കേരള സംസ്കാരവും ചരിത്രവും: ഒരു കാർഷിക വീക്ഷണം

“കാർഷിക സമ്പദ് വ്യവസ്ഥ അനുവദിക്കുന്നതും സാംസ്കാരികമായി നിർണ്ണയിക്കുന്നതുമായ വൈവിധ്യങ്ങളുടെ വേദിയാണ് കേരളത്തിലെ ഗ്രാമങ്ങൾ. പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ജീവിതരീതിക്കാണ് പ്രാമുഖ്യം എന്നതിനാൽ കൃഷിയിൽ ഊന്നിനിൽക്കുന്ന തൊഴിൽ-തൊഴിലുടമാശൈലി സ്വാഭാവികമായി രൂപംകൊള്ളുകയും വികസിക്കുകയും ചെയ്തു.” നമ്മുടെ ഗ്രാമസമൂഹ ജീവിതത്തെ കാർഷിക സംസ്കാരവുമായി ചേർത്ത് വായിക്കാനുള്ള ശ്രമമാണ് വിമർശകനും എഴുത്തുകാരനുമായ ഇ പി രാജഗോപാലൻ ഇവിടെ നടത്തുന്നത്. ഇതിന്റെ ചരിത്രപരമായ വിലയിരുത്തൽ എന്താണ് എന്നാണ് ഇനി നോക്കേണ്ടത്.

കാർഷികവൃത്തിക്ക് കേരളത്തിന്റെ സംസ്കാരവും ജീവിതവുമായി ആഴത്തിൽ ബന്ധമുണ്ട്. നമ്മുടെ സമൂഹത്തിന്റെ ജീവിതരീതികളും ഘടകങ്ങളും ഇങ്ങനെയായിത്തീരുന്നതിൽ കൃഷിക്ക് മറ്റേത് ഉത്പാദന രീതിയെക്കാളും പങ്കുണ്ട് എന്ന് പഠിതാക്കൾ പറയുന്നു. അതു കൊണ്ട് കൃഷി എങ്ങനെയാണ് കേരളത്തിൽ രൂപപ്പെടുന്നതെന്നും കൃഷി എങ്ങനെയാണ് നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുന്നതെന്നും അറിയുന്നത് അത്യാവശ്യമാണ്. ഭക്ഷണം ശേഖരിച്ചും വേട്ടയാടിയും ജീവിച്ചവരാണ് ശിലായുഗ മനുഷ്യൻ. മഹാശിലാ സംസ്കാരത്തിലേക്ക് എത്തുമ്പോഴേക്കും ഒരിടത്ത് തങ്ങിനിന്ന് ഉൽപാദിപ്പിക്കുന്നതിന്റെ തെളിവുകൾ കിട്ടുന്നു മഹാ ശിലാ സ്മാരകങ്ങളായ കല്ലറകളുടെ അടുത്ത് ഫലഭൂയിഷ്ഠമായ പ്രദേശങ്ങളാണ്. കല്ലറകളിൽ ഉള്ള ഇരുമ്പിന്റെ മൺവെട്ടി, പാരകൾ, മൺകോരികൾ, മുതലായവ കൃഷിയുമായി ബന്ധപ്പെട്ടതാണ്. കളിമൺ പാത്രങ്ങളും ഭരണികളും ഭക്ഷ്യ ധാന്യങ്ങൾ ശേഖരിക്കുന്നതിനും പാകംചെയ്യുന്നതിനും ഉപയോഗിച്ചേക്കാം. ഇതോടൊപ്പം വേല് പോലുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് മഹാശിലാസ്മാരകങ്ങൾ പലതും നായാട്ടിൽനിന്ന് കൃഷിയിലേക്കുള്ള മാറ്റത്തിന്റെ ഘട്ടത്തിൽ ഉള്ളതാണ്.

