ആദായത്തിന്റെ ജലസ്രോതസ്സുകൾ; സമ്മിശ്ര മത്സ്യകൃഷിയും സംയോജിത കൃഷിരീതിയും

കേരളത്തില്‍ നിലവില്‍ പ്രചാരമുള്ള കൃഷികളിൽ ഏറ്റവും ആദായകരമാണ് മത്സ്യ കൃഷി. ശുദ്ധജല ലഭ്യത ഉണ്ടെങ്കിൽ ചെറുകുളങ്ങള്‍, ടാങ്കുകള്‍, സില്‍പോളിന്‍ കുളങ്ങള്‍ എന്നിവയിൽ ചെറുകിട അലങ്കാരമത്സ്യകൃഷി തുടങ്ങാം. മറിച്ച് ഭക്ഷ്യയോഗ്യമായ മത്സ്യമാണ് ലക്ഷ്യമെങ്കിൽ കുളങ്ങള്‍, പാറമടകള്‍, പാടങ്ങള്‍, തടാകങ്ങള്‍, ജലസംഭരണികള്‍ എന്നിവിടങ്ങളില്‍ മത്സ്യകൃഷി ചെയ്യാം.

ആവശ്യം, മത്സ്യവിത്തിന്റെ ലഭ്യത, കാര്‍ഷിക സൗകര്യങ്ങള്‍, ഉത്പന്നത്തിന്റെ ഡിമാന്‍ഡ്, സ്ഥലത്തിന്റെ സ്വഭാവം എന്നിവ അുസരിച്ച് ഏതുതരത്തിൽ മത്സ്യകൃഷി നടത്തണമെന്നത് തീരുമാനിക്കണം. ഇനി നാടൻ മത്സ്യക്കൃഷിയാണ് വേണ്ടതെങ്കില്‍ ഉത്തമം കരിമീൻകൃഷിയാണ്. അതിന് എളുപ്പം ചെറുമണ്‍കുളങ്ങളും അടുക്കളക്കുളങ്ങളും ആണ്. 120 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഒരു ടാങ്ക് നിർ‍മ്മിച്ചോ, സില്‍പോളിന്‍ കുളങ്ങളിലോ വേണമെങ്കില്‍ കൃഷി ചെയ്യാം. 80 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ടാങ്കുകൾ മതി കരിമീന്‍ കുഞ്ഞുപരിപാലനവും വിതരണവും നടത്താൻ. കരിമീന്‍ കൃഷിക്കും, മത്സ്യക്കുഞ്ഞുങ്ങളുടെ പരിപാല – വിതരണത്തിനും മത്സ്യ – കര്‍ഷക – വികസന ഏജന്‍സികള്‍ സാമ്പത്തിക – സാങ്കേതിക സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഉപ്പുവെള്ളത്തിൽ വളരുന്ന കരിമീന്‍, കാളാഞ്ചി, ഞണ്ട് എന്നിവ കൃഷി ചെയ്യാൻ അടുത്ത് വെള്ളക്കെട്ടുള്ളവർക്ക് എളുപ്പമാകും. ഇവർക്ക് വെള്ളത്തിൽ മുക്കിത്താഴ്ത്തിയ കൂടുകളിൽ വളർത്തുന്ന രീതി പരീക്ഷിക്കാം. കൂടിന്റെ അളവ് – 2 : 2 : 1.5 മീറ്ററുള്ള ചെറു കൂടുകൾ, അല്ലെങ്കിൽ 100 മീറ്ററോളം വരുന്ന വൻകൂടുകൾ. 4,000 – 5,000 രൂപയുണ്ടെങ്കിൽ കൂട് നിർമ്മിക്കാം. ഇതിനും സര്‍ക്കാര്‍ സഹായമുണ്ട്.

