മലീമസമായ പുഴകളും കിണറുകളും, ചുരുങ്ങുന്ന കാടും നെൽപ്പാടങ്ങളും, ശ്വാസം മുട്ടുന്ന നഗരങ്ങളും; കേരളത്തിന്റെ പരിസ്ഥിതി ധവളപത്രം മുന്നോട്ടുവക്കുന്ന അപ്രിയ സത്യങ്ങൾ

അടുത്തുടെ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പരിസ്ഥിതി ധവളപത്രം മുന്നോട്ടു വക്കുന്ന വസ്തുതകൾ തീരെ പ്രത്യാശ നൽകുന്നവയല്ല. സംസ്ഥാനത്തെ 80 ശതമാനത്തോളം കിണറുകളും വിസർജ്യ വസ്തുക്കളിൽ കാണുന്ന ബാക്ടീരിയകളാൽ മലിനമാണെന്നു ധവളപത്രം വ്യക്തമാക്കുന്നു. വ്യവസായ മാലിന്യങ്ങളും കീടനാശിനികളും ജലാശയങ്ങളിലേക്ക് ഒഴുകിയിറങ്ങിയതോടെ കുട്ടനാട്ടിലെ തണ്ണീർത്തടങ്ങളിലും വേമ്പനാട്ടു കായലിലും ശുദ്ധജല തടാകങ്ങളിലും ഓക്സിജൻ ഇല്ലാത്ത സാഹചര്യമാണെന്നും ധവളപത്രത്തിൽ പറയുന്നു.

കേരളത്തിലെ 64.39 ലക്ഷം കിണറുകളിൽ ഭൂരിഭാഗവും മലിനമാണ്. ഭൂഗർഭ ജലനിരപ്പിലെ കുറവും ഗുണനിലവാര തകർച്ചയും പ്രകടമാണ്. തീരപ്രദേശത്തെ ഭൂഗർഭ ജലത്തിൽ ഉപ്പുരസത്തിന്റെ അളവു ക്രമാതീതമായി വർധിച്ചു. പാലക്കാട്, ആലപ്പുഴ ജില്ലകളിലെ ഭൂഗർഭ ജലസ്രോതസ്സുകളിൽ അമിത തോതിൽ ഫ്ളൂറൈഡ് കണ്ടെത്തിയിട്ടുണ്ട്. വ്യവസായങ്ങൾ മൂലമുള്ള ഭൂഗർഭ ജല മലിനീകരണം എറണാകുളം, കൊല്ലം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലുമുണ്ട്.

വ്യവസായ മാലിന്യങ്ങൾ, സാന്ദ്രത കൂടിയ ലോഹ പദാർഥങ്ങൾ, കീടനാശിനികൾ തുടങ്ങിയവ വേമ്പനാട്ടു കായലിൽ ഉണ്ടാക്കുന്ന മലിനീകരണത്തെക്കുറിച്ചും ധവളപത്രം മുന്നറിയിപ്പ് നൽകുന്നു. കയർ സംസ്കരണത്തെ തുടർന്നു ജലാശയത്തിൽ ഒഴുക്കുന്ന പോളിഫിനോൽ, ഹൈഡ്രജൻ സൾഫൈഡ് എന്നിവ കുട്ടനാട്ടിലെ തണ്ണീർത്തടങ്ങളെ ഓക്സിജൻ രഹിതമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. പ്രധാന നദികളെല്ലാം വൻ മലിനീകരണ ഭീഷണി നേരിടുകയാണ്. ഇ-കോളി പോലുള്ള ബാക്ടീരിയകൾ നദികളിലും തടാകങ്ങളിലും കായലുകളിലും എത്തുന്നു. ശബരിമലയിൽനിന്നുള്ള മാലിന്യം പമ്പാ നദീതീരത്തെ താഴ്ന്ന പ്രദേശത്തെ ജനതയെ ബാധിക്കുന്നത് ഉദാഹരണം.

വായു മലിനീകരണവും ഉയരുകയാണ്. വാഹനങ്ങൾ, നിരത്തിലെ പൊടിപടലങ്ങൾ, മാലിന്യങ്ങൾ കത്തിക്കുന്നതു മൂലമുള്ള മലിനീകരണം എന്നിവയാണു പ്രധാനം. കേരളത്തിലെ 25 ലക്ഷം റജിസ്റ്റേഡ് വാഹനങ്ങളുടെ പുക പുറന്തള്ളലിനെ തുടർന്നു തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ വായുമലിനീകരണം രൂക്ഷമാണ്. ആശുപത്രി മാലിന്യങ്ങൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവയും പ്രതിസന്ധി സൃഷ്ടിക്കുന്നു.

വയലുകളുടെ വിസ്തൃതി കഴിഞ്ഞ 40 വർഷം കൊണ്ട് 7.54 ലക്ഷം ഹെക്ടറിൽനിന്ന് 1.9 ലക്ഷം ഹെക്ടറായി. അതിലോല ആവാസ വ്യവസ്ഥകളിൽ ഒന്നായ തണ്ണീർത്തടങ്ങളിൽ നാലു വർഷംകൊണ്ടു 49 ശതമാനത്തിന്റെ കുറവുണ്ടായി. 2004ൽ 3,28,402 ഹെക്ടർ ആയിരുന്ന തണ്ണീർത്തടങ്ങൾ ഇപ്പോൾ 1,60,590 ആയി കുറഞ്ഞു. കണ്ടൽക്കാടുകളുടെ ആകെ വിസ്തീർണം 700 ചതുരശ്ര കിലോമീറ്ററിൽ നിന്നു വെറും ഒൻപതു ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. ഉൾക്കാടുകളുടേയും ഇടത്തരം കാടുകളുടേയും വിസ്തൃതിയും കുറഞ്ഞിട്ടുണ്ട്.

എന്നാൽ മൊത്തം കാട്ടുപ്രദേശത്തിന്റെ വിസ്തൃതിയിൽ വർധന രേഖപ്പെടുത്തി. സാമൂഹിക വനവൽക്കരണം അശാസ്ത്രീയമായി നടപ്പാക്കിയതിനാൽ പരിസ്ഥിതിക്ക് ആഘാതം ഉണ്ടായി. യൂക്കാലിപ്റ്റസും ഗ്രാൻഡിസും പോലുള്ള മരങ്ങൾ ജലനിരപ്പിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തോട്ടവിളകളെ ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും പരിസ്ഥിതി ധവളപത്രം വ്യക്തമാക്കുന്നു. കേരളത്തിന്റെ ജൈവൈവിധ്യവും നല്ലമണ്ണും ശുദ്ധവായുവും ശുദ്ധജലവും സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും ധവളപത്രം പ്രഖ്യാപിക്കുന്നു.

Also Read: വീട്ടുമുറ്റങ്ങളിൽ മുന്തിരിവളളികള്‍ തളിർക്കുമ്പോൾ; വീട്ടിൽ മുന്തിരി കൃഷിചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Image: pixabay.com