മഹാശിലാ കാലഘട്ടത്തിൽത്തന്നെ ഉള്ള “സംഘം” കൃതികളിൽ ഉൽപാദനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉണ്ട്. വേടർ, കുറവർ, എയിനർ മുതലായ വിഭാഗങ്ങളെ മലമുകളിലെ നിവാസികളായി സംഘം കൃതികൾ കാണുന്നു. കൃഷി ചെയ്തവർ വെള്ളാളർ ആണ്. നദിയുടെ തീരങ്ങൾ ഉത്പാദനത്തിന് യോഗ്യമായതോടെ കുറവർ, ആയർ, വേടർ മുതലായവർ അവിടെ കുടിയേറി. ഉഴവർ, പുലയർ മുതലായ കർഷക സമൂഹങ്ങളായി മാറുന്നത് ഇവരാണ്. കുലം എന്ന വാക്കിന് ഭൂമി എന്നാണ് അർത്ഥം. കൃഷി ചെയ്യുന്ന സ്ഥലത്തെ മെൻപുലം എന്നും, അതിനു ചുറ്റുമുള്ള മലമ്പ്രദേശത്തെ വൻപുലമെന്നും വിളിച്ചിരുന്നു. നാണ്യവിളകളുമായി ബന്ധപ്പെട്ട ജനങ്ങളെയും സംഘകാലത്ത് കാണാം. പനയുമായി ബന്ധപ്പെട്ടത് ചാന്റേറാർ ആണ്. ഉപ്പ് ഉണ്ടാക്കി വിറ്റിരുന്നവർ ഉമണർ. മത്സ്യവും ഉപ്പും നെല്ലിനു വേണ്ടി കൈമാറിയിരുന്നു.

സംഘം കൃതികളിലെ അഞ്ചു തിണകളുടെ സങ്കല്പം അഞ്ച് ഉത്പാദന വ്യവസ്ഥകളെ കാണിക്കുന്നു. കുറിഞ്ചി (മലപ്രദേശം), മുല്ലൈ (പുൽമേട്), മരുതം (സമതലം), പാലൈ (തരിശ്), നെയ്തൽ (തീരദേശം) എന്നിവയാണവ. കുറിഞ്ചിയിലുള്ളവർ വനവിഭവങ്ങൾ സമാഹരിച്ചു. അവ മറ്റ് തിണകളിലെത്തിച്ചു. ഇവരെത്തിച്ച ചന്ദനം, അകിൽ, കറുവപ്പട്ട എന്നിവ കയറ്റിയയച്ചിരുന്നു. മുല്ലൈ നിവാസികൾ കന്നുകാലികളിൽ നിന്ന് പാൽ, തൈര്, മാംസം, തുകൽ, എന്നിവ നെല്ലിനും മറ്റു വസ്തുക്കൾക്കും വേണ്ടി കൈമാറിയിരുന്നു. കളത്തിൽ കൂമ്പാരമായിക്കിടന്നിരുന്ന നെല്ലിനെക്കുറിച്ചും, കടലോരത്ത് കൂട്ടിയിട്ട മീനിനെ കുറിച്ചും അവ ദാനം ചെയ്യുന്ന ഉഴവരെയും പരതവരെ കുറിച്ചും സംഘം കൃതികൾ പറയുന്നു. നെല്ലു കുത്താനുള്ള ഉലക്കയെക്കുറിച്ചും, കാർഷികോപകരണങ്ങളുണ്ടാക്കുന്ന കൊല്ലൻ ആശാരി കുശവൻ എന്നിവരെക്കുറിച്ചും പരാമർശം കാണാം. മഴുവുപയോഗിച്ച് കാടുവെട്ടിത്തെളിക്കൽ, മൺവെട്ടി കൊണ്ട് മണ്ണ് കൃഷിക്ക് ഉപയുക്തമാക്കുക, കന്നുപൂട്ടി കലപ്പ കൊണ്ടുഴുക, വിതയ്ക്കുക, അരിവാൾ കൊണ്ട് കൊയ്യുക, തുടർന്ന് നെല്ലു കുത്തി അരിയാക്കി സംഭരിക്കുക എന്നിങ്ങനെ കാർഷിക വിദ്യയുടെ എല്ലാ ഘട്ടങ്ങളും വളർന്നു വന്നിട്ടുള്ളതായി സംഘം കൃതികളിൽ വായിക്കാം.

