ചക്ക പ്രേമികൾക്ക് സന്തോഷ വാർത്ത; സംസ്ഥാനത്തെ ആദ്യ ചക്ക റെസ്റ്റോറന്റ് മഞ്ചേരിയില്‍ തുറന്നു

ചക്ക പ്രേമികൾക്ക് സന്തോഷ വാർത്ത; സംസ്ഥാനത്തെ ആദ്യ ചക്ക റെസ്റ്റോറന്റ് മഞ്ചേരിയില്‍ തുറന്നു. മഞ്ചേരി മുട്ടിപ്പലത്ത് പന്തല്ലൂര്‍ സ്വദശി സിജിയും ഭർത്താവ് ഷാജിയുമാണ് ചക്ക റെസ്റ്റോറന്റ് തുറന്നത്. റെസ്റ്റോറന്റിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാര്‍ നിർവഹിച്ചു.

കഴിഞ്ഞ നാല് വര്‍ഷമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മേളകളില്‍ ചക്കവിഭവങ്ങളുടെ പ്രദര്‍ശനവും വിപണന സാധ്യതകളും പഠിച്ച ശേഷമാണ് ഇത്തരത്തിലൊരു ആശയത്തിന് രൂപം കൊടുത്തതെന്ന് റെസ്റ്റോറന്റിന്റെ ഉടമകളായ സിജിയും ഷാജിയും പറയുന്നു.

ചക്ക കൊണ്ടുള്ള മുപ്പതിലധികം വിഭവങ്ങള്‍ ഇവർ വിളമ്പുന്നു. ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിന് ശേഷം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ചക്കക്ക് ലഭിച്ചിട്ടുള്ളതെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. ചക്ക ഉപയോഗിച്ചുള്ള കൂടുതല്‍ ഉത്പന്നങ്ങളുമായി നിരവധി പേര്‍ രംഗത്ത് വരുന്നുണ്ട്. ഇതില്‍ ആദ്യത്തെ സംരഭമാണ് ചക്കവിഭവങ്ങള്‍ മാത്രം ഉള്‍കൊള്ളിച്ച്‌ കൊണ്ടുള്ള ഈ റസ്റ്റോറന്റെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചക്കയുടെ ഔഷധമൂല്യം കൂടി കണക്കിലെടുത്ത് സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുകയാണേന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ രോഗികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തോടൊപ്പം ചക്ക വിഭവങ്ങള്‍ കൂടി ഉള്‍പെടുത്താന്‍ സര്‍ക്കാര്‍ നപടിയെടുക്കുന്നുണ്ട്. അടുത്തതായി ചക്കയോടൊപ്പം മാങ്ങയും ഇതുപോലെ പ്രമോട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും മന്ത്രി പറഞ്ഞു.

Also Read: രുചിയും ഗുണവും തികഞ്ഞ ഇലന്തപ്പഴം കൃഷി ചെയ്യാം

Image: pixabay.com