“മഴ, അതു…തന്നെയാണാശ്രയം,” ഇന്ത്യയിലെ കാലാവസ്ഥയെക്കുറിച്ച്

“ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നു, കൃഷി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആത്മാവാകുന്നു.” മഹാത്മ ഗാന്ധിയുടെ ഈ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നതു പോലെ കൃഷിയെ നാം ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലായി കണക്കാക്കുന്നു. രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും അവരുടെ ഉപജീവനമാര്‍ഗ്ഗമായി കൃഷിയെ നേരിട്ടോ അല്ലാതെയോ ആശ്രയിക്കുന്നുണ്ട്. ജനങ്ങളുടെ ഭക്ഷ്യ ആവശ്യത്തിന് പുറമേ, മറ്റു നിത്യോപയോഗ സാധനങ്ങളുടെ നിര്‍മ്മിതിക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഉത്പാദനത്തിനും കൃഷി ഒരു സാധ്യതയാകുന്നു. മറ്റേതു രാജ്യത്തെയും അപേക്ഷിച്ചു കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ ഭൂപ്രകൃതിയാണ് ഇന്ത്യയുടെ പ്രത്യേകത. ധാതുസമ്പുഷ്ടമായ മണ്ണും, വര്‍ഷത്തില്‍ യഥേഷ്ടം ലഭിക്കുന്ന മഴയും സൂര്യപ്രകാശവും വിവിധ കൃഷിയിനങ്ങളും കൃഷിരീതിയും അവലംബിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നു. രാജ്യത്തിന്റെ ഭൂപ്രകൃതിയുടെ നല്ലൊരു ശതമാനവും കൃഷിയിടങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ജലലഭ്യത പലപ്പോഴും കൃഷിയെ ബാധിക്കുമെങ്കിലും വര്‍ഷത്തില്‍ ലഭിക്കുന്ന മണ്‍സൂണിനെ ആശ്രയിച്ചാണ് പലപ്പോഴും കര്‍ഷകര്‍ പുതിയ കൃഷി ആരംഭിക്കാറുള്ളത്.

ഒരു നല്ല മഴക്കാലം എല്ലായെപ്പോഴും നല്ല കൊയ്ത്തുകാലം കൂടിയാണെന്നിരിക്കെ മഴലഭിക്കാത്ത വര്‍ഷങ്ങള്‍ രാജ്യത്തിന്റെ സമ്പത്തുവ്യവസ്ഥയേയും പ്രതിശീര്‍ഷ വരുമാനത്തെയും തകിടംമറിക്കാറുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ എന്നിങ്ങനെ രണ്ടു മണ്‍സൂണ്‍ ആണ് ലഭിക്കാറുള്ളത്. ഉപോഷ്ണമേഖല കരഭാഗങ്ങളുടെ മീതെ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങള്‍ കാരണമായി മാസങ്ങളോളം വീശുന്ന ഒരു കാലികവാതമാണ് മണ്‍സൂണ്‍. ഭൂമിയിലെ കാലാവസ്ഥ തീരുമാനിയ്ക്കുന്നതില്‍ പ്രധാനമായ ഒരു പ്രതിഭാസം കൂടിയാണ് ഇത്. ഋതുക്കള്‍ എന്ന അര്‍ത്ഥമുള്ള അറബി പദമായ മൗസിം, മലയ പദമായ മോന്‍സിന്‍ ഏഷ്യന്‍ പദമായ മോവ്‌സം എന്നിവയില്‍ നിന്നുമാണ് മണ്‍സൂണ്‍ എന്ന പദം ഉണ്ടായത്.

തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, കാലവര്‍ഷം, ഇടവപ്പാതി എന്നീ പേരുകളില്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ മണ്‍സൂണ്‍ രാജ്യത്തെ കാര്‍ഷികരംഗത്ത വളരെയേറെ സ്വാധീനിക്കുന്നു.