കാർഷിക ഉത്പാദനക്ഷമത എത്രത്തോളമാണെന്ന് കൃത്യമായി കണക്കു കൂട്ടാവുന്നതല്ല. കേരളത്തിലെ നദീതടങ്ങളുടെ ഫലഭൂയിഷ്ഠതയും ആറു മാസത്തോളം നീണ്ടു നിൽക്കുന്ന മഴക്കാലവും കാർഷിക ഉത്പാദനത്തെ സഹായിച്ചിരിക്കാം. പ്രാചീന ജലസേചന രൂപങ്ങളും കാണാം. എന്നാൽ വലിയ ജനസംഖ്യയെ നിലനിർത്താനുള്ള ഉത്പാദന ശേഷി അന്ന് കേരളത്തിലെ കൃഷിരീതിക്കുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ആദിമകാലത്ത് ഗോത്ര തലവൻമാർ നടത്തിയ പോരാട്ടങ്ങൾ നോക്കിയാൽ വിളവുകൾ കൊയ്യുന്ന കാലത്ത് അവർ മലയിറങ്ങി വന്ന് വിളവുകൾ പിടിച്ചു കൊണ്ടു പോകുന്നത് കാണാം. ആ യുദ്ധങ്ങൾ പലതും ഉത്പന്നങ്ങൾ പിടിച്ചെടുക്കുന്നവയാണ്, അല്ലാതെ പ്രദേശങ്ങൾ പിടിച്ച് പറ്റുന്നതല്ല.

സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളെ അടിയോർ എന്നും ഉയർന്നവരെ മേലോർ അല്ലെങ്കിൽ ഏനോർ എന്നും വിളിച്ചതായ് കാണാം. ഇവരുടെ ഭക്ഷണ രീതികൾ അവിടത്തെ ഉത്പാദന രീതിയെ വെളിപ്പെടുത്തും. തൊണ്ടി തുറമുഖത്തെക്കുറിച്ചുള്ള വിവരണത്തിൽ ഉപ്പ് വിറ്റുവാങ്ങിയ വെള്ളരിയും അയലയുമാണ് അടിയോരുടെ ഭക്ഷണം. മുല്ലയിൽ നിന്ന് വാങ്ങുന്ന പാലും തൈരും മരുതത്തിൽ ഭക്ഷണത്തിനൊപ്പം ഉപയോഗിച്ചു. ഏനോർ കഴിച്ചത് മാംസവും അരിയും ചേർത്തുണ്ടാക്കിയ ഊൻ ചോറ് എന്ന ഭക്ഷണമാണ്. പടിഞ്ഞാറേ തീരത്ത് നിന്ന് പച്ചക്കറികളെക്കുറിച്ച് വലിയ വിരങ്ങളില്ല. പയറുവർഗ്ഗങ്ങൾ കുറിഞ്ചിയിലെ ആഹാരമായിരുന്നു. കള്ളും കഞ്ഞിവെള്ളവും മുന്നീരുമാണ് പ്രധാന പാനീയങ്ങൾ.

വസ്ത്രങ്ങളുടെ ഉത്പാദനം വളരെ കുറവാണ്. പൂക്കൾകൊണ്ട് തഴയുട നിർമ്മിക്കുന്ന സ്ത്രീകളെക്കുറിച്ച് വിവരണമുണ്ട്. വിവാഹിതരായവർ പരുത്തിയും പട്ടും കൊണ്ടുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു. ആദിമ കേരളത്തിലെ വീടുകൾ കളിമണ്ണുകൊണ്ട് തറ കെട്ടി, മേൽക്കൂരയുണ്ടാക്കി, ചാണകം മെഴുകിയവയാണ്. വയ്ക്കോലും തെങ്ങോലയുമാണ് മേൽക്കൂരയ്ക്ക്. വീട്ടുകാർ തന്നെ വീടു വക്കുന്ന രീതിയായിരുന്നു.