കൊയ്ത്തു കഴിഞ്ഞ നെൽപാടങ്ങളിൽ അടുത്ത ഒരുവിള കൊഞ്ചോ മീനോ കൃഷി ചെയ്യാം. വയൽ ഫലപുഷ്ടമാക്കാനും തരിശിടാതെ കാക്കാനും ഇതു നല്ലതാണ്. മൊത്തത്തിലുള്ള ആദായം കൂടുകയും ചെയ്യും. ഒരു ജലാശയത്തിലെ മത്സ്യ സമ്പത്ത്‌ കഴിയുന്നത്ര പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്. ഇത് രണ്ട് തരത്തിൽ ചെയ്യാറുണ്ട്. വിവിധയിനം മത്സ്യങ്ങളെ ഒന്നിച്ച് ഒരു കുളത്തില്‍ വളര്‍ത്തുന്നതിനെ സമ്മിശ്ര മത്സ്യകൃഷി എന്ന് പറയുന്നു. മത്സ്യം വളര്‍ത്തലിനോടൊപ്പം നെല്ല്, പച്ചക്കറി കൃഷി എന്നിവയും നടപ്പിലാക്കുന്ന രീതിയെ സംയോജിത മത്സ്യകൃഷി എന്നു വിളിക്കാം. ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ / പാഴ് വസ്തുക്കള്‍ / ഉപഉത്പന്നങ്ങള്‍ എന്നിവയുടെ പുനര്‍ വിനിയോഗമാണ് സംയോജിത കൃഷിയെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമാക്കുന്നത്. ഭക്ഷ്യോത്പാദനത്തിന്റെ വർദ്ധന, തീറ്റയ്ക്കും വളപ്രയോഗതിനുമുള്ള ചെലവുകുറവ്, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവ സംയോജിത രീതിയുടെ ഗുണങ്ങളിൽ പെടുന്നു. സംയോജിത മത്സ്യം വളര്‍ത്തലില്‍ പന്നി / താറാവ് / കോഴി എന്നിവയെ ഉള്‍പ്പെടുത്തി, അവയുടെ കൂടുകള്‍ മത്സ്യക്കുളങ്ങളുടെ കരയില്‍ നിര്‍മ്മിച്ച് തീറ്റയുടെ അവശിഷ്ട്ടങ്ങള്‍ കുളങ്ങളിലേക്ക് തിരിച്ചുവിട്ട്, മത്സ്യകൃഷിയുമായി ഫലപ്രദമായി കൂട്ടിചേര്‍ക്കാം.

Also Read: ശാസ്ത്രീയമായ ചെമ്മീന്‍ കൃഷി സാമ്പത്തിക ലാഭത്തിനും വെല്ലുവിളികളെ മറികടക്കാനും

വളര്‍ത്തു മൃഗങ്ങള്‍ ഉപയോഗിക്കാതെ വരുന്ന തീറ്റയ്ക്കു പുറമേ, പോഷക സമൃദ്ധമായ വിസര്‍ജ്യവസ്തുക്കളും മത്സ്യങ്ങള്‍ക്ക് ഭക്ഷണമായി നല്‍കാം. അതുപോലെ ഈ വിസര്‍ജ്യവസ്തുക്കള്‍ മത്സ്യകുളങ്ങളില്‍ നിക്ഷേപിച്ചാല്‍ അത് വളമായി തീർന്ന് കുളത്തിലെ ജീവ പ്ലവകങ്ങളുടെ ഉല്‍പാദനം കൂട്ടുന്നു. അതുവഴി മത്സ്യോത്പാദനവും വര്‍ദ്ധിപ്പിക്കാം. ഇങ്ങനെയുള്ള സംയോജിത കൃഷിയില്‍ കുളങ്ങളില്‍ പ്രത്യേക വളപ്രയോഗമോ മത്സ്യങ്ങള്‍ക്ക് കൈത്തീറ്റയോ ആവശ്യമില്ലാത്തതിനാല്‍ ചെലവ് തരതമ്യേന കുറവായിരിക്കും. പുതിയ കാർഷികയുഗത്തിൽ ജലാശയങ്ങൾ ആദായത്തിന്റെ മുഖ്യ ഉറവകളാണ്.

ഏറെ പോഷകഗുണമുള്ളതുകൊണ്ടും മാംസ്യസമ്പുഷ്ടമായതുകൊണ്ടും ഒഴിച്ച് കൂടാനാകാത്ത ഒരു ഭക്ഷ്യവസ്തുവാണ് മത്സ്യം. മീനിന് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. മറവിരോഗങ്ങള്‍, ഹൃദയരോഗങ്ങള്‍ മുതലായവയെ അകറ്റി നിർത്തുന്നതിന് മത്സ്യഭക്ഷണം നമ്മെ സഹായിക്കുന്നു.

Also Read: ശുദ്ധജല മത്സ്യകൃഷി: അനുകൂല സാഹചര്യങ്ങളും വരുമാന സാധ്യതകളും