മറക്കപ്പെട്ട അമ്മ ദൈവങ്ങളില്‍ നിന്നും അപഹരിക്കപ്പെട്ട വിത്തുകളിലേക്ക്

1908 ലെ തീര്‍ത്തും സാധാരണമായ ഒരു ദിവസം ഓസ്ട്രിയയിലെ വിദൂര ഗ്രാമമായ വില്ലന്‍ഡ്രോഫില്‍ ഗവേഷണത്തില്‍ മുഴുകിയിരിക്കുകയായിരുന്നു ഒരു സംഘം നരവംശ ശാസ്ത്രജ്ഞര്‍. എന്നാല്‍, കൂട്ടത്തിലുള്ള ഒരു ജോലിക്കാരന്‍ വിചിത്രമായ ഒരു സ്ത്രീ രൂപവുമായി പ്രത്യക്ഷപ്പെടുന്നതു വരെ മാത്രമായിരുന്നു ക്യാമ്പിലെ ആ സാധാരണ ദിവസത്തിന്റെ ശാന്തത. അയാള്‍ കുഴിച്ചെടുത്ത, ചുണ്ണാമ്പു കല്ലില്‍ തീര്‍ത്തതെന്ന് തോന്നിപ്പിക്കുന്ന, ആ രൂപം പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ളതുമാണെന്ന് വൈകാതെ തീര്‍ച്ചയാക്കപ്പെട്ടു. ഒരു പക്ഷേ, ലോകത്തിലെ തന്നെ ആദ്യത്തെ അമ്മ ദൈവങ്ങളില്‍ ഒന്നായിരിക്കാം പില്‍ക്കാലത്ത്’വില്ലന്‍ഡ്രോഫിലെ വീനസ്’ എന്ന് വിളിക്കപ്പെട്ട ആ സ്ത്രീ രൂപം. അത്തരം ഒരു വാദത്തെ സാധൂകരിക്കുന്ന ശക്തമായ തെളിവുകളുടെ അഭാവത്തിലും വില്ലന്‍ഡ്രോഫിലെ വീനസ് ആര്‍ക്കിയോളജിസ്റ്റുകളിലും ചരിത്രകാരന്മാരിലും കൗതുകമുണര്‍ത്തി. സ്ത്രീ രൂപത്തിന്റെ നിര്‍മാണത്തില്‍ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട ശരീര ഭാഗങ്ങള്‍ക്ക് നല്‍കിയ ഊന്നലായിരുന്നു അതിന് പ്രധാന കാരണം. വംശ വര്‍ദ്ധനയ്ക്കും ഉര്‍വരതയ്ക്കും ഊന്നല്‍ നല്‍കുന്നതും കേന്ദ്രത്തില്‍ സ്തീയെ പ്രതിഷ്ഠിക്കുന്നതുമായ ഒരു ആരാധനാ സമ്പ്രദായത്തിന്റെ സാധ്യതകളാണ് വില്ലന്‍ഡ്രോഫിലെ വീനസ് സൂചിപ്പിക്കുന്നതെന്നും വാദമുയര്‍ന്നു.

