ശാസ്ത്രീയമായ ആടു വളർത്തൽ, ഒരൽപ്പം ശ്രദ്ധിച്ചാൽ കൂടുതൽ ലാഭം

ശാസ്ത്രീയമായ ആടു വളർത്തലിൽ ഒരൽപ്പം ശ്രദ്ധിച്ചാൽ കൂടുതൽ ലാഭം നേടിത്തരും. പെണ്ണാടുകളെ നല്ല വര്‍ഗത്തില്‍പ്പെട്ട ആരോഗ്യമുള്ളതും പ്രായപൂര്‍ത്തിയായതുമായ മുട്ടനാടുകളുമായി ഇണചേര്‍പ്പിക്കുക എന്നതാണ് ഇതിൽ ആദ്യത്തെപ്പടി. മുട്ടനാടുകള്‍ ശാരീരിക വൈകല്യമില്ലാത്തതും നല്ല പ്രത്യുത്പാദന നിരക്കും ഉത്പാദനവും ഉള്ളവയാണെന്ന് ഉറപ്പുവരുത്തണം. സാധാരണ കർഷകർ ഇക്കാര്യം ശ്രദ്ധിക്കതെ വിടുകയാണ് പതിവ്.

രക്ത ബന്ധമുള്ളവയെ ഇണചേര്‍ക്കാന്‍ ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമമെന്ന് അനുഭവസ്ഥർ പറയുന്നു.
മുട്ടനാടുകളുടെ കുട്ടികളെ ചെറുപ്പം മുതലേ മറ്റ് പെണ്ണാടുകളില്‍നിന്ന് മാറ്റിപാര്‍പ്പിക്കാനും ശ്രദ്ധിക്കണം. കുടിവെള്ളം എപ്പോഴും ലഭ്യമാക്കണം. കൂടാതെ ആടുകൾ പെരുമാറുന്ന ഇടം വൃത്തിയായിരിക്കാനും ശ്രദ്ധിക്കണം. ഒപ്പം നിത്യേന രോമം ബ്രഷ് ചെയ്ത് വൃത്തിയാക്കണം. ആടുകൾക്ക് മൂന്ന് മാസം ഇടവിട്ട് വിരമരുന്ന് കൊടുക്കാം.

എല്ലാ ദിവസവും കുറച്ചു സമയം മേയാന്‍ വിടുകയും മാസത്തില്‍ ഒന്നോ രണ്ടോ തവണ നന്നായി കുളിപ്പിക്കുകയും വേണം. നല്ല വളര്‍ച്ചയുള്ള മുട്ടനാടുകൾ ആറുമാസം കൊണ്ട് പ്രത്യുത്പാദനശേഷി കൈവരിക്കുന്നു. എങ്കിലും 10 മാസം പ്രായമാകുന്നതിനു മുമ്പേ ഇണചേരാൻ അനുവദിച്ചാൻ പൂര്‍ണ ശാരീരിക വളര്‍ച്ചയെത്തുന്നതിന് തടസ്സമാകും. പ്രായപൂര്‍ത്തിയായ മുട്ടനെ ആഴ്ചയില്‍ ആറോ ഏഴോ തവണ ഇണചേര്‍ക്കാന്‍ ഉപയോഗിക്കാം.

ഓരോ പെണ്ണാടിനെയും രണ്ട് പ്രാവശ്യം ഇണചേര്‍ക്കുന്നതാണ് നല്ലത്. ആട് ഫാമുകളില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഒരേ മുട്ടനാടിനെ ഉപയോഗിക്കരുത്. ശ്രദ്ധാപൂർവമുള്ള പരിചരണത്തിലൂടെ മാത്രമേ ആരോഗ്യവും പ്രത്യുൽപ്പാദശേഷിയുമുള്ള പുതിയ തലമുറ ആടുകളെ ഉണ്ടാക്കാൻ കഴിയുകയുള്ളു. ആടുകൾക്ക് ലഭിക്കുന്ന വിലയും അവയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ ഇത് ആടുവളർത്തലിൽ ഒഴിവാക്കാൻ കഴിയാത്ത കാര്യങ്ങളാണ്.

Also Read: അധിക വരുമാനത്തിന് മുല്ലക്കൃഷി; വീട്ടമ്മമാർക്കും വിശ്രമജീവിതം നയിക്കുന്നവർക്കും ഒരു കൈ നോക്കാം

Image: pixabay.com