കർഷകർക്കായി പ്ലാവിന്റെ മികച്ച ഒട്ടുതൈകൾ അവതരിപ്പിച്ച് പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രം

കർഷകർക്കായി പ്ലാവിന്റെ മികച്ച ഒട്ടുതൈകൾ അവതരിപ്പിച്ച് പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രം. സംസ്ഥാന ഫലമെന്ന പദവി ലഭിച്ച ചക്കയുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പട്ടാമ്പിയിലെ കാര്‍ഷിക ഗവേഷണ കേന്ദ്രം നല്ലയിനം പ്ലാവുകളില്‍നിന്ന് ഒട്ടുതൈകള്‍ ഉണ്ടാക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്.

നിലവിലുള്ള ഗ്രാഫ്റ്റ് രീതിയില്‍ വിജയ ശതമാനം 60 ആയിരുക്കുമ്പോൾ പുതിയ സാങ്കേതിതവിദ്യ ഉപയോഗിച്ച് 95 ശതമാനവും വിജയം നേടാമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞന്‍ ഡോ. പി.പി. മൂസ പറഞ്ഞു. വലുപ്പമുള്ള പുതിയ ചക്കക്കുരു തിരഞ്ഞെടുത്ത് മുളപ്പിച്ച് തൈയ്ക്ക് ഏകദേശം 10 സെന്റിമീറ്റര്‍ വലുപ്പമാവുമ്പോള്‍ ആവശ്യമായ പ്ലാവിനത്തിന്റെ 30 സെന്റിമീറ്റര്‍ വലുപ്പമുള്ള കമ്പെടുത്ത് ഒട്ടിക്കുകയാണ് ഈ രീതിയിൽ ചെയ്യുന്നത്.

തേന്‍വരിക്ക, മുട്ടന്‍വരിക്ക, സിംഗപ്പൂര്‍ ജാക്ക്, ചെമ്പകവരിക്ക എന്നിവയാണ് ഇപ്രകാരം ഒട്ടിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ ഇവ കൃഷിയിടങ്ങളില്‍ നടാന്‍ പാകത്തിനുള്ള തൈകളായി മാറുന്നു. ഇക്കുറി 10,000 തൈകളാണ് ഗവേഷണ കേന്ദ്രത്തിൽ ഉണ്ടാക്കുകയെന്നും അധികൃതർ അറിയിച്ചു. ഒന്നിന് 75 രൂപയാണ് വില. ഈ വർഷം അഞ്ചു ലക്ഷം രൂപയുടെ തൈകൾ ഇവിടെ തയ്യാറാക്കാനാണ് പദ്ധതിയെന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി എം.സി. നാരായണന്‍കുട്ടി പറഞ്ഞു.

Also Read: കാർഷിക വിജ്ഞാനം ഇനി വിരൽത്തുമ്പിൽ; കാർഷിക രംഗത്ത് ഐടിയുടെ സാധ്യതകളുമായി കേരള കാർഷികസർവകലാശാലയുടെ ഇ ലേണിങ് സെന്റർ

Image: pixabay.com