വ്യത്യസ്തമാണെങ്കിലും സത്യത്തിലാരും തിരിച്ചറിയാത്ത കുന്തിരിക്കം കൃഷിയെക്കുറിച്ച് അറിയാം

വ്യത്യസ്തമാണെങ്കിലും സത്യത്തിലാരും തിരിച്ചറിയാത്ത കുന്തിരിക്കം കൃഷിയെക്കുറിച്ച് അറിയാം. പുരാതന കാലം മുതൽക്കെ പാരമ്പര്യ ചികിത്സാക്രമങ്ങളിൽ പ്രധാനിയായ കുന്തിരിക്കത്തെക്കുറിച്ച് പല ആയുര്‍വേദ ഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ട്. എന്നാൽ സാധാരണക്കാർക്ക് ആരാധനാലയങ്ങളില്‍ പുകക്കാൻ ഉപയോഗിക്കുന്നത് എന്ന നിലയിലാണ് കുന്തിരിക്കത്തെ കൂടുതൽ പരിചയം.

സഹ്യ പർവത നിരകളിലും വടക്കു കിഴക്കേ ഇന്ത്യയിലെ കാടുകളിലും കണ്ടുവരുന്ന വറ്റീരിയ ഇന്‍ഡിക്ക എന്ന പൈൻ മരത്തിന്റെ തൊലി വേനല്‍ക്കാലത്ത് പൊട്ടി ഊറിവരുന്ന കറ ഉണക്കിയെടുത്തതാണ് കുന്തിരിക്കമായത്. ക്രിസ്തീയ ദേവാലയങ്ങളിലും മറ്റും വിശേഷ സുഗന്ധമായി നിറയുന്ന കുന്തിരിക്കം കേരളത്തിലും അസമിലും ബംഗാളിലുമുള്ള കാടുകളിൽ കാണപ്പെടുന്നു.

കേരളത്തിലെ ആദിവാസി വിഭാഗങ്ങളുടെ പ്രധാന വരുമാനമാര്‍ഗമാണ് കുന്തിരിക്ക ശേഖരണം. പച്ചനിറത്തിലുള്ള ഇലകളും മനോഹരമായ മഞ്ഞ കലര്‍ന്ന വെള്ള പൂക്കളുമുണ്ടാകുന്ന മരം പുഷ്പിക്കുന്നത് ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ്. ഒരു കുലയില്‍ത്തന്നെ ധാരാളം പൂക്കളും ഒട്ടേറെ കായകളും ഉണ്ടാകും. മഴക്കാലത്തിന്റെ തുടക്കത്തിൽ കായ പൊഴിഞ്ഞുവീണ് പുതിയ തൈകളുണ്ടാകുന്നു.

ഈ വിത്തുകൾ ശേഖരിച്ച് പൈന്‍ മരത്തിന്റെ തൈകള്‍ ഉണ്ടാക്കാം. ഇവ പോളിത്തീന്‍ കവറുകളില്‍ നട്ട് മുളപ്പിച്ചെടുക്കണം. തൈകള്‍ മൂന്നോ നാലോ മാസം പ്രായമാകുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ള നന്നായി വെയില്‍ കിട്ടുന്ന സ്ഥലത്ത് മാറ്റിനടണം. 10 മുതൽ 15 മീറ്റര്‍ വരെ അകലം പാലിച്ചാണ് നടേണ്ടത്. രണ്ടു വര്‍ഷം കൊണ്ടുതന്നെ 6 മീറ്റര്‍ വരെ ഉയരം വെക്കുന്ന കുന്തിരിക്ക മരം നാലു വര്‍ഷം കൊണ്ടുതന്നെ പൂവിടും.

ആറു വയസു പ്രായമാകുന്നതോടെ കറ ഊറി വന്നു തുടങ്ങും. ഒരു മരത്തിൽ നിന്ന് ശരാശരി 10 മുതല്‍ 50 കിലോഗ്രാം വരെ കുന്തിരിക്കം ലഭിക്കുമെന്നാണ് കണക്ക്. ആയുര്‍വേദ മരുന്നുകളില്‍ ചേരുവയെന്നത് കൂടാതെ വാര്‍ണിഷ് വിപണിയിയും കുന്തിരിക്കത്തിന് ആവശ്യക്കാരുണ്ട്. കൂടാതെ മെഴുകു നിര്‍മാണത്തിലും ഇത് ഉപയോഗിക്കുന്നു.

Also Read: കന്നുകാലികളിലെ ബോട്ടുലിസം രോഗം ഫലപ്രദമായി പ്രതിരോധിക്കാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Image: pixabay.com