ഉപ്പുവെള്ളം കുടിച്ച് തഴച്ച് വളരുന്ന പച്ചക്കറികളുമായി യുഎഇയിലെ ശാസ്​ത്രജ്ഞർ

ഉപ്പുവെള്ളം കുടിച്ച് തഴച്ച് വളരുന്ന പച്ചക്കറികളുമായി യുഎഇയിലെ ശാസ്​ത്രജ്ഞർ. യുഎഇ അന്താരാഷ്​ട്ര ബയോസലീൻ കാർഷിക കേന്ദ്രത്തിലെ (ഐ.സി.ബി.എ) ശാസ്​ത്രജ്ഞരാണ്​ ഉപ്പുവെള്ളത്തിൽ പച്ചക്കറികൾ വളർത്തുന്നത്​. ഹാലോഫൈറ്റിക്​ പച്ചക്കറികൾ എന്നറിയപ്പെടുന്ന ഇവ ഒരു തുള്ളി ശുദ്ധജലം ഇല്ലാതെയാണ് തുറസായ സ്​ഥലത്തും നെറ്റ്​ ഹൗസുകളിലും വളരുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

യുഎഇയിൽ ദുർലഭമായ ശുദ്ധജലം ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ഇത്തരം പച്ചക്കറി കൃഷി ആരംഭിച്ചത്​. ഭാവിയിൽ രാജ്യത്തെ ഭക്ഷ്യസുരക്ഷയിലേക്ക്​ നയിക്കാൻ ഈ രീതി ഉപകരിക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന ​ഐ.സി.ബി.എ ഹാലോഫൈറ്റ്​ അഗ്രണോമിസ്​റ്റ്​ ഡോ. ഡയോനിഷ്യ പറഞ്ഞു.

ഐ.സി.ബി.എയുടെ ദുബായിലുള്ള പരീക്ഷണ കേന്ദ്രത്തിൽ ആറ്​ തരത്തിലുള്ള പച്ചക്കറികളാണ്​ വളർത്തുന്നത്​. അഗ്രെറ്റി, റോക്ക്​ സാംഫയർ, സീ ബീറ്റ്​, സീ ആസ്​റ്റർ, സാംഫയർ, കോമൺ പർസ്​ലേൻ എന്നിവയാണ്​ ഇവ. യു.എ.ഇയിലെ വരണ്ടതും ചൂടു കൂടിയതുമായ സാഹചര്യത്തിൽ പച്ചക്കറികൾ തഴച്ചു വളരുന്നതും വിളവു തരുന്നതും ഏറെ പ്രതീക്ഷ നൽകുന്നതായി ഡയോനിഷ്യ കൂട്ടിച്ചേർത്തു.

Also Read: ഓണത്തിന‌് ഒരു മുറം പച്ചക്കറി പദ്ധതിയുമായി കൃഷി വകുപ്പ്; 8,60,600 ലക്ഷം പച്ചക്കറി വിത്ത‌് കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യും

Image: ipsnews.net