മലയാളികളുടെ ആരോഗ്യ സംരക്ഷണത്തിൽ ചക്കവിഭവങ്ങൾക്ക് പ്രാധാന്യമേറുന്നു
മലയാളികളുടെ ആരോഗ്യ സംരക്ഷണത്തിൽ ചക്കവിഭവങ്ങൾക്ക് പ്രാധാന്യമേറുന്നു, അന്നജം, ഭക്ഷ്യനാരുകൾ, പൊട്ടാസ്യം എന്നിവയുടെ കലവറയായ ചക്കയുടെ അന്നജമടങ്ങിയ മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച് ഊർജമൂല്യം വളരെ കുറവാണ്. അതിനാൽ ചക്ക സംസ്ക്കരിച്ചുണ്ടാക്കുന്ന വിഭവങ്ങൾക്ക് ആവശ്യക്കാരേറുകയാണ്.
നൂറു ഗ്രാം അരിയിലും ഗോതമ്പിലും 348 കാലറി ഊർജമുള്ളപ്പോൾ ചക്കയിലുള്ളത് 51 കാലറി മാത്രം. ഭക്ഷ്യനാരുകളുടെ സാന്നിധ്യം ഊർജത്തിന്റെ ആഗിരണം സാവധാനത്തിലാക്കുന്നതിനാൽ ശരീരത്തിൽ ഇൻസുലിന്റെ ഉൽപാദനവും അതനുസരിച്ച് ക്രമീകരിക്കപ്പെടും. ഊർജത്തിന്റെ അളവ് കുറവായതിനാൽ ഇൻസുലിന്റെ ആവശ്യകതയും കുറയും.
ചക്ക കഴിച്ചാൽ ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെ വയറു നിറഞ്ഞിരിക്കുന്നുവെന്നു തോന്നലുണ്ടാകും. ചക്കയിലെ ഭക്ഷ്യനാരുകൾ ശരീരത്തിൽനിന്ന് കൊഴുപ്പിനെയും മറ്റു മാലിന്യങ്ങളെയും ആഗിരണം ചെയ്തു പുറന്തള്ളുന്നു. നാല് മാസം മൂപ്പെത്തിയ ചക്കയാണ് സംസ്ക്കരണത്തിന് അനുയോജ്യം.
ചക്കയുടെ സീസൺ സമയത്ത് സംഭരിച്ച ചുളകൾ ഉണക്കിയും ചൂടാക്കിയും അണുനശീകരണം നടത്തി പായ്ക്കറ്റുകളിൽ നിറച്ചും അല്ലെങ്കിൽ ഉപ്പിലിട്ടും സൂക്ഷിക്കാം. ഉണക്കുന്നതിന് സോളാർ ഡ്രയർ, ഇലക്ട്രിക് ഡ്രയർ, കാർഷികാവശിഷ്ടങ്ങൾ ഇന്ധനമാക്കാവുന്ന ഡ്രയർ, ബെൽറ്റ് ഡ്രയർ എന്നിവ ഉപയോഗിക്കാം. ക്ഷതമേൽക്കാത്ത വിധം പറിച്ചെടുത്ത ചക്കയുടെ ചുളകള്‍ അഞ്ച്, ആറു മണിക്കൂറിനുള്ളിൽ ഉണക്കാനിടണം.
അടർത്തിയെടുത്ത് വൃത്തിയാക്കിയ ചുളകൾ ചെറു കഷണങ്ങളാക്കി കുട്ടയിലോ ദ്വാരമുള്ള പാത്രങ്ങളിലോ നിറച്ച് തിളയ്ക്കുന്ന വെള്ളത്തിൽ ഏതാനും മിനിറ്റുകൾ മുക്കി വച്ചതിനുശേഷം ഉടൻ തന്നെ പച്ചവെള്ളത്തിലും മുക്കിയെടുക്കണം. അധികം വെന്തു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അൽപനേരം വെള്ളം വാർന്നു പോകാൻ വച്ചതിനുശേഷം ഡ്രയറിലേക്കു മാറ്റുക.
50–60 ഡിഗ്രി സെൽഷ്യസിലാണ് ചുളകൾ ഉണക്കേണ്ടത്. ഉണക്കിയ ചക്കച്ചുളകൾ പായ്ക്കറ്റുകളിൽ നിറച്ച് വിപണനം ചെയ്യുകയോ പൊടിയാക്കി വിപണിയിലിറക്കുകയോ ചെയ്യാം. ചക്കപ്പൊടി ചേർത്തുണ്ടാക്കുന്ന പുട്ട്, ഉപ്പുമാവ്, ചപ്പാത്തി, ദോശ, ഇഡ്ഡലി, കുക്കീസ്, ബിസ്കറ്റ്, കേക്ക്, മുറുക്ക്, പക്കാവട, സേവ, മിക്സ്ചർ എന്നിവയ്ക്ക് വിപണിയിൽ പ്രചാരമേറുകയാണ്.
Image: pixabay.com
Latest posts by Mannira News Desk (see all)
- Bt. കോട്ടണ്‍ പേറ്റന്റ് കേസില്മോണ്സാന്റോയ്ക്ക് വിജയം - January 8, 2019
- കാലവർഷം കലിതുള്ളുമ്പോൾ കനത്ത തിരിച്ചടിയേറ്റ് കർഷകർ; വിവിധ വിള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് അറിയാം - August 13, 2018
- മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാൻ നടപടി; കൃഷി ഉദ്യോഗസ്ഥരോട് അവധി ദിവസങ്ങളിൽ പ്രവർത്തനസജ്ജരായിരിക്കണമെന്ന് കൃഷി മന്ത്രി - August 13, 2018