ഗോൾഡൻ വാലിയിലെ തമിഴ് മണ്ണിൽ ജൈവ മുന്തിരി വിളയിച്ച് ഷാജിയും ദീപയും; ഒരു കിലോയ്ക്ക് വില 150 രൂപവരെ

തമിഴ് മണ്ണിൽ ജൈവ മുന്തിരി വിജയകരമായി വിളയിക്കുകയാണ് തിരുവനന്തപുരം സ്വദേശി ഷാജി സി വര്‍ക്കിയും ഭാര്യ ദീപയും. തമിഴ്‌നാട് തെങ്കാശിക്കടുത്തുള്ള ചൊക്കംപെട്ടി മലയുടെ അടിവാരത്തിലാണ് ഈ ദമ്പതികളുടെ കൃഷി. ഫാമിൽ വിളയുന്ന കിലോയ്ക്ക് 150 രൂപ വില ലഭിക്കുന്ന ജൈവ മുന്തിരി ഗോള്‍ഡന്‍ വാലി ബ്രാൻഡ് നാമത്തിൽ വിപണിയിലെത്തിക്കുന്നു.

പഠനകാലം മുതല്‍തന്നെ കൃഷിയില്‍ താത്പര്യമുണ്ടായിരുന്ന ഷാജി പ്രവാസ ജീവിതത്തിനു ശേഷമാണ് മുഴുവൻ സമയ കൃഷിയിലേക്ക് തിരിയുന്നത്. കേരളത്തില്‍ കൃഷിസ്ഥലത്തിനു വില കൂടുതലായതിനാലാണ് തമിഴ്‌നാട്ടിൽ ചൊക്കംപെട്ടി മലയടിവാരത്തെ 35 ഏക്കര്‍ തരിശുഭൂമിയിൽ എത്തിയതെന്ന് പറയുന്നു ഷാജി.

1997 ല്‍ വാങ്ങിയ ഈ സ്ഥലത്ത് പത്തുമുപ്പതു തെങ്ങുകളും കുറച്ചു പനകളും പിന്നെ മുൾപ്പടർപ്പും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഗോള്‍ഡന്‍ വാലി ഫാം എന്ന പേരിട്ട് അടുത്തുള്ള കൃഷിവിജ്ഞാന കേന്ദ്രത്തില്‍ നിന്നും അല്‍ഫോണ്‍സാ മാവിന്റെ ഗ്രാഫ്റ്റുതൈകള്‍ വാങ്ങി നടലായിരുന്നു ആദ്യ പടി. അടുത്ത അഞ്ചു വര്‍ഷം ചില പ്രതിസന്ധികള്‍ കാരണം കൃഷിയിൽ നിന്ന് അകന്നു നിൽക്കേണ്ടിവന്നു.

എന്നാൽ കാര്യമായി ശ്രദ്ധിക്കാതിരുന്നിട്ടും നല്ല വിളവുതന്ന അൽഫോൻസാ മാമ്പഴമാണ് ഷാജിയെ വീണ്ടും കൃഷിയിലേക്ക് ആകർഷിച്ചത്. തുടര്‍ന്നു സര്‍ക്കാര്‍ സഹായത്തോടെ മഴവെള്ള സംഭരണത്തിനായി തടയണകള്‍ കെട്ടി. കശുമാവ്, തെങ്ങ്, മാവ്, നെല്ലി, സപ്പോട്ട, ചെറുനാരകം, മുന്തിരി തുടങ്ങിയ കൃഷികൾ തുടങ്ങി 35 ഏക്കറുള്ള തോട്ടത്തില്‍ ആറേക്കറിലാണ് മുന്തിരികൃഷി.

പനീര്‍ ഗുലാബി എന്ന നാടന്‍ മുന്തിരിയിനമാണ് ഇവിടെ ജൈവരീതിയിൽ കൃഷി ചെയ്യുന്നത്. ഒമ്പതേക്കറിൽ തെങ്ങ്, അഞ്ചേ ക്കറില്‍ സങ്കരയിനം മാവ്, മൂന്നേക്കറില്‍ കശുമാവ്, മൂന്നേക്കറില്‍ ചെറുനാരകം എന്നിവയും കൃഷി ചെയ്യുന്നു. ഇടവിളയായി 900 നെല്ലി മരങ്ങളും ഇവിടെയുണ്ട്. ഇവ കൂടാതെ ജൈവവളത്തിനായി 45 പശുക്കളേയും ഷാജി വളർത്തുന്നു. 15 തൊഴിലാളികളുടെ സഹായത്തോടെയാണ് ഈ ദമ്പതികൾ ഫാം നടത്തുന്നത്.

Also Read: ആദായവും ആരോഗ്യവും തരുന്ന സമ്മിശ്ര മത്സ്യകൃഷിയ്ക്ക് പ്രചാരമേറുന്നു

Image: pixabay.com