും കൂടുതൽ ശക്തമാക്കും," റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ജോസെ ഗ്രാജിയാനോ ഡാ സിൽവ പറഞ്ഞു.

ഭക്ഷ്യ ഉൽപ്പാദനം, ഭക്ഷ്യസുരക്ഷ, ജനങ്ങളുടെ ഉപജീവനം എന്നിവയെ ഈ വെല്ലുവിളികളും ഭീഷണികളും എങ്ങനെ ബാധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. "ഡിസാസ്റ്റർ റിസ്ക് പരമാവധി കുറക്കലും കാര്യക്ഷമമായ ആസൂത്രണവും ആധുനിക കൃഷിയുടെ അവിഭാജ്യ ഭാഗമായി തീരണം," എഫ്എഒ മേധാവി അഭിപ്രായപ്പെട്ടു.