മാനവരാശിയുടെ ചരിത്രത്തോട് ചേര്‍ത്ത് തുന്നപ്പെട്ടിരിക്കുന്ന പഴങ്ങളുടെ ചരിത്രം

മാനവരാശിയുടെ ചരിത്രത്തോളം പഴക്കമേറിയതാണ് പഴങ്ങളുടെ ചരിത്രവും, ഭൂമിയില്‍ ജീവകണത്തിന്റെ ആവിര്‍ഭാവത്തിനുശേഷം സംഭവിച്ച പരിണാമത്തിലൂടെ മനുഷ്യന്റെ രൂപവത്കരണത്തില്‍ എത്തിനില്‍ക്കുന്ന പരിണാമസിദ്ധാന്തത്തിന്റെ നീണ്ടപട്ടികയില്‍ ഏതൊക്കെയോഘട്ടത്തില്‍ പഴങ്ങളുടെ ചരിത്രവും ചേര്‍ത്ത് തുന്നപെട്ടിരിക്കുന്നു. മനുഷ്യന്‍ നായാടിത്തിന്ന് ജീവിച്ചക്കാലം മുതല്‍ അവന്റെ ഭക്ഷണത്തില്‍ കായ്കളും കാട്ടുപഴങ്ങളും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് സമൂഹമായി ജീവിക്കാന്‍ ആരംഭിച്ചതു മുതല്‍ കൃഷി എന്ന സങ്കല്പത്തിലേക്ക് അവന്‍ എത്തിച്ചേരുകയും മറ്റ് ധാന്യങ്ങളോടൊപ്പം പഴവര്‍ഗ്ഗങ്ങളും തന്റെ വാസസ്ഥലത്ത് വളര്‍ത്തിയെടുക്കാന്‍ തുടങ്ങുകയും ചെയ്തു. ജീവികളുടെ നിലനില്‍പ്പിനു ആവശ്യമായതെല്ലാം ഉള്ളറകളില്‍ ഒളിപ്പിക്കുകയും അതിന്റെ കൃഷി സാധ്യത മനുഷ്യകുലവുമായി പങ്കുവെക്കുകയും ചെയ്ത് പ്രകൃതി അതിന്റെ നിര്‍ദ്ധാരണപ്രക്രിയെ രൂപപ്പെടുത്തി.

എഴുതപ്പെട്ടിട്ടുള്ളതും അല്ലാത്തതുമായ പല പൗരാണിക സാഹിത്യത്തിലും പഴങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ക്രിസ്തുമതവിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിലെ ആദവും ഹവ്വയും ഭക്ഷിച്ചു എന്ന് കരുതപ്പെടുന്ന വിലക്കപ്പെട്ടകനിപോലും പഴങ്ങള്‍ മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടതിന്റെ പ്രതിപാദനമായിരിക്കാം. ഈന്തപ്പഴമാണ് ലോകത്തില്‍ ഏറ്റവും ആദ്യം കൃഷി ചെയ്തു എന്ന് കരുതപ്പെടുന്ന പഴവര്‍ഗ്ഗം. 7000 ബി സി മുതല്‍ തന്നെ ഈന്തപ്പഴം മനുഷ്യന്‍ ഉപയോഗിച്ചു വരുന്നു. മാതളമാണ് മറ്റൊരു പഴക്കമേറിയ പഴം, 3500 ബി സി മുതല്‍ മാതളം ഉപയോഗിക്കുന്നതായി പല ചരിത്രരചനകളിലും കുറിക്കപ്പെട്ടിട്ടുണ്ട്. മുന്തിരി, പീച്ച്, അത്തിപ്പഴം, ഒലിവ്, ബദാം തുടങ്ങിയ പഴങ്ങളും മനുഷ്യന്‍ നൂറ്റാണ്ടുകളായി ഭക്ഷണത്തില്‍ ഉള്‍പ്പെടിത്തിയിട്ടുണ്ടായിരുന്നതായി ബൈബിള്‍ പഴയനിയമത്തിലും 1300 ബിസിയില്‍ എഴുതപ്പെട്ടിട്ടുള്ള ഈജിപ്റ്റിന്‍ കൈയെഴുത്തുപ്രതികളിലും ചൈനീസ് തത്വചിന്തകനായ കണ്‍ഫ്യൂഷ്യസിന്റെ പുസ്തകത്തിലും പറയപ്പെടുന്നു. ബി സി 4ാം നൂറ്റാണ്ടിലും ബുദ്ധിസ്റ്റ് കാലഘട്ടത്തിനു മുന്‍പും തോട്ടക്കൃഷി ഒരു പ്രധാന ജീവനോപായമായിരുന്നു. 4ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടിട്ടുള്ള അര്‍ത്ഥശാസ്ത്രത്തിലും മുന്തിരികൃഷിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