വില്ലന്‍ഡ്രോഫിലെ വീനസിന്റെ നിര്‍മ്മാതാക്കളെന്ന് കരുതപ്പെടുന്ന, ഏതാണ്ട് ബിസി 24,000 ല്‍ ജീവിച്ചിരുന്ന ആ ജനപദത്തിന്റെ അറിവിന്റെ വികാസം ഇത്തരത്തില്‍ ഉര്‍വരതയുമായി ബന്ധപ്പെട്ട ഒരു ആരാധനാ സമ്പ്രദായം വികസിപ്പിക്കുന്നതില്‍ നിന്നും ഏറെ അകലെയാണ് എന്നൊരു മറുവാദം ഉയര്‍ന്നെങ്കിലും ഉര്‍വരതാ സങ്കല്പത്തെ മണ്ണും സ്ത്രീയുമായി ഇണക്കിച്ചേര്‍ക്കാനുള്ള മനുഷ്യ സംസ്‌ക്കാരത്തിന്റെ ആദ്യ ശ്രമങ്ങളില്‍ ഒന്നായി വില്ലന്‍ഡ്രോഫിലെ വീനസ് കരുതപ്പെടുന്നു. ഏതാണ്ട് ബിസി 20,000 ത്തിലാണ് അതുവരെ ഹണ്ടര്‍ ഗാതറര്‍മാരായി വിഹരിച്ചിരുന്ന മനുഷ്യര്‍ മൃഗങ്ങളെ ഇണക്കാന്‍ ആരംഭിക്കുകയും ഭക്ഷ്യയോഗ്യമായ കാട്ടു ധാന്യങ്ങളെ വേര്‍തിരിച്ചറിഞ്ഞ് അടുത്തറിയാന്‍ ശ്രമിക്കുകയും ചെയ്തത്. എളുപ്പത്തില്‍ പിടിക്കാവുന്ന മൃഗങ്ങളുടെ മാസവും ചില പഴങ്ങളും മുഖ്യ ഭക്ഷണ ഇനമായിരുന്ന മനുഷ്യന്റെ തീന്‍ മേശയിലേക്ക് പതിയെ ധാന്യങ്ങള്‍ കടന്നുവന്നു. ഏതാണ്ട് ബിസി 11,000 ത്തോടുകൂടി ചൈനയിലെ സമതലങ്ങളില്‍ ആദ്യത്തെ നെല്‍ വിത്തിനെ ഇണക്കിയെടുത്ത് അരി മണികള്‍ കൊയ്‌തെടുക്കാന്‍ മനുഷ്യര്‍ക്ക് സാധിച്ചു. സാംസ്‌ക്കാരിക കാലരേഖയിലെ സുപ്രധാന നാഴികക്കല്ലായ കൃഷിയുടെ തുടക്കം ഫലഭൂയിഷ്ഠമായ മണ്ണും ജലസേചന സൗകര്യവുമുള്ള സ്ഥലങ്ങളില്‍ സ്ഥിര താമസമുറപ്പിക്കാന്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഹണ്ടര്‍ ഗാതറര്‍മാരെ പ്രേരിപ്പിച്ചു.

ബിസി 7,000 വരെയുള്ള നാലായിരം വര്‍ഷങ്ങള്‍ക്കിടെ നെല്ല്, ഗോതമ്പ്, ബാര്‍ലി, പഴങ്ങള്‍, കരിമ്പ്, പയര്‍ വര്‍ഗങ്ങള്‍, കിഴങ്ങുകള്‍, കന്നുകാലികള്‍, പന്നികള്‍, ആടുമാടുകള്‍ എന്നിവ മനുഷ്യരുമായി ഇണങ്ങുകയും മനുഷ്യവംശം സാംസ്‌ക്കാരികമായ ഒരു കുതിച്ചു ചാട്ടത്തിന്റെ വക്കിലെത്തുകയും ചെയ്തു. ഈ സെലക്റ്റീവ് ബ്രീഡിങ്ങ് പ്രക്രിയയിലെ പതാകാ വാഹകര്‍ ആ സമൂഹങ്ങളിലെ സ്ത്രീകളായിരുന്നു എന്നത് ശ്രദ്ധേയമാണ്. പുരുഷന്മാര്‍ വേട്ടയാടലും അതിജീവനവുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തപ്പോള്‍ ഭക്ഷ്യ യോഗ്യമായ ധാന്യങ്ങളുടെ വിത്തുകള്‍ വേര്‍തിരിച്ചറിയാനും സെലക്ടീവ് ബ്രീഡിങ്ങ് വഴി കൃഷിയെന്ന സാസ്‌കാരിക പ്രതിഭാസത്തിന്റെ അടിത്തറയിടാനും സ്ത്രീകള്‍ക്ക് തുണയായത് പ്രകൃതി സഹജമായ ഉള്‍ക്കാഴ്ചയും പ്രായോഗിക ബുദ്ധിയും തന്നെ. പരിണാമം കനിഞ്ഞു നല്‍കിയ വരങ്ങളോടൊപ്പം വിത്തുകളെക്കുറിച്ചു അറിവും ഉരവ്വരതയും വംശ വര്‍ദ്ധനവുമായുള്ള സങ്കീര്‍ണ മാനസിക ബന്ധങ്ങളും ചേര്‍ന്നതോടെ അമ്മ ദൈവങ്ങള്‍ക്കും ഉര്‍വ്വരതാരാധന സമ്പ്രദായങ്ങള്‍ക്കും അരങ്ങൊരുങ്ങി.