ഭൂമദ്ധ്യരേഖക്കു തെക്കുള്ള ഉച്ചമര്‍ദ്ധമേഖലയില്‍ നിന്നും, ഉത്തരേന്ത്യയുടെ ഭാഗത്തുള്ള ന്യൂനമര്‍ദ്ധമേഖലയിലേക്കുള്ള വായുവിന്റെ സഞ്ചാരമാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിനു കാരണം. ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നും വടക്കുപടിഞ്ഞാറന്‍ ദിശയില്‍ വീശിത്തുടങ്ങുന്ന കാറ്റ് ഭൂമദ്ധ്യരേഖ കടക്കുമ്പോള്‍ വടക്കുകിഴക്കന്‍ ദിശയിലേക്ക് തിരിയുന്നു. ഭൂമിയുടെ ഭ്രമണം മൂലമാണ് ഈ ദിശാഭ്രംശം ഉണ്ടാകുന്നത്. വടക്കുകിഴക്കന്‍ ദിശയില്‍ നിന്നും വീശുന്ന കാറ്റ് ഒരു നിരീക്ഷകന് തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് വരുന്നതായി അനുഭവപ്പെടുന്നതിനാലാണ് ഈ കാലവര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എന്നു വിളിക്കുന്നത്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയുടെ അന്തരീക്ഷം ചൂടു പിടിച്ച് വായു മുകളിലേക്കുയരുകയും കടലില്‍ നിന്നുള്ള നീരാവി നിറഞ്ഞ വായു ഈ ഭാഗത്തേക്ക് തള്ളിക്കയറുകയും ചെയ്യുന്നു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെത്തുന്ന നീരാവി നിറഞ്ഞ വായുവിന് പശ്ചിമഘട്ടം എന്ന വന്മതില്‍ കടക്കുന്നതിന് അല്പം ഉയരേണ്ടി വരുകയും ഈ ഉയര്‍ച്ചയില്‍ വായുവിലെ നീരാവി തണുക്കുകയും മഴയായി പെയ്യുകയും ചെയ്യുന്നു. ഇങ്ങനെ ജൂണ്‍ ആദ്യവാരം പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുള്ള തീരപ്രദേശത്താണ് ഈ കാലവര്‍ഷം ആരംഭിക്കുന്നത്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന് രണ്ടു കൈവഴികളുണ്ട്. ഒന്നാമത്തെ കൈവഴി മുകളില്‍ പറഞ്ഞ പോലെ അറബിക്കടലില്‍ നിന്ന് പശ്ചിമഘട്ടം വഴിയും, രണ്ടാമത്തേത് ബംഗാള്‍ ഉള്‍ക്കടലിലൂടെ കിഴക്കോട്ടു നീങ്ങി ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് കൂടുതല്‍ വടക്കുഭാഗത്തായി എത്തിച്ചേരുന്നു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഓരോ മേഖലയിലും നല്‍കുന്ന വര്‍ഷപാതത്തിന്റെ അളവിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ടെങ്കിലും മിക്കവാറും പ്രദേശങ്ങളിലും വാര്‍ഷികവര്‍ഷപാതത്തിന്റെ 80 ശതമാനവും ഈ കാലവര്‍ഷക്കാലത്താണ് ലഭിക്കുന്നത്.

വടക്ക് കിഴക്കന്‍ മണ്‍സൂണ്‍

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുണ്ടാകുന്ന മഴയാണ് വടക്കുകിഴക്കന്‍ കാലവര്‍ഷം എന്നറിയാപ്പെടുന്നത്. മണ്‍സൂണിന്റെ മടക്കയാത്ര എന്നും ഇതിനെ വിളിക്കാറുണ്ട്

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെപോലെതന്നെ കരയിലും കടലിലും ഉണ്ടാകുന്ന താപനത്തിന്റെ വ്യത്യാസം തന്നെയാണ് വടക്കുകിഴക്കന്‍ കാലവര്‍ഷത്തിനു പിന്നിലും. ശിശിരകാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡം ഇന്ത്യന്‍ മഹാസമുദ്രത്തെ അപേക്ഷിച്ച് തണുത്തിരിക്കുന്നു. തത്ഫലമായി വടക്കേഇന്ത്യക്ക് മുകളില്‍ ഉള്ള വായു അന്തരീക്ഷത്തിലേക്ക് ഉയരുന്നു. ഇത് മൂലം ഇന്ത്യന്‍ ഉപഭൂകണ്ഡത്തിനു മുകളില്‍ ഉയര്‍ന്നമര്‍ദവും സമുദ്രത്തിനു മുകളില്‍ ന്യൂനമര്‍ദവും രൂപപ്പെടുന്നു. അങ്ങനെ വടക്കേ ഇന്ത്യയില്‍ നിന്നും ടിബറ്റന്‍ പ്ലാറ്റോയില്‍ നിന്നും ഉള്ള തണുത്ത വായു ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദിശയില്‍ വീശുന്നു. ആ വഴിക്ക് കുറച്ചു കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അല്പം നീരവിയടങ്ങിയ വായു ഏറ്റെടുത്തിനു ശേഷം തമിഴ്‌നാട്ടിലൂടെ വീശുന്നു. കൂടെ അല്പം മഴയും കൊണ്ടുവരുന്നു. ഈ കാലഘട്ടത്തില്‍ കേരളത്തിന്റെ തെക്കു ഭാഗങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെങ്കിലും വടക്കന്‍ ഭാഗങ്ങളില്‍ കാര്യമായി മഴ ലഭിക്കാറില്ല. ഉച്ചതിരിഞ്ഞു് ഉണ്ടാകാറുള്ള ഇടിയോടുകൂടിയ മഴയാണ് ഈ കാലത്തിന്റെ ഒരു പ്രത്യേകത. ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കുന്ന വടക്കുകിഴക്കന്‍ മണ്‍സൂണ്‍ അഥവാ തുലാവര്‍ഷം ഡിസംബര്‍ വരേയും നീണ്ടുനിനില്‍ക്കാറുണ്ട്. ഉത്തരാര്‍ദ്ധഗോളത്തില്‍ 25 ഡിഗ്രി സെല്‍ഷ്യസിനു താഴേയായിരിയ്ക്കും ഈ സമയത്ത് താപനില.