ഇന്ത്യയിലെ ബുദ്ധവിഹാരങ്ങളില്‍ ഒന്നായ സാഞ്ചിയിലെ സ്തൂപങ്ങളില്‍ പോലും മാങ്ങയുള്‍പ്പെടെയുള്ള പഴങ്ങളുടെ രൂപങ്ങള്‍ കൊത്തിവെച്ചിട്ടുള്ളതായി കാണാം. ഇതിനര്‍ത്ഥം പുരാതന കാലം മുതല്‍ക്കേ തന്നെ പഴവര്‍ഗ്ഗങ്ങള്‍ ഉത്പാദിപ്പിക്കുവാനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനുമുള്ള പ്രവണത മനുഷ്യര്‍ കാണിച്ചിട്ടുണ്ടെന്നുതന്നെയാണ്. സ്വാദിഷ്ഠമായ പലപഴങ്ങളുടെയും ജന്മദേശം ഇന്ത്യയാണെങ്കിലും പലവിദേശ ഇനങ്ങളും ഇന്ത്യയില്‍ കൃഷിചെയ്യുന്നുണ്ട്. ചക്ക, മാങ്ങ, വാഴപ്പഴം, കൂവളം, നെല്ലിക്ക തുടങ്ങിയവയാണ് ചില പ്രധാന സ്വദേശി ഇനങ്ങള്‍.

പഴങ്ങളുടെ ഉത്പാദനവും കാലാസ്ഥയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് മഴ, കാറ്റ്, ഊഷ്മാവ്, അന്തരീക്ഷ ആര്‍ദ്രത,എന്നിവയെല്ലാം ഉത്പാദനത്തിനെ നിയന്ത്രിക്കുന്ന അടിസ്ഥാന പരിസ്ഥിതി ഘടകങ്ങളാണ്. ആപ്പിള്‍, പീച്ച്, സ്ട്രൌബെറി, പീര്‍ തുടങ്ങിയ പഴങ്ങള്‍ക്ക് അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞ തണുത്ത കാലാവസ്ഥയാണ് അനുയോജ്യം എന്നാല്‍ മാങ്ങ, പഴം, കൈതച്ചക്ക തുടങ്ങിയ പഴങ്ങള്‍ക്ക് ദീര്‍ഘകാല വിളകള്‍ക്ക് ചൂടുള്ളതും അന്തരീക്ഷ ആര്‍ദ്രത കൂടിയതുമായ കലാവസ്ഥയാണിതു്.  ആവശ്യയത്. ഇത്തരത്തില്‍ പ്രദേശത്തിന്റെ സ്വഭാവവും മണ്ണിന്റെ ഗുണമേന്മയും അനുസരിച്ചുള്ള കൃഷി ഉത്പാദനവും പഴങ്ങളുടെ ഗുണനിലവാരവും ഉയര്‍ത്തുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അന്തര്‍ദേശീയ വരുമാനം നേടിത്തരുന്ന ഒരു മികച്ച കച്ചവട മാര്‍ഗ്ഗമാണ് പഴങ്ങളുടെ ഉത്പാദനം. 2015 - 16 വര്‍ഷത്തില്‍ 3,524.50 കോടിയുടെ പഴങ്ങളാണ് ഇന്ത്യയില്‍ നിന്ന് കയറ്റിയയച്ചത്. യു എ ഇ, ബംഗ്ലാദേശ്, മലേഷ്യ, നെതെര്‍ലാന്‍ഡ്, ശ്രീലങ്ക, നേപ്പാള്‍, യു കെ, സൗദി അറേബ്യ, പാകിസ്ഥാന്‍, ഖത്തര്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ പഴങ്ങളുടെ പ്രധാന രാജ്യാന്തര വിപണികള്‍. ലോകത്തില്‍ മൊത്തം ഉത്പാദിപ്പിക്കപ്പെടുന്ന പഴങ്ങളുടെ പത്ത് ശതമാനം ഇന്ത്യയില്‍ നിന്നാണ്. കൂടാതെ മാങ്ങ, സപ്പോട്ട, പഴം, നാരങ്ങ തുടങ്ങിയവയുടെ ഉത്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യ മുന്‍പന്തിയിലാണ്.  മാമ്പഴവും വാഴപ്പഴവുമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഫലം. മധുര നാരങ്ങ, പേരയ്ക്ക, മുന്തിരി തുടങ്ങിയവയാണ് മറ്റു പ്രധാനമായി ഉത്പാദിപ്പിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, സിക്കിം, മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ പ്ലം, ആപ്പിള്‍, പീച്ച്, പീര്‍ തുടങ്ങിയ പഴങ്ങള്‍ സമൃദ്ധമായി വിളയിച്ചെടുക്കുന്നു. പഴങ്ങളുടെ ഉത്പാദനവും വിപണനവും വര്‍ദ്ധിപ്പിക്കാനുള്ള അനുകൂലമായ സാഹചര്യങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്, 2012 ലെ കണക്കുകള്‍ പ്രകാരം 41 മില്ല്യണ്‍ ടണ്‍ പഴങ്ങളാണ് ഇന്ത്യയില്‍ ഉത്പാദിച്ചത്. പഴങ്ങളുടെ ഉത്പാദനപ്രക്രിയയില്‍ ലോകത്തു രണ്ടാം സ്ഥാനത്തെന്ന അഭിമാനകരമായ നേട്ടവും ഇന്ത്യ ഇതിനകം കൈവരിച്ചു കഴിഞ്ഞു.

Also Read: രണ്ട് ആപ്പിളിനെക്കാള്‍ പോഷകസമ്പുഷ്ടമാണ് നൂറ് ഗ്രാം വാഴപ്പഴം

Athira Murali

Journalist, teacher, feminist and film enthusiast.