ആടുകളിലെ പോളിയോയും ടെറ്റനസും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; പ്രധാനപ്പെട്ട പ്രതിരോധ മാർഗങ്ങളും കുത്തിവെപ്പുകളും

ആടുകളിലെ പോളിയോയും ടെറ്റനസും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; പ്രധാനപ്പെട്ട പ്രതിരോധ കുത്തിവെപ്പുകൾ ഇവയാണ്. ആടു വളർത്തലിലെ പ്രധാന വെല്ലുവിളിയാണ് ഇരുട്ടടിയായെത്തുന്ന പോളിയോ രോഗം. വിറ്റാമിന്‍ ബി 1 ന്റെ കുറവു കാരണവും തയമിനേസ് അടങ്ങിയ ആഹാര വസ്തുക്കൾ കഴിക്കുന്നതിലൂടെ ശരീരത്തിലെ തയാമിന്‍ കുറയുന്നതുമാണ് ഈ രോഗത്തിനു കാരണം.

കാത്സ്യം, ഫോസ്ഫറസ്സ് എന്നിവയുടെ അളവിലുണ്ടാകുന്ന കുറവ് രോഗം കൂടുതല്‍ വഷളാക്കും. കണ്ണിലെ കൃഷ്ണമണിയുടെ അസാധാരണ ചലനങ്ങള്‍, നടക്കാന്‍ ബുദ്ധിമുട്ട്, തീറ്റയെടുക്കാതിരിക്കൽ എന്നിവയാണ് പ്രധാനലക്ഷണങ്ങൾ. കൂടാതെ ദഹനക്കേടും വയറുസ്തംഭനവുമുണ്ടാകും. രോഗം മൂർച്ഛിക്കുമ്പോൾ ആടുകള്‍ക്ക് എഴുന്നേല്‍ക്കാൻ കഴിയാതാകുകയും ക്രമേണ ചത്തുപോവുകയും ചെയ്യാറുണ്ട്.

തുടക്കത്തില്‍ത്തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ പൂർണമായും മാറ്റാവുന്ന രോഗമാണ് ആടുകളിലെ പോളിയോ.
തയമിനേസ് അടങ്ങിയ ആഹാരവസ്തുക്കൾ ഒഴിവാക്കുകയാണ് ആദ്യപടി. പാറപ്പുല്ല് എന്ന പേരിലറിയപ്പെടുന്ന മലമ്പ്രദേശങ്ങളിലെ പരമ്പരാഗതമായ പുല്‍വര്‍ഗ്ഗങ്ങളിലാണ് തയമിനേസ്സ് എന്‍സൈം കൂടുതലായുള്ളത്. ഇത് ശരീരത്തിലെ ലഭ്യമായ തയമിന്‍, ബി.കോംപ്ലക്സ് വിറ്റാമിനിന്റെ അളവ് ക്രമാതീതമായി കുറയ്ക്കും. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാൽ ഉടൻതന്നെ ചികിത്സ തുടങ്ങണം. ഒന്നിലധികം ആടുകളില്‍ രോഗബാധ കാണപ്പെട്ടാൽ ആ പ്രദേശത്തെ തീറ്റപ്പുല്ല് നല്‍കുന്നത് ഉടൻ നിർത്തുകവയും വേണം.

ആടുകളുടെ കൈകാലുകളിലുണ്ടാകുന്ന മുറിവുകളിലൂടെ രോഗാണുക്കൾ ശരീരത്തിലെത്തിയാണ് ടെറ്റനസ് ബാധയുണ്ടാക്കുന്നത്. അതിനാൽ ആടുകള്‍ക്ക് മുറിവേറ്റാൽ ചികിത്സയോടൊപ്പം ടെറ്റ്നസ് ടോക്സോയിഡ് കുത്തിവെയ്പ്പ് നിർബന്ധമായും എടുത്തിരിക്കണം. കാരണം ആടുകളിലും കുതിരകളിലുമാണ് ടെറ്റനസ് ബാധിച്ചുള്ള മരണനിരക്ക് ഏറ്റവും കൂടുതൽ. ആട്ടിന്‍കുട്ടികള്‍ക്ക് 6 മാസം പ്രായമാകുമ്പോൾ തന്നെ ടെറ്റനസ് പ്രതിരോധ കുത്തിവെയ്പ്പെടുക്കാനും പ്രത്യേകം ശ്രദ്ധവക്കണം.

Also Read: വ്യാവസായികാടിസ്ഥാനത്തിൽ ഇലകളിൽ നിന്നു തൈകൾ ഉണ്ടാക്കുന്ന വിദ്യയുമായി തമിഴ്നാട് സ്വദേശി