അംഗീകാരമില്ലാത്ത മൊൺസാന്റോ ജിഎം പരുത്തി വിത്തുകൾ നട്ട് കർഷകർ; ഇരുട്ടിൽത്തപ്പി അധികൃതർ
ഇന്ത്യയിൽ ഉപയോഗിക്കാൻ അംഗീകാരം ലഭിച്ചിട്ടില്ലാത്ത മൊൺസാന്റോയുടെ ജിഎം പരുത്തി വിത്തുകൾ കർഷകർ വ്യാപകമായി നടീലിനായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. 2002 ലാണ് ആദ്യമായി മൊൺസാന്റോയുടെ ജനിതക മാറ്റം വരുത്തിയ പരുത്തി വിത്തുകൾക്ക് ഇന്ത്യ അനുമതി നൽകിയത്. തുടർന്ന് 2006 ൽ ഈ വിത്തിന്റെ പരിഷ്ക്കരിച്ച പതിപ്പിനും അംഗീകാരം നൽകി. എന്നാൽ, പിന്നീട് ഇന്ത്യൻ സർക്കാരുമായുണ്ടായ റോയൽറ്റി തർക്കങ്ങളെ തുടർന്ന് മറ്റു പരിഷ്ക്കരിച്ച പതിപ്പുകൾക്ക് അനുമതി ലഭിക്കാനുള്ള അപേക്ഷ 2016 ൽ മൊൺസാന്റോ പിൻവലിച്ചിരുന്നു.
കീടങ്ങളെ കൂടുതൽ ശക്തമായി പ്രതിരോധിക്കുന്ന ഈ ഏറ്റവും പുതിയ പതിപ്പാണ് അന്നുമുതൽ രാജ്യത്തെ പരുത്തിപ്പാടങ്ങളിൽ കർഷകർ ഉപയോഗിക്കുന്നത്. ഈ വിത്തുകളല്ലാതെ മറ്റൊന്നും തങ്ങൾ വിതയ്ക്കില്ലെന്ന് കർഷകർ ഉറപ്പിച്ചു പറയുമ്പോൾ ഇതു സംബന്ധിച്ച് ഇപ്പോഴും അന്വേഷണം നടത്തുകയാണെന്നാണ് അധികൃതരുടെ നിലപാട്.
അംഗീകാരമില്ലാത്ത ഈ പുതിയ ഇനം ജിഎം വിത്തുകൾ കൃഷി ചെയ്യുന്നത് പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ലംഘനമായതിനാൽ ജയിൽ ശിക്ഷവരെ കിട്ടാവുന്ന കുറ്റമാണെന്ന് പരിസ്ഥിതി മന്ത്രാലയം കർഷകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മോശം വിളവുമൂലം നഷ്ടം സഹിക്കുന്ന കർഷകർ തങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള തിരക്കിൽ ഈ മുന്നറിയിപ്പുകൾ അവഗണിക്കുകയായിരുന്നു.
മോൻസന്റോ ഇന്ത്യയിൽ പുതിയ ജി.ടി. പരുത്തി വിത്തുകൾ വിൽക്കാനുള്ള അംഗീകാരത്തിനായി ഇനിയും അപേക്ഷ നൽകിയിട്ടില്ല എന്നത് പ്രശ്നം ഗുരുതമാക്കുന്നു. അംഗീകാരം ലഭിക്കാത്ത വിത്തുകൾ ഉപയോഗിച്ച് അനധികൃത വ്യാപാരവും കൃഷിയും ചെയ്യുന്നവരെ സർക്കാർ ശിക്ഷിക്കുമെന്നാണ് കമ്പനി വിശ്വസിക്കുന്നതെന്നായിരുന്നു മൊൺസാന്റോ ഇന്ത്യയുടെ വക്താവിന്റെ പ്രതികരണം.
ജിഎം പരുത്തി ഒഴികെയുള്ള, മറ്റ് ജനിതകമാറ്റം വരുത്തിയ വിത്തുകൾക്കൊന്നും തന്നെ ഇന്ത്യ അവയുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനാൽ അംഗീകാരം നൽകിയിട്ടില്ല. എന്നാൽ ഇന്ത്യയിലെ കർഷകർക്കിടയിൽ വ്യാപകമായ അനധികൃത ജിഎം വിത്തുകളുടെ ഉപയോഗം ബൗദ്ധിക സ്വത്തവകാശ ലംഘനമാണെന്ന് വാദിച്ച് വിവിധ ബഹുരാഷ്ട്ര കമ്പനികളും രംഗത്തുണ്ട്.