കാർഷികവൃത്തിയുടെ വളർച്ച ലിംഗപരമായ തൊഴിൽവിഭജനത്തെ പിന്തുണച്ചിരിക്കാം. വിതയ്ക്കുക, കൊയ്യുക മുതലായവ സ്ത്രീകളുടെ ജോലിയായിരുന്നു. ഗൃഹത്തൊഴിലുകൾ അവർ തന്നെ ചെയ്തു. കൈത്തൊഴിലുകളും യുദ്ധവും കൂടുതലും പുരുഷന്മാർ ചെയ്തു.

ബുദ്ധമതക്കാരുടെയും ബ്രാഹ്മണരുടെയും കുടിയേറ്റത്തോടെ കാർഷിക വൃത്തിയിൽ മാറ്റങ്ങൾ വന്നു. കൃഷി നിലത്തിന്റെ അതിരുകൾ തിട്ടപ്പെടുത്താനും, വിളവിന്റെ കണക്കെടുക്കാനും തുടങ്ങി. വിളവ് സംഭരിച്ച് മറ്റ് ഉത്പന്നങ്ങൾക്കായി കൈമാറ്റം ചെയ്യാനുള്ള ശ്രമത്തിൽ അളവുകളും തൂക്കങ്ങളും നിർണ്ണയിച്ചു തുടങ്ങി. വയലിൽ വിതക്കുന്ന വിത്തിന്റെ അളവിലാണ് നിലത്തിന്റെ വിസ്തീർണ്ണം കണക്കാക്കിയത്. കലം, പറ, നാഴി, ഉരി മുതലായവ ധാന്യത്തിന്റെ അളവുകളായിരുന്നു. ആ കാലത്തെ കൃഷിരീതിയെപ്പറ്റി കമ്പരെഴുതിയതെന്ന് കരുതുന്ന ഏറെഴുപത് എന്ന കവിതയിൽ പറയുന്നതനുസരിച്ച് ഇങ്ങനെ ഏകീകരിക്കാം.

  • ശുഭദിനത്തിൽ നിലം ശരിയാക്കുന്നു. – രണ്ട് കാളയെപൂട്ടി ഉഴുന്നു -വരമ്പുവച്ച് വെള്ളം കെട്ടുന്നു
  • വിതയ്ക്കുന്നു. – മുളവരുമ്പോൾ പറിച്ച് നടുന്നു
  • ചെടികളെ ശുശ്രൂഷിക്കുന്നു – നിലത്ത് കാവൽ നിൽക്കുന്നു – കളപറിക്കുന്നു
  • നെൽക്കതിര് പാകമായാൽ കൊയ്യുന്നു
  • കളത്തിൽ വച്ച് മെതിക്കുന്നു. വയ്ക്കോലും പൊടിയും മാറ്റുന്നു. പത്തായത്തിൽ ശേഖരിക്കുന്നു

ഇതു കണ്ടാൽ ഇന്നത്തെ കൃഷി രീതികൾ ഉറയ്ക്കുന്നത് ഇക്കാലത്താണെന്ന് മനസിലാകും. എരുത്, എരുമ എന്നിവയെ ഉഴാനുപയോഗിച്ചിട്ടുണ്ട്. രണ്ട് എരുമകളുടെ കഴുത്തിൽ നുകം പൂട്ടിയ ഇരുമ്പുശില്പം അങ്കമാലിയിൽ നിന്ന് കിട്ടിയിട്ടുണ്ട്.

കാലാവസ്ഥയ്ക്കനുസരിച്ച് കൃഷി ക്രമീകരിക്കുന്നതാണ് മറ്റൊരു പ്രധാന മാറ്റം. ബ്രാഹ്മണരുടെ ജ്യോതിശാസ്തപരമായ ജ്ഞാനം പുഞ്ചാംഗ ഗണനത്തിൽ സഹായിച്ചു. കന്നി, മകരം മാസങ്ങളിൽ കൊയ്യുന്ന രണ്ടു വിളകളും, ഒരു പുഞ്ചയും എന്ന രീതി പഞ്ചാംഗത്തിന്റെ സഹായത്തിലാണ് ആസൂത്രണം ചെയ്തത്. ബ്രാഹ്മണർക്കും ബുദ്ധൻമാർക്കും ഭൂമിധാനം കിട്ടിയിരുന്നു. ഇത് കൃഷിനിലങ്ങളായി ഉപയോഗപ്പെടുത്തിയിരിക്കാം.