Illustration of ancient Egyptian farming.

സൂര്യ ചന്ദ്രന്മാരേയും മറ്റ് പ്രകൃതി പ്രതിഭാസങ്ങളേയും ദൈവീക രൂപത്തില്‍ കുടിയിരുത്തി ആരാധിച്ചാണ് ആദ്യ കാലത്ത് മനുഷ്യര്‍ തങ്ങളെ നിരന്തരം ഭയപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്ന പ്രകൃതിയെ, ചുറ്റുപാടുകള്‍ കുത്തിവക്കുന്ന ഭയത്തെ, മറികടക്കാന്‍ ശ്രമിച്ചത്. മാതൃദായ ക്രമം നിലനിന്നതായി കരുതപ്പെടുന്ന മിനോവന്‍ സംസ്‌ക്കാരത്തിന്റെ ഈറ്റില്ലമായ മെഡിറ്ററേനിയന്‍ തീരം മുതല്‍ സിന്ധു നദീതടങ്ങള്‍വരെ വിവിധ ജനപദങ്ങള്‍ പാര്‍പ്പുറപ്പിക്കുകയും സവിശേഷമായ കാര്‍ഷിക സമൂഹങ്ങള്‍ ഉദയം ചെയ്യുകയും ചെയ്തു. കിഴക്കിനെ പടിഞ്ഞാറുമായി ബന്ധിപ്പിച്ചിരുന്ന കച്ചവട പാതകളിലൂടെ കച്ചവടക്കാര്‍ക്കും ചരക്കുകള്‍ക്കുമൊപ്പം അമ്മ ദൈവങ്ങളുടെ ഐതിഹ്യങ്ങളും ആചാരങ്ങളും അത്ഭുത കഥകളും തലങ്ങും വിലങ്ങും പ്രചരിച്ചു. പുരാതന ഈജിപ്തിലേയും സിന്ധു നദീതടത്തിലേയും സംസ്‌ക്കാരങ്ങള്‍ കൂടുതലായും ആശ്രയിച്ചത് നദീതട വ്യവസ്ഥയേയും കാലാവസ്ഥാ ചക്രങ്ങളേയുമായിരുന്നു. അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളില്‍ ഉര്‍വരതാരാധനയും അമ്മ ദൈവ സങ്കല്‍പ്പങ്ങളും മരണം, ജനനം, ഉത്പത്തി, സൂര്യ ചന്ദ്രമാരും നക്ഷത്രങ്ങളും, വിളവെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട ബിംബങ്ങളാല്‍ സമ്പന്നമാക്കപ്പെട്ടു. മെഡിറ്ററേനിയന്‍ തീരങ്ങളിലും ആഫ്രിക്കയിലും രൂപംകൊണ്ട സമാനമായ സംസ്‌ക്കാരങ്ങള്‍ ഇത്തരത്തിലുള്ള അമ്മ ദൈവ സങ്കല്‍പ്പനങ്ങളും ബിംബാരാധനയും ഉത്പത്തി കഥകളും സ്വന്തമായി വികസിപ്പിക്കുകയും അവ കാലക്രമേണ വിളവെടുപ്പ് ഉത്സവങ്ങളായും മറ്റും പരിണമിക്കുകയും ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിവിധ സമൂഹങ്ങള്‍ സ്വന്തമായി കാര്‍ഷിക ആചാരങ്ങള്‍ വികസിപ്പിച്ചെങ്കിലും അവയിലെല്ലാം ഇത്തരത്തിലുള്ള സമാനതകള്‍ കാണാം. ഭക്ഷ്യ ക്ഷാമവും വരള്‍ച്ചയും കൊണ്ടുവരുന്ന ക്ഷുദ്ര ശക്തികളെ ആട്ടിപ്പായിക്കാനും കന്നുകാലികളുടെ ക്ഷേമത്തിനുമായിരുന്നു ഇവയില്‍ മിക്കതും. ഇത്തരം ആചാരങ്ങള്‍ പല സമൂഹങ്ങളിലും വിവാഹം, മറ്റ് സാമൂഹിക ചടങ്ങുകള്‍ എന്നിവയുമായി വിളക്കിച്ചേര്‍ക്കപ്പെട്ട് സമൂഹ ജീവിതത്തില്‍ കൂടുതല്‍ വേരോട്ടമുണ്ടാക്കുകയും ചെയ്തു. ഈ ആചാരങ്ങളില്‍ പലതും പ്രകൃതിയുടെ ചാക്രിക സ്വഭാവമാണ് അളവിന്റെ അടിസ്ഥാനമാക്കിയത്. അക്കാലത്തെ മനുഷ്യര്‍ക്കാകട്ടെ ചാക്രികതയെന്ന പ്രകൃതി പ്രതിഭാസത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍ ഒന്ന് സ്ത്രീകള്‍ കടന്നുപോകുന്ന ആര്‍ത്തവ ചക്രമായിരുന്നു. ഉര്‍വ്വരതയും പ്രത്യുല്പാദനവുമായി ആര്‍ത്തവത്തിനുള്ള ബന്ധവും മനുഷ്യരില്‍ മാത്രം കാണുന്ന പ്രത്യേകതയായ ചാന്ദ്രമാസ കലണ്ടറിനെ അത് കൃത്യമായി പിന്തുടരുന്നതും ആ പ്രതിഭാസത്തെ വേറിട്ടു നിര്‍ത്തി. 'ബ്ലഡ്, ബ്രെഡ് ആന്‍ഡ് റോസസ്' എന്ന തന്റെ പുസ്തകത്തില്‍ എഴുത്തുകാരിയായ ജൂഡി ഗ്രഹാന്‍ ഒരു പടികൂടി കടന്ന് സ്ത്രീകളുടെ ആര്‍ത്തവ ചക്രം എങ്ങനെയാണ് മാനവ സംസ്‌ക്കാരത്തിന്റെ അടിത്തറ പാകിയത് എന്ന് സമര്‍ഥിക്കുന്നു.