മൊൺസാന്റോയുടെ ആർആർഎഫ് പരുത്തി വിത്തുകൾ ഉൽപാദനച്ചെലവ് ഒരേക്കറിന് 10,000 രൂപവരെ കുറയ്ക്കുന്നതായി കർഷകർ വ്യക്തമാക്കുന്നു. ഇക്കാരണത്താൽ കർഷക യൂണിയനുകളിൽ നിന്ന് കൃഷിക്കാർക്ക് ഈ അനധികൃത വിത്തുകൾ നടാൻ ശക്തമായ പിന്തുണയും ലഭിക്കുന്നുണ്ട്. തങ്ങളുടെ വിളകൾക്ക് മതിയായ വില ഉറപ്പാക്കാൻ കഴിവില്ലാത്ത മോദി സർക്കാർ ഈ വിത്തുകൾ ഉപയോഗിക്കുന്നത് വിലക്കുന്നതെങ്ങനെ എന്നാണ് കർഷകരുടെ ചോദ്യം.
ഉൽപ്പാദനച്ചെലവ് കുറയ്ക്കുകയും മികച്ച വിളവു തരികയും ചെയ്യുന്ന ഈ വിത്തുകളുടെ സഹായമില്ലെങ്കിൽ റ്റ് പ്രധാന കോട്ടൺ നിർമ്മാതാക്കളായ അമേരിക്ക, ബ്രസീൽ, ഓസ്ത്രേലിയ എന്നിവർ തങ്ങളെ കടത്തിവെട്ടുമെന്നും കർഷക നേതാക്കൾ പറയുന്നു. കഴിഞ്ഞ വർഷം, പരുത്തി വിളവെടുപ്പിനു തൊട്ടുമുമ്പായി മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ പരുത്തിപ്പാടങ്ങളിൽ അനധികൃത ജിഎം വിത്തുകളുടെ സാന്നിധ്യം അധികൃതർ കണ്ടെത്തിയിരുന്നു.
ഇത്തരത്തിലുള്ള വിത്തുകളുടെ വിൽപ്പനയും വ്യാപനവും തടയുന്നതിനായി വിവിധ സംസ്ഥാനങ്ങൾ പരിശോധനാ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ കണ്ണുവെട്ടിക്കാൻ സമാന്തര മാർഗങ്ങൾ തേടുകയാണ് കർഷകർ. ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിൽ രഹസ്യമായി നിർമ്മിക്കുന്ന വിത്തുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തുകയാണെന്നാണ് അധികൃതരുടെ നിഗമനം.
മഹാരാഷ്ട്രയിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 12 ലക്ഷം രൂപ വിലമതിക്കുന്ന വിത്തുകൾ പിടിച്ചെടുത്തിരുന്നു. മഹാരാഷ്ട്രയിലേയും ഗുജറാത്തിലേയും കർഷകർ 30 ശതമാനം പ്രീമിയം നൽകിയാണ് അംഗീകാരമില്ലാത്ത ഈ വിത്തുകൾ സ്വന്തമാക്കുന്നത്. അധികൃതർ കർശന നടപടിയെടുക്കാതെ മടിച്ചു നിൽക്കുമ്പോൾ കർഷകർ ജിഎം സോയാബീൻ, ചോളം, മറ്റു വിളകൾ എന്നിവയും കൃഷി ചെയ്തു തുടങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Also Read: സംസ്ഥാനത്ത് കാർഷിക മേഖലയെ തകർത്തെറിഞ്ഞ് കാലവർഷം; ഹൈറേഞ്ച് മേഖലയിൽ കോടികളുടെ കൃഷിനാശം
Image: pixabay.com
Latest posts by Mannira News Desk (see all)
- Bt. കോട്ടണ് പേറ്റന്റ് കേസില്മോണ്സാന്റോയ്ക്ക് വിജയം - January 8, 2019
- കാലവർഷം കലിതുള്ളുമ്പോൾ കനത്ത തിരിച്ചടിയേറ്റ് കർഷകർ; വിവിധ വിള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് അറിയാം - August 13, 2018
- മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാൻ നടപടി; കൃഷി ഉദ്യോഗസ്ഥരോട് അവധി ദിവസങ്ങളിൽ പ്രവർത്തനസജ്ജരായിരിക്കണമെന്ന് കൃഷി മന്ത്രി - August 13, 2018