” കേരളത്തിലെ നദീതടപ്രദേശങ്ങളിൽ വ്യാപകമായി കുടിയേറിയത് ബ്രാഹ്മണരായിരുന്നു. കൃഷിഭൂമികളിൽ വലിയൊരംശത്തിന്റെ നിയന്ത്രണവും ബ്രാഹ്മണരുടെ കൈകളിലാണ് വന്നത്. അതുകൊണ്ട് ബ്രാഹ്മണരെയാണ് കാർഷിക രീതികളിൽ പലതിന്റെയും ഉപജ്ഞാതാക്കളായി പല ചരിത്രകാരൻമാരും കാണുന്നത്. കൃഷിയുടെ വികാസം മുഴുവൻ ബ്രാഹ്മണരുടെ സൃഷ്ടിയില്ല.” എന്ന് പ്രമുഖ ചരിത്രകാരനായ കെ.എൻ ഗണേശ് നിരീക്ഷിക്കുന്നു.

‎ഇവരുടെ പ്രസക്തമായ സംഭാവന കാർഷികരംഗത്തിന്റെ ആസൂത്രണവും നിയന്ത്രണവുമാണ്. ക്ഷേത്രങ്ങളുടെ വളർച്ച, ക്ഷേത്രം വക നിലങ്ങളുടെ കൃഷിവത്കരണം, ഇവയുടെ മേലുള്ള ബ്രാഹ്മണാധികാരം എന്നിവ വിലയിരുത്തേണ്ടത് ജാതിശ്രേണീകരണത്തെയും ചൂഷണത്തെയും മനസിലാക്കേണ്ടതിന് ആവശ്യമാണ്. ഈ അധികാരബന്ധങ്ങൾ ഉത്പാദകരുടെ ഘടനയിലും മാറ്റം വരുത്തുന്നുണ്ട്. ഉഴവർ എന്ന വിഭാഗം കാരാളർ, കുടികൾ, അടിയാർ എന്നിങ്ങനെ പിരിഞ്ഞു. നാടുവാഴികളും കാർഷിക സമുദായങ്ങളും ഉയർന്നു വന്നു. കൃഷിസ്ഥലങ്ങളിൽ താമസിക്കാനുള്ള അവകാശത്തെ കുടിമ, കുടിയായ്മ എന്നിങ്ങനെ വിളിച്ചു. സ്വന്തം ജീവനത്തിനും ഭൂവുടമകളെ സേവിക്കാനുംവേണ്ടി ഇവർ കൃഷി ചെയ്യേണ്ടി വന്നു. മിച്ചം വരുന്ന ഉത്പന്നങ്ങൾ ബ്രാഹ്മണ ഗ്രാമങ്ങളുടെയും ക്ഷേത്രങ്ങളുടെയും ചിലവിലേക്ക് വാങ്ങിയെടുത്തിരുന്നു. കുടികൾ ഉടമകൾക്ക് നിശ്ചിത സംഖ്യ കൊടുക്കേണ്ടിയിരുന്നു. കൊടുക്കേണ്ടതിന്റെ ഇരട്ടിയായിരുന്നു പിഴ. പിഴയിൽ വീഴ്ച വന്നാൽ കുട്ടികൾക്ക് അവകാശം നഷ്ടമാകും. ഈ കീഴാള വിഭാഗങ്ങളെ ഭൂമിയോടു കൂടി ദാനംചെയ്യുകയും വിൽക്കുകയും ചെയ്തിരുന്നു. അടിയാരായിരുന്നു ഏറ്റവും താഴ്ന്ന വിഭാഗം. അടിയാർ പരമ്പരയായി ഭൂമിക്കു മേൽ യാതൊരവകാശവുമില്ലാതെ ഉടമക്കു വേണ്ടി അധ്വാനിച്ചവരാണ്.