മിത്തുകളുടേയും നരവംശ ശാസ്ത്ര തെളിവുകളുടേയും വ്യക്തിപരമായ ഓര്‍മ്മകളുടേയും നിരീക്ഷണങ്ങളുടേയും ഉത്പത്തി കഥകളുടേയും സഹായത്തോടെയാണ് ജൂഡി ഗ്രഹാന്‍ കൃഷി, സംസ്‌ക്കാരം, ശാസ്ത്രം എന്നിവയുടെ കേന്ദ്ര സ്ഥാനത്ത് ആര്‍ത്തവ ചക്രത്തേയും അനുബന്ധ ആചാരങ്ങളേയും പ്രതിഷ്ഠിക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പം പ്രാധാന്യവും തുല്യതയും ഉണ്ടായിരുന്ന, രക്തബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തപ്പെട്ട മാതൃദായ സമൂഹങ്ങള്‍ പതിയെ പിതൃദായ വ്യവസ്ഥയ്ക്ക് വഴിമാറിക്കൊടുത്തു. എതാണ്ട് 6000 മുതല്‍ 7000 വരെ വര്‍ഷങ്ങളെടുത്ത്, വ്യത്യസ്ത ഭൂഖണ്ഡങ്ങളിലും സമൂഹങ്ങളിലും വ്യത്യസ്ത രീതികളില്‍ പൂര്‍ത്തിയായ ഈ പ്രക്രിയയിലൂടെ പുരുഷന്‍ വര്‍ഗ്ഗാധിഷ്ഠിത, പിതൃദായ സമൂഹങ്ങളുടെ അധികാര സ്ഥാനത്തെത്തി. കോളനിവല്‍ക്കരണം, മിഷനറി പ്രവര്‍ത്തനങ്ങള്‍, വ്യവസായ വിപ്ലവം, കൂട്ട കുടിയേറ്റങ്ങള്‍ എന്നീ ഘടകങ്ങള്‍ ഈ പ്രക്രിയയില്‍ അവയുടേതായ പങ്ക് വഹിക്കുകയും ചെയ്തു. ആധുനിക കുടുംബം എന്ന സങ്കല്‍പ്പത്തിന്റെ വരവോടെ ഈ പ്രക്രിയ പൂര്‍ണമാകുകയും കൃഷിയിലും സമൂഹിക ജീവിതത്തിലും സ്ത്രീകളുടെ സ്ഥാനവും ഇടപെടലും കീഴ്‌മേല്‍ മറിയുകയും ചെയ്തു. കരുത്തനായ പുരുഷന്‍ തന്റെ പൗരുഷത്തിന്റെ ശക്തിയില്‍ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വ്യവസായിക സമൂഹത്തിലെ വസ്തുക്കള്‍ മാത്രമായി മാറി ശക്തി സ്വരൂപിണികളായ അമ്മ ദൈവങ്ങളും വിത്തുകളും.

