ആകെയുള്ളത് 50 സെന്റ് സ്ഥലം; കൃഷിയാകട്ടെ മുല്ലയും നാരകവും; എന്നിട്ടും മുത്തുവിന്റെ ഒരു വർഷത്തെ വരുമാനം നാലു ലക്ഷത്തോളം!

ആകെയുള്ളത് 50 സെന്റ് സ്ഥലം; കൃഷിയാകട്ടെ മുല്ലയും നാരകവും; എന്നിട്ടും മുത്തുവിന്റെ ഒരു വർഷത്തെ വരുമാനം നാലു ലക്ഷത്തോളം! തമിഴ്‌നാട് ധര്‍മപുരിക്ക് സമീപം നഗതസംപട്ടി സ്വദേശിയായ സഎന്‍.കെ.പി മുത്തു എന്ന കർഷകനാണ് കൃഷിയിടത്തിന്റെ പരിമിതികളെ നേട്ടമാക്കി മാറ്റുന്നത്. അമ്പതു സെന്റില് മുല്ലപ്പൂവും നാരകവുമാണ് മുത്തുവിന്റെ കൃഷി.

കൃഷിയില്‍ ലാഭമുണ്ടാകണമെങ്കില്‍ ജോലിക്കാരെ ആശ്രയിക്കാതെ നേരിട്ട് മണ്ണിലിറങ്ങണമെന്നാണ് മുത്തുവിന്റെ ഉപദേശം. ചാണകവും മൂത്രവും ഉള്‍പ്പെടെ ഉപയോഗിച്ചു നിര്‍മിക്കുന്ന ജൈവവളവും ആട്ടിന്‍ കാഷ്ടവും നിലക്കടലയും വേപ്പിന്‍ പിണ്ണാക്കുമാണ് വളമായി ഉപയോഗിക്കുന്നത്. ഇതിനായി അഞ്ചു കാളകളെയും അഞ്ചു ആടുകളെയും കൃഷിയിടത്തിൽ വളര്‍ത്തുന്നുണ്ട്.



നാരങ്ങാ വിളവെടുപ്പുകാലത്ത് ഉരുണ്ടതും നീരുള്ളതും വലുതും കുത്തുകളും മുറിപ്പാടുകളും ഇല്ലാത്തതും മിനുസമുള്ളതുമായ നാരങ്ങകൾ വിപണിയിലെത്തിക്കാൻ മുത്തു പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരു വര്‍ഷം 5,000 നാരങ്ങകള്‍ ഒരു നാരകമരത്തിൽ നിന്ന് മാത്രം ലഭിക്കാറുണ്ട്. അടുത്തുള്ള പ്രാദേശിക ചന്തകളിലാണ് ഈ നാരങ്ങകൾ എത്തിക്കുന്നത്.

ഒന്നര മുതല്‍ രണ്ടു രൂപവരെയാണ് ഒരു നാരങ്ങയുടെ വില. ഒരു ദിവസം ശരാശരി 1500നും 2000നും ഇടയില്‍ വരുമാനം നാരങ്ങമാത്രം നേടിത്തരുന്നതായി മുത്തു പറയുന്നു. മുല്ലപ്പൂവാകട്ടെ സീസൺ സമയത്ത് കിലോയ്ക്ക് 300 രൂപവരെ ലഭിക്കും. 25 സെന്റ് സ്ഥലത്താണ് നാരകം കൃഷി ചെയ്യുന്നത്. നാരകങ്ങള്‍ക്കിടയില്‍ നിലക്കടലയും ഇടവിളയായി ഇദ്ദേഹം കൃഷി ചെയ്യുന്നു.

Also Read: ഞാറ്റുവേല കൃഷിമേളയില്‍ താരമായി വിയറ്റ്നാം പ്ലാവ്; ഇനി വർഷത്തിൽ എല്ലാ ദിവസവും ചക്ക

Image: pixabay.com