വാഗ്ദാനങ്ങൾ ജലരേഖയായി; 130 കർഷക സംഘടനകൾ കൈകോർക്കുന്ന മഹാപ്രക്ഷോഭത്തിന് തുടക്കം; മാധ്യമ ശ്രദ്ധ നേടാനുള്ള സമരമാണെന്ന പരിഹാസവുമായി കേന്ദ്ര കൃഷിമന്ത്രി

കർഷക സമരത്തെ തുടർന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയ വാഗ്ദാനങ്ങൾ ജലരേഖയായതിൽ പ്രതിഷേധിച്ച് 130 കർഷക സംഘടനകൾ കൈകോർക്കുന്ന മഹാപ്രക്ഷോഭത്തിന് തുടക്കമായി. പത്തു ദിവസം നീളുന്ന സമരം ഉത്തരേന്ത്യയിലെ പാൽ, പച്ചക്കറി, പഴ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും സ്വാ​മി​നാ​ഥ​ൻ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ രാ​ഷ്​​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘാണ് 10 ദി​വ​സ​ത്തെ സ​മ​ര​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്തിരിക്കുന്നത്.

സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, രാ​ജ​സ്​​ഥാ​ൻ, ഹ​രി​യാ​ന, മ​ഹാ​രാ​ഷ്​​ട്ര, ഡൽഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഴ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല കു​തി​ച്ചു​യ​ർ​ന്നു തു​ട​ങ്ങിയതായാണ് റിപ്പോർട്ടുകൾ. അഖിലേന്ത്യാ കിസാന്‍ സഭ ഉള്‍പ്പെടെ 12 സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്. മ​ധ്യ​പ്ര​ദേ​ശി​ൽ മാ​ത്രം 982 പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ൾ ന​ട​ന്ന​താ​യി മ​ഹാ​സം​ഘ്​ കോ​ഓ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. 10 ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​ർ അം​ഗ​ങ്ങ​ളാ​യു​ള്ള ‘ക​ക്കാ​ജി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ശി​വ​കു​മാ​ർ ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭാ​ര​തീ​യ കി​സാ​ൻ മ​സ്​​ദൂ​ർ സം​ഘ്​ ആ​ണ് മധ്യപ്രദേശിൽ സമരത്തിന് ചുക്കാൻ പിടിക്കുന്നത്.

ഹരിയാനയിലും പഞ്ചാബിലും ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യൻ സമരരംഗത്ത് സജീവമായുണ്ട്. ക​ർ​ഷ​ക മു​ന്നേ​റ്റം, ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം, മ​ല​നാ​ട്​ ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി, ക​ർ​ഷ​ക സേ​ന എ​ന്നീ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളാ​ണ്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ സ​മ​ര​ത്തി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അതോടൊപ്പം കിസാൻ സഭയുടെ ലോങ് മാര്‍ച്ചില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ജൂണ്‍ അഞ്ച് മുതല്‍ മഹാരാഷ്ട്രയിലെ കളക്ടറേറ്റുകള്‍ ഉപരോധിക്കുകയും ജൂണ്‍ 10ന് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട ഹൈവേകളിലും വഴി തടയുമെന്നും കിസാൻ സഭാ നേതാക്കൾ അറിയിച്ചു.

കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളണം എന്നാവശ്യപ്പെട്ടാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് വിട്ടുനല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ആദിവാസികള്‍ അടക്കമുള്ള കര്‍ഷകരുടെ പ്രക്ഷോഭം. ഏറെക്കാലമായുള്ള ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെ വന്നതോടെയാണ് സമരം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി 30,000 കര്‍ഷകരുടെ ലോങ് മാര്‍ച്ച് ആറാം തീയതിയാണ് നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്ന് ആരംഭിച്ചത്. സിപിഐഎമ്മന്റെ കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പ്രതിദിനം ശരാശരി 35 കിലോമീറ്റര്‍ വീതം സഞ്ചരിച്ചാണ് കര്‍ഷകര്‍ 180 കിലോമീറ്റര്‍ സഞ്ചരിച്ച് മുംബൈയില്‍ എത്തിച്ചേര്‍ന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റ് വളയാനായിരുന്നു തീരുമാനം.

എന്നാൽ മുംബൈ നഗരം സ്തംഭനത്തിലേക്ക് നീങ്ങിയതോടെ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ തയ്യാറായ മുഖ്യമന്ത്രി ദേവേന്ദ്ര ഭട്‌നാവിസ് കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കി. തുടർന്ന് സമരം പിന്‍വലിക്കാന്‍ കർഷകർ തയ്യാറായി. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം രണ്ടു മാസംകൊണ്ട് പരിഹരിക്കുമെന്നായിരുന്നു കരാർ. ഇത് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനൽകുകയും ചെയ്തു. എന്നാല്‍ ഈ കരാർ പാലിക്കപ്പെടാതിരുന്നതോടെയാണ് കർഷകർ വീണ്ടും സമരരംഗത്തിറങ്ങിയത്.

അതിനിടെ വിവിധ സംസ്ഥാനങ്ങളിലായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ പരിഹസിച്ച് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് രംഗത്തെത്തി. വിവിധ സംസ്ഥാനങ്ങളിലായി കര്‍ഷകര്‍ നടത്തുന്നത് മാധ്യമ ശ്രദ്ധ നേടാനുള്ള സമരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കര്‍ഷകര്‍ നടത്തുന്ന സമരം അനാവശ്യമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറും കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. കര്‍ഷക പ്രക്ഷോഭങ്ങളെ പരിഹസിച്ച കേന്ദ്ര മന്ത്രിയുടെ നിലപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

Also Read: കരനെല്ല് കൃഷിയ്ക്ക് പുതുജീവൻ നൽകാൻ കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിൽ മാതൃകാ കൃഷി

Image: The Wire