കൃത്രിമമായ രീതിയിലുള്ള ജലസേചനം സാധ്യമെങ്കിലും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും ഇന്നും മണ്‍സുണിനെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത്. മണ്‍സൂണിന്റെ അളവിലുള്ള ഏറ്റക്കുറച്ചില്‍ നമ്മുടെ കൃഷിരീതിയെ മാത്രമല്ല രാജ്യത്തെ ജനജീവിതത്തേയും സാരമായി ബാധിക്കുന്നു. പൊതുവെ മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന വരണ്ട ഡെക്കാണ്‍ സമതല പ്രദേശത്ത് മണ്‍സൂണ്‍ പരാജയപ്പെടുന്ന ഓരോ വര്‍ഷത്തിലും ഭക്ഷ്യ പ്രതിസന്ധിയും ക്ഷാമവും സംഭവിക്കുക പതിവാണ്, ഉത്തരേന്ത്യയിലെ മിക്കയിടത്തും ഭൂഗര്‍ഗജലത്തെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നതിനാല്‍ പ്രസ്തുത പ്രതിസന്ധി അസാധാരണമാണ്. അതേ സമയം അധികം ലഭിക്കുന്ന വര്‍ഷപാതം നദികളും ജലാശയങ്ങളും കരകവിയാനിടയാക്കി വെള്ളപ്പൊക്കത്തിനും കാരണമാകാറുണ്ട്. നദികള്‍ കരകവിഞ്ഞ് വീടുകളും കൃഷിയും ഒലിച്ചുപോകുന്നത് മണ്‍സൂണ്‍ കാലത്ത് ഉത്തര്‍ പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങിലെ സ്ഥിതിഗതിയാണ്. 1,250 മില്ലിമീറ്റര്‍ മഴയാണ് രാജ്യത്തിന്റെ വാര്‍ഷിക ശരാശരി. 10,900 മില്ലിമീറ്റര്‍ മഴലഭിക്കുന്ന ചിറാപുഞ്ചി (ഖാസി മലനിരകള്‍) യാണ് രാജ്യത്തേറ്റവും കൂടുതല്‍ മഴലഭിക്കുന്ന പ്രദേശം, 3,175 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന പശ്ചിമഘട്ട മേഖലകളിലാണ് അതിന് താഴെ വരുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാകെ ലഭിക്കുന്ന ശരാശരി മഴ വര്‍ഷത്തില്‍ 2,000 മില്ലി മീറ്ററാണ്. തലസ്ഥാനമായ ഡല്‍ഹിയില്‍ 800 മുതല്‍ 1,000 വരെ മില്ലി മീറ്ററാണ് മഴലഭിക്കുന്നത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് ഉത്തരേന്ത്യയില്‍ അങ്ങിങ്ങായി മഴയുണ്ടാകാറുണ്ട്, ഹിമാലയത്തില്‍ മഞ്ഞു വീഴ്ചയും.

രാജ്യത്തിന്റെ ഭൂപ്രകൃതിക്കും മലനിരകള്‍ക്കും നമ്മുടെ കാലാവസ്ഥയില്‍ വലിയ പങ്കുണ്ട്. തിബറ്റ്-ഹിമാലയന്‍ മലനിരകളും താര്‍ മരുഭൂമിയും കാലാവസ്ഥയുടെ ഈ ചാക്രികമായ അവസ്ഥ നിലനിറുത്തുന്നതിനും ഇന്ത്യയെ കാര്‍ഷികയോഗ്യമാക്കി നിലനിറുത്തുന്നതിനും സഹായിക്കുന്നു. പശ്ചിമഘട്ടം കടലില്‍ നിന്നടിക്കുന്ന നീരാവിയെ തടഞ്ഞു നിറുത്തി മഴ പെയ്യിക്കുന്നത് പോലെ ഹിമാലയം മദ്ധ്യേഷ്യയില്‍ നിന്നും വരുന്ന അതിശൈത്യക്കാറ്റിനെ തടഞ്ഞുനിറുത്തി ഭൂപ്രദേശത്തെ ഊഷ്മളമായി നിലനിറുത്തുകയും ചെയ്യുന്നു.

References:

  1. India agriculture since independence (Book) - GS Bhalla
  2. Ways of the weather (Book) - PA Menon

Athira Murali

Journalist, teacher, feminist and film enthusiast.