ചക്ക പഴയ ചക്കയല്ലായിരിക്കാം; പക്ഷേ വേണ്ടത് ശാസ്ത്രീയ പ്ലാവ് കൃഷി

ചക്ക പഴയ ചക്കയല്ലായിരിക്കാം; പക്ഷേ വേണ്ടത് ശാസ്ത്രീയ പ്ലാവ് കൃഷി. ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതിന്റെ വിപണന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഇനി ശാസ്ത്രീയ പ്ലാവ് കൃഷിയിലേക്ക് കർഷകർ ചുവടുമാറ്റേണ്ടതുണ്ടെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

വരിക്കച്ചക്ക, പഴച്ചക്ക (കൂഴച്ചക്ക) എന്നിവയാണ് കേരളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ടിനം ചക്കകൾ. വരിക്കച്ചക്കയാണ് സ്വാദിലും മധുരത്തിലും മുന്നിൽ. പഴച്ചക്ക കൂടുതൽ മൃദുലമാണ്. പോഷകഗുണങ്ങളുടെ കാര്യത്തിലും രണ്ടും തുല്യരാണ്.

വിത്ത് നട്ട് മുളപ്പിച്ച തൈകളോ ഗ്രാഫ്റ്റ് ചെയ്ത തൈകളോ ആണ് പ്ലാവ് കൃഷിയിൽ നടാൻ ഉപയോഗിക്കുന്നത്. ഇടത്തരം പ്രായമുള്ള പ്ലാവിലെ മൂത്തുപഴുത്ത ചക്കയിലെ കുരുവും വിത്തായി ഉപയോഗിക്കാം. പോളിത്തീൻ സഞ്ചിയിൽ പോട്ടിങ് മിശ്രിതം നിറച്ച് കുരു നട്ടു നനച്ച് തൈകളാക്കി മാറ്റി രണ്ടു മാസത്തിനകം മാറ്റി നടണം.

ഗ്രാഫ്റ്റ് ചെയ്യുമ്പോൾ പോളിത്തിൻകൂടകളിൽ നട്ടുവളർത്തിയ തൈകൾ മുളച്ച് ഒമ്പതു മാസത്തിനുശേഷം ഒട്ടിക്കാം. നല്ലയിനം പ്ലാവിൽനിന്നും കൂടത്തൈയുടെ വണ്ണത്തിനു സമമായ കമ്പുകൾ മുറിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഈ ഭാഗത്തെ ഇല 20 ദിവസം മുമ്പെ നീക്കം ചെയ്തിരിക്കണം. കൂട തൈയുടെ ചുവട്ടിൽനിന്ന് 12‐15 സെ.മീ ഉയരത്തിൽ മുറിച്ചു മാറ്റുക, കുറ്റിയുടെ നടുഭാഗത്തുനിന്ന് താഴോട്ട് ഒന്നര ഇഞ്ച് നീളത്തിൽ പിളർക്കുക എന്നിവയും ശ്രദ്ധിക്കണം.

മുറിച്ചെടുത്ത കമ്പിന്റെ അറ്റം ആപ്പുപോലെ ചെത്തി, പിളർന്ന കുറ്റിച്ചെടിയിൽ ഇറക്കി തടിക്ക് സമമായവിധംവച്ച് വീതികുറഞ്ഞ പോളിത്തിൻ നാടകൊണ്ട് ചുറ്റി ഒട്ടിക്കുക. ഒട്ടിച്ചവ അധികം മഴ കൊള്ളാത്തിടത്ത് വയ്ക്കുക. 15 ദിവസത്തിനുശേഷം പോളിത്തിൻ നാട നീക്കുക. ഏതാണ്ട് രണ്ടു മാസം കഴിയുമ്പോൾ ഒട്ടുകമ്പ് വളർന്നു തുടങ്ങുന്നതോടെ മാറ്റി നടാം.

60‐60‐60 സെ.മീ അളവിൽ കുഴിയെടുത്ത് അതിൽ 10 കി.ഗ്രാം കമ്പോസ്റ്റോ കാലിവളമോ മേൽമണ്ണുമായി കുഴച്ചു നിറച്ച് കൂടയുടെ ആഴത്തിൽ കുഴിയെടുക്കണം. ഈ കുഴിയിൽ കൂട തൈയുടെ കൂട മുറിച്ചുമാറ്റി തൈ നടാം. ആദ്യ വർഷം വേനലിൽ തണൽ നൽക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ തൈകൾ വാടിപ്പോകാൻ സാധ്യതയുണ്ട്. ഗ്രാഫ്റ്റ് തൈകൾ മൂന്നു വർഷംകൊണ്ടും മറ്റുള്ളവ 7 മുതൽ 8 വർഷമെടുത്തും കായ്ച്ചു തുടങ്ങും.

Also Read: കപ്പകൃഷിയിൽ ഇത് മേടക്കപ്പയുടെ കാലം; കപ്പ നടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്

Image: pixabay.com