നെൽകൃഷിയെപ്പോലെ നാണ്യവിളകളുടെ ഉത്പാദനത്തെപ്പറ്റി കാര്യമായ വിവരണം കാണുന്നില്ല. കുരുമുളകിനെപ്പറ്റി വിദേശികൾ വിവരിക്കുന്നുണ്ട്. മധ്യകാലത്തിനും ശേഷമാണ് കാർഷിക സാങ്കേദിക വിദ്യകളിലും രീതികളിലും മാറ്റം വരുന്നത്. വയലുകളെ കണ്ടങ്ങളായും മുറികളായും തിരിച്ചു. ഉയർന്ന ശേഷിയുള്ള നിലങ്ങളിൽ നിന്ന് വിരിപ്പ്, മുണ്ടകൻ എന്നിങ്ങനെ രണ്ടു വിളകളെടുത്തിരുന്നു. വേനൽക്കാലത്ത് വെള്ളം കെട്ടി നിർത്തി എടുത്ത വിളകളാണ് പുഞ്ച. പുഞ്ച നിലങ്ങൾ കുട്ടനാട്ടിലാണ് കൂടുതൽ. കന്നുകാലി വളർത്തൽ കർഷകരുടെ ചുമതലയായി. വെള്ളപ്പൊക്കം, വരൾച്ച, യുദ്ധം, കൊള്ള എന്നിവ കൃഷിനാശത്തിന് കാരണങ്ങളായിരുന്നു. നാടുവാഴിയുടെ നിർദ്ദേശപ്രകാരം കൃഷി സ്തംഭിപ്പിക്കുന്നതിനെ ഏർത്തടൈ, ദേശത്തടൈ എന്നിങ്ങനെ പറഞ്ഞിരുന്നു.

മാഹ്വാൻ, നിക്കോളോകോണ്ടി, ജോർഡാനസ് പാതിരി മുതലായ വിദേശികളുടെ വിവരണത്തിൽ നിന്ന് 14, 15 നൂറ്റാണ്ടുകളിലായി ചക്ക, മാങ്ങ, തെങ്ങ്, പന, എന്നിവയുടെ ഉത്പാദനത്തെക്കുറിച്ച് അറിയാം. 16-ാം നൂറ്റാണ്ടിൽ യൂറോപ്യൻമാർക്കൊപ്പമാണ് റബ്ബർ മുതൽ കശുമാവുവരെയുള്ളവയെ കുറിച്ച് കേരളീയർ മനസിലാക്കുന്നത്. അങ്ങാടികളുടെ വളർച്ച പണത്തിന്റെ പങ്ക് വലുതാക്കി. കൃഷി ചെയ്തവ നേരിട്ട് കച്ചവടക്കാരന് കൈമാറാൻ കഴിഞ്ഞു. പണ്, കാശ്, അച്ച് മുതലായ നാണയങ്ങൾ നിലവിൽവന്നു.

ഇന്ത്യ ഒരു കോളണിയായി പരിണമിച്ച ശേഷം മുതലാളിത്തഘട്ടത്തിലേക്ക് നമ്മുടെ കേരളീയ ഉത്പാദന വ്യവസ്ഥയും കാർഷിക സമ്പ്രദായവും മാറുന്നതാണ് നമ്മൾ പിന്നീട് അഭിമുഖീകരിക്കുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയും സംസ്കാരവും പ്രധാനമായും കാർഷിക വിഭവങ്ങളിലും വനവിഭവങ്ങളിലും അധിഷ്ഠിതമായിരുന്നു എന്നാണ് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത്. കൃഷിയുടെ ചരിത്രം വിശാലമായ നോട്ടത്തിൽ കേരളത്തിന്റെ തന്നെ ചരിത്രമാണ്.

References:

  • ഇ. പി രാജഗോപാലൻ, നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം, 2000, കേരള സാഹിത്യ അക്കാദമി
  • കേരളത്തിന്റെ ഇന്നലെകൾ, 1990, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്