കൃഷി, ഒരു സാംസ്‌ക്കാരിക, സാമൂഹ്യ പ്രതിഭാസം എന്ന നില വിട്ട് വന്‍ യന്ത്രങ്ങള്‍ ഭാഗവാക്കാവുന്ന ഒരു വ്യാവസായിക പ്രക്രിയയായി രൂപാന്തരപ്പെട്ടതോടെ ആരാധനാ മൂര്‍ത്തികളായ പ്രകൃതി ശക്തികള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമുള്ള സ്ഥാനം സാങ്കേതിക വിദ്യ ഏറ്റെടുത്തു. പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് മനുഷ്യരുടെ അധ്വാന ശേഷിയെ കൃത്യമായ ആസൂത്രണത്തോടെ വിന്യസിക്കാമെന്ന് വന്നതോടെ പ്രകൃതിയെ നിയന്ത്രിക്കാനും മാറ്റാനുമുള്ള അധികാരവും മനുഷ്യവംശത്തിന് സ്വന്തമായി. ചരിത്രത്തിന്റെ കാലരേഖ മറക്കപ്പെട്ട അമ്മ ദൈവങ്ങളുടേയും മോഷ്ടിക്കപ്പെട്ട വിത്തുകളുടേയും മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ചരിത്രാതീത കാലം മുതല്‍ മനുഷ്യരുമായി ഇണങ്ങുകയും മനുഷ്യര്‍ക്കൊപ്പം പരിണമിക്കുകയും ചെയ്ത വിത്തുകള്‍ 21 ആം നൂറ്റാണ്ടിലെ കോര്‍പ്പറേറ്റ് കൃഷിയിടങ്ങളില്‍ പുതിയ രൂപത്തിലും ഭാവത്തിലും അവതരിച്ചു. വിത്തുകളുടെ ഉടസ്ഥാവകാശവും വിതരണവും വന്‍കിട കമ്പനികളുടെ കൈകളില്‍ എത്തിയതോടെ, മനുഷ്യകുലത്തിന് നഷ്ടപ്പെട്ടുപോയ ഒരു പുരാതന സംസ്‌കൃതിയുടെ അടയാളങ്ങളെന്ന പോലെ മറക്കപ്പെട്ട അമ്മ ദൈവങ്ങളേയും മോഷ്ടിക്കപ്പെട്ട വിത്തുകളേയും ഏതെങ്കിലും മ്യൂസിയങ്ങളില്‍ ഇനി നാം കണ്ടുമുട്ടിയേക്കാം.

Ragesh Dipu

An active avant-garde who embraced art and literature to speak and write out loud.

Leave a Reply

Your email address will not be published.