മഴക്കാലത്തിനായി ഹോംസ്റ്റഡ് ഫാമിങ് രീതി; പച്ചക്കറി കൃഷിയ്ക്കായി പ്രത്യേക മഴക്കാല പരിചരണം

മഴക്കാലത്തിനായി ഹോംസ്റ്റഡ് ഫാമിങ് രീതി; പ്രത്യേക മഴക്കാല പരിചരണത്തെക്കുറിച്ച് അറിയാം. ഒരു കുടുംബത്തിന് ആവശ്യമായ എല്ലാത്തരം പച്ചക്കറികളും ഏറ്റവും കുറവ് കൃഷിയിടത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കാൻ ഈ രീതി വഴിയൊരുക്കുന്നു. വളരെക്കുറച്ച് സ്ഥലം മാത്രം ഉപയോഗപ്പെടുത്തുന്നതിനാൽ ജലസേചനവും പരിചരണവും അത്രയും കുറവുമതി എന്നതാണ് ഈ രീതിയുടെ മെച്ചം.

രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിക്കാതെ ജൈവവളങ്ങള്‍ വില കൊടുത്ത് വാങ്ങാതെ വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കുകയും ചെയ്യാം. മണ്ണ്, മണൽ, ഉണങ്ങിയ ചാണകം എന്നിവ 1:1:1 എന്ന അനുപാതത്തില്‍ ഗ്രോബാഗുകൾ മുക്കാല്‍ ഭാഗത്തോളം നിറയ്ക്കുന്നതാണ് ആദ്യപടി.

ഇതില്‍ ട്രൈക്കോഡര്‍മ സമ്പുഷ്ടീകരിച്ചത്, പി ജി പി ആര്‍ മിക്‌സ് (പ്‌ളാന്റ് ഗ്രോത്ത് പ്രമോട്ടിങ് റൈസോബിയം), മണ്ണിര കമ്പോസ്റ്റ്, സ്യൂഡോമോണസ്, കരിയില പൊടിച്ചത്, പാതി കരിഞ്ഞ ഉമി എന്നിവയും ചേർക്കുന്നത് നല്ലതാണ്. തുടർന്ന് 7 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമുള്ള സ്ഥലം തെരഞ്ഞെടുത്ത് സൂര്യപ്രകാശത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് ഒരു വശത്ത് പയര്‍, വെള്ളരി, പാവല്‍, പടവലം, വെള്ളരി എന്നിവ രണ്ട് കവറുകളിലായി നാലു മൂലകളിലും സ്ഥാപിക്കുക.

ഇവയ്ക്ക് പടര്‍ന്നുകയറാന്‍ പന്തലിട്ടു കൊടുക്കണം. പ്ലാസ്റ്റിക് ഷീറ്റുകള്‍ ആവശ്യമായ അളവിൽ മുറിച്ചെടുത്ത് നടുഭാഗത്തായി 3 സെന്റീമീറ്റര്‍ വ്യാസമുള്ള ദ്വാരം ഉണ്ടാക്കണം. ഈ ഷീറ്റുകൊണ്ട് ഗ്രോബാഗ് മൂടിവെക്കുക. മധ്യഭാഗത്തുള്ള ദ്വാരത്തില്‍ വിത്ത് തൈ മുളപ്പിച്ചതോ വാങ്ങിയതോ ആയ തൈകള്‍ നടുക. അതിനുശേഷം സ്യൂഡോമോണസ് നൽകണം.

ശക്തമായ മഴ പെയ്താലും ഈ പ്ലാസ്റ്റിക് ഷീറ്റ് ചെടിയെ കാക്കും. കൂടാതെ വെയിലിനെ പ്രതിരോധിക്കാനും മഴക്കാലത്ത് ചുവട്ടില്‍ പുല്ലു പിടിക്കുന്നത് ഒഴിവാക്കാനും സഹായിക്കുന്നു. മുളക്, വഴുതന, തക്കാളി, വെണ്ട, പാവല്‍, പടവലം തുടങ്ങിയവയെല്ലാം ഈ രീതിയിൽ മഴക്കാലത്ത് നട്ടുവളർത്താം.

Also Read: നിപാ പേടിയ്ക്കു പിന്നാലെ കാലവർഷക്കെടുതിയും; നെഞ്ചുരുകി ഹൈറേഞ്ചിലെ വാഴ കർഷകർ

Image: pixabay.com